തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഈ മാസം 19 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന് ഇ ഡി നോട്ടീസ്. ഇത് മൂന്നാം തവണയാണ് വര്‍ഗീസിനെ ചോദ്യം ചെയ്യാന്‍ ഇ ഡി വിളിപ്പിക്കുന്നത്.
നവംബര്‍ 24 നും ഡിസംബര്‍ ഒന്നിനും വര്‍ഗീസിനെ ചോദ്യം ചെയ്തു. ഡിസംബര്‍ 7 ന് ഹാജരാകാനാണ് ആദ്യം നിര്‍ദ്ദേശിച്ചത്. തൃശ്ശൂരില്‍ നവകേരള സദസ് നടക്കുന്നതിനാല്‍ അന്ന് എത്താനാകില്ലെന്ന് വര്‍ഗീസ് അറിയിച്ചു. തുടര്‍ന്നാണ് 19 ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. സിപിഎം ജില്ലാക്കമ്മിറ്റിയുടെ കണക്കുകള്‍ ഹാജരാക്കണമെന്ന് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. 19 ന് വരുമ്പോള്‍ കണക്ക് കൊണ്ടുവരണമെന്നും വര്‍ഗീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളുടെ വിവരം മാത്രമാണ് ഇതുവരെ കൈമാറിയിട്ടുള്ളത്. ജില്ലാ കമ്മിറ്റിയുടെ വരവ് ചെലവ് കണക്കുകളും ബാലന്‍സ് ഷീറ്റും വേണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടത്.
കണക്കുകള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണം എന്നാണ് വര്‍ഗീസ് നേരത്തെ നല്കിയ മൊഴിയില്‍ പറഞ്ഞത്. കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് നാല് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായി കഴിഞ്ഞ ദിവസം ഇ ഡി കോടതിയെ അറിയിച്ചു. ഈ അക്കൗണ്ടുകളില്‍ 50 ലക്ഷം രൂപയിലേറെ വിനിമയം ചെയ്യപ്പെട്ടിട്ടുണ്ട്. ബാങ്കിലെ ക്രമക്കേട് പുറത്തുവന്ന ഉടന്‍ ഈ അക്കൗണ്ടുകളിലെ തുക പിന്‍വലിച്ചു. പാര്‍ട്ടിയുടെ രണ്ട് ലോക്കല്‍ കമ്മിറ്റികളാണ് ഈ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്. വ്യാജവായ്പകള്‍ അനുവദിക്കുന്നതിന് പാര്‍ട്ടി കമ്മിഷന് കൈപ്പറ്റിയിട്ടുണ്ട.് കമ്മിഷന് തുക ഈ അക്കൗണ്ടുകളിലേക്കാണ് നല്‍കിയിരുന്നത്.
അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിമാര്‍ വ്യാജ വായ്പകള്‍ അനുവദിക്കുന്നതിന് പാര്‍ട്ടി രൂപീകരിച്ച സബ് കമ്മിറ്റികളില്‍ അംഗങ്ങളായിരുന്നുവെന്നും കണ്ടെത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ. ചന്ദ്രനായിരുന്നു സബ്കമ്മിറ്റിയുടെ നേതൃത്വം. പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് എറണാകുളം പിഎംഎല്‍എ കോടതിയില്‍ ഇ ഡി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: