ഹൈദരാബാദ്: തെലങ്കാനയിലെ തെരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ബിആർഎസിനെ ബഹുദൂരം പിന്നിലാക്കി കോൺഗ്രസ് വിജയത്തിലേക്ക് അടുത്തു. ആകെ 119 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിൽ 66 സീറ്റുകളിൽ കോൺഗ്രസിന് ലീഡുണ്ട്. കോൺഗ്രസിനെ പരാജയപ്പെടുത്തി മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബിആർഎസിന് ഒരു ഘട്ടത്തിലും ലീഡ് ഉയർത്താനായില്ല.
ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ ശക്തമായി പ്രതിഫലിച്ചെന്നാണ് വിലയിരുത്തൽ. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനും അടിപതറി. കാമറെഡ്ഡി, ഗജ്വാൽ മണ്ഡലങ്ങളിലാണ് കെ സി ആർ ജനവിധി തേടിയത്. രണ്ടിടത്തും അദ്ദേഹം ഏറെ പിന്നിലാണ്. തെലങ്കാന രൂപീകൃതമായതിന് ശേഷമുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. കോൺഗ്രസിനെ പരാജയപ്പെടുത്തി മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിലായിരുന്നു ബിആർഎസ്.
119 നിയമസഭാ സീറ്റുകളുള്ള തെലങ്കാനയിൽ നവംബർ 30 ന് നടന്ന വോട്ടെടുപ്പിൽ 71.34 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പുറത്തു വന്ന ഭൂരിഭാഗം എക്സിറ്റ്പോളുകളും കോൺഗ്രസിനാണ് ജയം പ്രവചിച്ചത്. ഇത് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന ഫലസൂചനകളാണ് പുറത്തു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: