ന്യൂദല്‍ഹി: കോണ്‍ഗ്രസും ഇന്‍ഡി സഖ്യവും വിഭജനരാഷ്ട്രീയത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
മതാധിഷ്ഠിത വിഭജന രാഷ്ട്രീയം ഫലിക്കാതെ വന്നപ്പോള്‍ അവര്‍ ജാതി അധിഷ്ഠിത വിഭജന രാഷ്ട്രീയത്തിലേക്ക് കടന്നു. ഇപ്പോള്‍ അതും വിജയിക്കാതെ വന്നപ്പോള്‍ ഉത്തര ഭാരതത്തെയും ദക്ഷിണ ഭാരതത്തെയും വിഭജിക്കുകയെന്ന പുതിയ തന്ത്രം കണ്ടെത്തിയിരിക്കുകയാണ്.
ബിജെപി മുക്ത ദക്ഷിണ ഭാരതമെന്ന പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ ചങ്ങാതിമാര്‍. ദക്ഷിണ ഭാരതത്തില്‍ ബിജെപിക്ക് എംപിമാരും എംഎല്എമാരുമുണ്ടെന്ന കാര്യം അവര്‍ മറക്കുകയാണെന്നും ബിജെപി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഒബിസി സംവരണത്തെയും ഒബിസി വിഭാഗങ്ങള്‍ക്ക് ഭരണഘടനാ പദവി നല്‍കുന്നതിനെയും എതിര്‍ത്ത പാര്‍ട്ടിയാണ് ഇന്ന് നാണമില്ലാതെ ഒബിസി വിഭാഗങ്ങളെക്കുറിച്ചും ജാതി സെന്‍സസിനെക്കുറിച്ചും സംസാരിക്കുന്നത്. കോണ്‍ഗ്രസും ഇന്‍ഡി സഖ്യത്തിലെ മറ്റു പാര്‍ട്ടികളും തീവ്രവാദത്തെ വെള്ളപൂശുകയാണ്. കേരളത്തിലെ ഭരണകക്ഷിയും ഇന്‍ഡി സഖ്യത്തിലെ അംഗവുമായ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഹമാസിനെ പിന്തുണക്കുന്ന സമ്മേളനങ്ങള്‍ നടത്തിയതായും അദ്ദേഹം ആരോപിച്ചു.
ഇതേ കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്‍ഡി സഖ്യവുമാണ് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയെക്കുറിച്ച് വീമ്പിളക്കിയത്. 55 വയസുള്ള രാഹുല്‍ഗാന്ധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഭാരതത്തിന്റെ ജനാധിപത്യവും ഭരണഘടനയും ഭീഷണിയിലാണെന്ന് പ്രചരിപ്പിക്കുകയുമാണ്. കോണ്‍ഗ്രസിന്റെയും ഇന്‍ഡി സഖ്യത്തിന്റെയും വിഭജനതന്ത്രത്തെ കരുതിയിരിക്കണമെന്നും ചെറുത്തുതോല്‍പ്പിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: