ന്യൂദല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി.ചോദ്യത്തിന് കോഴ വിഷയത്തില്‍ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് പുറത്താക്കല്‍.
വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ലോക്‌സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
നേരത്തേ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ പ്രതിപക്ഷം സമയം തേടി. മൊയ്ത്രയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ എംപിമാര്‍ക്ക് മതിയായ സമയം നല്‍കണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടു.
എത്തിക്‌സ് പാനല്‍ കണ്ടെത്തലുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍, റിപ്പോര്‍ട്ടിനെക്കുറിച്ച് ടിഎംസി എംപി മഹുവ മൊയ്ത്രയ്‌ക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് അധീര്‍ രഞ്ജന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസും സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
രാവിലെ സഭ സമ്മേളിച്ചപ്പോള്‍ തന്നെ മൊഹുവ മൊയ്ത്ര വിഷയം ഉയര്‍ത്തി പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് സഭ 12 മണി വരെ നിര്‍ത്തി വച്ചു.പിന്നീട് 12 മണിക്ക് സഭ ചേര്‍ന്നപ്പോഴും ബഹളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഉച്ചയ്‌ക്ക് രണ്ട് മണി വരെ നിര്‍ത്തിവച്ചു. ഉച്ചയ്‌ക്ക് ശേഷം സഭ ചേര്‍ന്നപ്പോഴാണ് പുറത്താക്കിയത്.
അദാനിക്കെതിരെ സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ വ്യവസായിയില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചെന്നാണ് മൊഹുവ മൊയ്ത്രയ്‌ക്കെതിരായ കുറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: