ഡെറാഡൂണ്‍: സ്വദേശി ഉത്പന്നങ്ങള്‍ ലോകമെങ്ങും എത്തണമെന്ന സന്ദേശവുമായി ഉത്തരാഖണ്ഡിലെ ആഗോള നിക്ഷേപക സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വോക്കല്‍ ഫോര്‍ ലോക്കല്‍, ലോക്കല്‍ ഫോര്‍ ഗ്ലോബല്‍ എന്നതായിരിക്കണം മന്ത്രമെന്ന് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
വീട്ടമ്മമാര്‍ ലക്ഷാധിപതികളാകണമെന്നാണ് ആഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് കോടി ഗ്രാമീണ വനിതകളെ ലക്ഷാധിപതികളാക്കി വളര്‍ത്തുന്ന ലാഖ്പതി ദീദി അഭിയാന് വരും നാളുകളില്‍ പ്രഖ്യാപിക്കും. അത് പക്ഷേ എളുപ്പത്തില്‍ നടപ്പാവുന്ന ദൗത്യമല്ല. എന്നാല്‍ നിക്ഷേപകരുടെ സഹകരണം അതിന് സഹായകമാകും, അദ്ദേഹം പറഞ്ഞു. സമൃദ്ധഭാരതം സുസ്ഥിരത ആഗ്രഹിക്കുന്നതിന്റെ അടയാളമാണ് തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
സ്വദേശി ഉത്പന്നങ്ങള്‍ ലോകമെങ്ങുമെത്തണമെന്ന ആഹ്വാനം നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമൂഴത്തില്‍ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായി ഉയരുമെന്ന് ഉറപ്പ് നല്കുന്നു, മോദി പറഞ്ഞു. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കാന്‍ വ്യവസായികള്‍ സന്നദ്ധരാകണം. വിതരണ ശൃംഖല ശക്തമാക്കണം. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് എല്ലാ കാര്യങ്ങളിലും പരമാവധി കുറയ്ക്കാന്‍ നമുക്ക് കഴിയണം.
ഭാരതത്തിന്റെ തനത് വികസനം സംഭവിച്ചിട്ട് വളരെക്കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 13 കോടി ജനങ്ങള്‍ ദാരിദ്ര്യമുക്തരായി. നമ്മുടെ സാമ്പത്തികരംഗം മെച്ചപ്പെട്ടു. നിക്ഷേപത്തിന് അനുഗുണമായ സാഹചര്യങ്ങള്‍ നമ്മുടെ സംസ്ഥാനങ്ങളില്‍ സാധ്യമായി. ഉത്തരാഖണ്ഡിലെ ഗ്രാമീണറോഡുകളുടെ വികസനം വളരെ വേഗതയിലാണ് പൂര്‍ത്തിയാകുന്നത്. ദല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്ക് ദല്‍ഹി-ഡെറാഡൂണ്‍ എക്സ്പ്രസ് പാതയിലൂടെ വെറും രണ്ട് മണിക്കൂര്‍ കൊണ്ടെത്താവുന്ന കാലം അധികം ദൂരെയല്ല. എല്ലാ റെയില്‍പാതകളും ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഒരോ നിക്ഷേപകനും സുവര്‍ണാവ സരങ്ങളുടെ പാതകളാണ് ഇതുവഴിയെല്ലാം ഒരുങ്ങുന്നത്. ഉത്തരാഖണ്ഡില്‍ പരമാവധി നേട്ടങ്ങളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. പ്രകൃതി, സംസ്കൃതി, പൈതൃകം, യോഗ തുടങ്ങി സാധ്യതകളുടെ പര്വതശൃംഗങ്ങളുള്ള മണ്ണാണ് ഉത്തരാഖണ്ഡിന്റേത്, നരേന്ദ്രമോദി പറഞ്ഞു.
പരിപാടിക്ക് മുന്നോടിയായി അദ്ദേഹം ഡെറാഡൂണില്‍ റോഡ്ഷോ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: