മാറനല്ലൂര്‍/ തിരുവനന്തപുരം: കണ്ടല സഹ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ബാങ്ക് സെക്രട്ടറി, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുന്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ഇ ഡി നോട്ടീസ് നല്കി.
ഇവര്‍ ഇന്ന് ഹാജരാകണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമായപക്ഷം എറണാകുളത്ത് തന്നെ തുടരേണ്ടി വരും. അതേസമയം മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ അന്വേഷണം തുടര്‍ന്നാല്‍ നടപടി എടുക്കാന്‍ സിപിഎം നിര്‍ബന്ധിതമാകും. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
ചിട്ടി, വായ്പ, ബാങ്ക് നിക്ഷേപം ഉള്‍പ്പെടെ മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാര്‍ രേഖകള്‍ ഹാജരാക്കണമെന്നാണ് ഇ ഡി നിര്‍ദേശം. സുരേഷിന്റെ പേരില്‍ കാട്ടാക്കട മണ്ഡലത്തില്‍ ഉള്‍പ്പെടെ നിരവധി ഇടങ്ങളില്‍ ഭൂസ്വത്തുക്കളുണ്ട്. ഇതിന്റെ ഇടപാടുകളെ കുറിച്ചും ഇ ഡി പരിശോധന തുടങ്ങിയതായാണ് വിവരം.
ഒരു പ്രമാണം വച്ച് ഒന്നിലധികം വായ്പ എടുത്തവരുടെ മുഴുവന്‍ രേഖകളും ഹാജരാക്കണം എന്നാണ് ബാങ്ക് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. രേഖകള്‍ പരിശോധിച്ച് പൂര്‍ത്തീകരിക്കുന്നത് വരെയും ശേഷമുള്ള ചോദ്യംചെയ്യല്‍, മൊഴിയെടുപ്പ് എന്നിവയ്ക്കായി സെക്രട്ടറി ഇ ഡി ഓഫീസ് പരിസരത്ത് തുടരണം.
ബാങ്ക് കളക്ഷന്‍ ഏജന്റ്, മുന്‍ ബോര്‍ഡ് അംഗങ്ങളില്‍ ചിലര്‍ എന്നിവര്‍ക്കും മുന്‍ മാറനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനും ബാങ്ക് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇ ഡി ഹാജരാകാന്‍ പറഞ്ഞിട്ടുള്ള ആളുകളും ഭാസുരാംഗനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ എന്തെന്നതും ഇവരുടെ വരുമാന സ്രോതസ്സുകളെക്കുറിച്ചും അന്വേഷണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: