ജമ്മുകശ്മീരിന്റെ കാര്യത്തില്‍ വീണ്ടും വലിയൊരു ചുവടുവയ്പ്പു കൂടി കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ജമ്മുകശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലും ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലും ലോക്സഭ പാസ്സാക്കിയിരിക്കുന്നു. ഇതനുസരിച്ച് അഭൂതപൂര്‍വമായ മാറ്റങ്ങളാണ് ഈ സംസ്ഥാനത്ത് ഉണ്ടാകാന്‍ പോകുന്നത്. പാക് അധിനിവേശ കശ്മീരില്‍നിന്ന് എത്തുന്നവര്‍ക്ക് ജമ്മുകശ്മീര്‍ നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന നിര്‍ണായകമായ നടപടി ഇതിലൊന്നാണ്. സംവരണാവകാശം കൂടുതല്‍ പേര്‍ക്ക് ലഭ്യമാകുന്നതു വഴി കഴിഞ്ഞ എഴുപത് വര്‍ഷമായി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് അത് തിരിച്ചുനല്‍കുകയാണ്. ഭീകരവാദത്തിന്റെ ഫലമായി കശ്മീരില്‍നിന്ന് പലായനം ചെയ്ത സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീ അടക്കമുള്ള രണ്ടുപേരെ ജമ്മുകശ്മീര്‍ നിയമസഭയിലേക്ക് നോമിനേറ്റു ചെയ്യും. പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലടക്കം കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഇനിമുതല്‍ സംവരണം ലഭിക്കും. ജമ്മുകശ്മീരിലെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം വ്യവസ്ഥ ചെയ്തിരിക്കുകയാണ്. ജമ്മു കശ്മീരിലെ എല്ലാ ജനവിഭാഗത്തിനും സാമൂഹ്യ നീതിയും അര്‍ഹമായ പ്രാതിനിധ്യവും ഉറപ്പുവരുത്തുന്നതാണ് രണ്ട് ബില്ലുകളും. വൈകാതെ തന്നെ രണ്ട് ബില്ലുകളും നിയമമാവും.
ലോക്സഭയില്‍ ഈ ബില്ലുകള്‍ അവതരിപ്പിച്ചുകൊണ്ടും ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടും ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. കശ്മീരിന്റെ എല്ലാ ദുഃസ്ഥിതിക്കും കാരണം കോണ്‍ഗ്രസ്സ് രാജ്യം ഭരിച്ചതാണെന്ന് ഷാ തുറന്നടിച്ചു. ഭീകരവാദത്തിനെതിരെ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ യഥാസമയം ശക്തമായ നടപടികളെടുത്തിരുന്നെങ്കില്‍ കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് അവിടെനിന്ന് പലായനം ചെയ്യേണ്ടി വരില്ലായിരുന്നുവെന്നു പറഞ്ഞ ഷാ, ഒന്നരലക്ഷത്തോളം പേര്‍ക്കാണ് ഭീകരവാദംകൊണ്ട് ദുരിതമനുഭവിക്കേണ്ടി വന്നതെന്നും ചൂണ്ടിക്കാട്ടി. പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ ഭാരതസൈന്യം മുന്നേറുമ്പോള്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് കശ്മീരിന്റെ ഒരു ഭാഗം നമുക്ക് നഷ്ടപ്പെടാനിടയായതെന്നും അമിത് ഷാ പറഞ്ഞു. കശ്മീരിന്റെ കാര്യത്തില്‍ നെഹ്റു കാണിച്ച മണ്ടത്തരങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള ഷായുടെ പ്രസംഗം പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങളെ ഞെളിപിരികൊള്ളിച്ചു. ഈ വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ ഒരുക്കമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. നെഹ്റുവിന്റെ മറ്റ് ഹിമാലയന്‍ മണ്ടത്തരങ്ങളെക്കുറിച്ചുകൂടി പറയണമെന്ന് ഒരംഗം നിര്‍ദേശിച്ചപ്പോള്‍ അങ്ങനെ ചെയ്താല്‍ പ്രതിപക്ഷം മുഴുവന്‍ രാജിവച്ച് പോകുമെന്നാണ് ഷാ പറഞ്ഞത്.
പാക്കധീന കശ്മീരിലുള്ളവര്‍ക്ക് നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലൂടെ വലിയൊരു നയപ്രഖ്യാപനം തന്നെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. പാകിസ്ഥാന് അനധികൃതമായി കൈവശംവച്ചിരിക്കുന്ന ഈ പ്രദേശം ഭാരതത്തിന്റെതാണെന്നും, അത് വീണ്ടെടുക്കുമെന്നുമുള്ള വ്യക്തമായ സന്ദേശമാണ് അമിത്ഷാ നല്‍കിയിരിക്കുന്നത്. പാക്കധീന കശ്മീര്‍ വീണ്ടെടുക്കണമെന്ന് പി.വി. നരസിംഹറാവു സര്‍ക്കാരിന്റെ ഭരണകാലത്ത് പാര്‍ലമെന്റ് ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയതാണ്. എന്നാല്‍ പിന്നീട് ഒന്നരപ്പതിറ്റാണ്ടോളം ഭരിക്കാന്‍ അവസരം കിട്ടിയിട്ടും ഒരു ചുവടുപോലും മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി പാകിസ്ഥാനെ പ്രീണിപ്പിക്കുന്ന നയംകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഭാരതത്തോട് ചേരണമെന്നാണ് പാക്കധീന കശ്മീരിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. പാക് ഭരണകൂടം ഇക്കാരണത്താല്‍ അവരെ അടിച്ചമര്‍ത്തുകയാണ്. ലഭിക്കുന്ന ആദ്യത്തെ അവസരം ഉപയോഗിച്ച് അവര്‍ ഭാരതത്തോട് ചേരുമെന്ന കാര്യം ഉറപ്പാണ്. ഇപ്പോള്‍തന്നെ ഭാരതത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രകടനങ്ങളും മറ്റും അവിടെ ഇടയ്ക്കിടെ നടക്കുകയും ചെയ്യുന്നുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കം പാക്കധീന കശ്മീരിലെ ജനങ്ങള്‍ക്ക് ആവേശം പകരുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: