ജന്മദിന സംസ്‌കാരം
വ്രതധാരണത്തിനായി ഏതു വ്രതമാണ് (സദ്ഗുണമാണ്) സ്വീകരിക്കാന്‍ പോകുന്നതെന്ന് നേരത്തേ നിശ്ചയിച്ചിരിക്കണം.
വിശേഷാല്‍ കര്‍മ്മകാണ്ഡം
മറ്റു സംസ്‌കാരങ്ങളിലെന്നപോലെ മംഗളാചരണം മുതല്‍ രക്ഷാവിധാനം വരെയുള്ള വിധികള്‍ ചെയ്യുക. അതിനുശേഷം യഥാക്രമം ഈ കര്‍മ്മകാണ്ഡങ്ങള്‍ ചെയ്യിക്കുക.
പഞ്ചതത്വപൂജനം
ശിക്ഷണവും പ്രേരണയും: ശരീരം പഞ്ചതത്ത്വങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ഈ ലോകത്തിലെ ഓരോ പദാര്‍ത്ഥവും ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ അഞ്ചു തത്ത്വങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. അതിനാല്‍ ഈ സൃഷ്ടിയുടെ അടിസ്ഥാനപരമായ ഈ അഞ്ചു ദിവ്യതത്ത്വങ്ങള്‍തന്നെയാണ് ദേവന്മാര്‍. ഉപകാരം ചെയ്യുന്നവരോട് അന്തഃകരണത്തില്‍ കൃതജ്ഞതാഭാവം പുലര്‍ത്തുക ഭാരതീയസംസ്‌കാരത്തിന്റെ അവിച്ഛിന്നഭാഗമാണ്. ഉപകാരം ചെയ്യുന്ന ജഡവും ചേതനവുമായ സകലതിനോടും കൃതജ്ഞതാഭാവം കാട്ടാന്‍വേണ്ടി പൂജ എന്ന പ്രക്രിയയെ അവലംബിക്കുന്നു. പൂജകൊണ്ട് ഈ ജഡപദാര്‍ത്ഥങ്ങള്‍ക്കും അദൃശ്യശക്തികള്‍ക്കും, സ്വര്‍ഗ്ഗീയാത്മാക്കള്‍ക്കും പ്രയോജനം ലഭിക്കുന്നില്ലെങ്കില്‍ത്തന്നെയും നമ്മുടെ പ്രസുപ്തമായ കൃതജ്ഞതാഭാവം ജാഗൃതമാകുന്നതുമൂലം നമ്മുടെ ആന്തരികമായ ഉല്‍കൃഷ്ടത വര്‍ദ്ധിക്കുന്നു. ലോകത്തിന്റെ ആധാരമായി നിലകൊള്ളുന്നുന്നുവെന്ന മഹിമയെ ആദരിക്കാന്‍വേണ്ടി പഞ്ചതത്വങ്ങളെ പൂജിക്കുന്നു.
ഈ പൂജയുടെ മറ്റൊരു ഉദ്ദേശ്യം അഞ്ചു തത്ത്വങ്ങളുടെയും ഉപയോഗം ശരിയായ വിധത്തില്‍ വേണം ചെയ്യേണ്ടതെന്ന കാര്യത്തില്‍ ശ്രദ്ധിക്കണം എന്നതാണ്. ഏതു തത്ത്വങ്ങള്‍കൊണ്ടാണോ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്, അവയുടെ ഉപയോഗം ശരിയായ രീതിയില്‍ ചെയ്തുകൊണ്ടിരുന്നാല്‍ ഒരിക്കലും അസുഖം ഉണ്ടാകുവാന്‍ ഇടയാകുകയില്ല. ഭൂമിയില്‍നിന്നുണ്ടാകുന്ന അന്നം എത്രമാത്രം, എപ്പോള്‍, എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ വയറ്റില്‍ അസുഖം ഉണ്ടാകുകയില്ല. വയറ്റിലെ അസുഖമാണ് സകല രോഗങ്ങള്‍ക്കും കാരണം. ആഹാരത്തിന്റെ സാത്വികത്വം, അളവ്, കൈകാര്യരീതി എന്നിവയില്‍ ശ്രദ്ധിച്ചാല്‍ അജീര്‍ണ്ണം സംഭവിക്കുകയോ, രോഗസാദ്ധ്യത ഉണ്ടാകുകയോ ഇല്ല. വെള്ളത്തിന്റെ സ്ഥാനശുദ്ധി, തുണികള്‍ പാത്രങ്ങള്‍ വീട് മുതലായവയുടെ വൃത്തി, വെള്ളത്തിന്റെ ശരിയായ ഉപയോഗം എന്നീ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ സകലതും ശുദ്ധിയായിരിക്കുകയും ചെയ്യും. ശരീരത്തിന് സൂര്യന്റെ ചൂട് നല്‍കുക. വസ്ത്രങ്ങള്‍ വെയിലത്ത് ഉണക്കുക; വീട്ടിനുള്ളില്‍ സൂര്യന്റെ ചൂട് കടക്കാന്‍ അനുവദിക്കുക എന്നിവ അഗ്‌നി തത്ത്വത്തിന്റെ ഉപയോഗമാണ്. ആവിയില്‍ ആഹാരം പാകം ചെയ്യുന്നത് അഗ്‌നിയുടെ ശരിയായ ഉപയോഗമാണ്. ബ്രഹ്മചര്യം മുഖേന ശരീരത്തില്‍ അഗ്‌നി ശരിയായി സൂക്ഷിക്കപ്പെടുകയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശുദ്ധവായു ശ്വസിക്കുക, തുറസ്സായ സ്ഥലത്ത് താമസിക്കുക, പ്രഭാതനടത്തം, പ്രാണായാമം, അഴുക്കുകള്‍കൊണ്ട് വായു മലിനപ്പെടുത്താതിരിക്കുക മുതലായവ വായുവുമായുള്ള സ്‌നേഹബന്ധമാണ്. ആകാശത്തിന്റെ തുറസ്സില്‍ വിചാരതരംഗങ്ങള്‍ പോലുള്ള അനേകം സൂക്ഷ്മതത്വങ്ങള്‍ നിറഞ്ഞുകിടപ്പുണ്ട്. ഇവ നമ്മുടെ അന്തഃകരണത്തെ ഉള്‍കൃഷ്ടതയിലേയ്‌ക്കു നയിക്കാന്‍ ഉതകുമെന്ന് അറിയുകയും മനസ്സിലാക്കുകയും ചെയ്ത് ഇവയെ മാനസികതലത്തിലും ഭാവനാതലത്തിലും ഗ്രഹിക്കുന്നത് ആകാശതത്ത്വത്തെ ഉപയോഗപ്പെടുത്തലാണ്. ഈ സദുപയോഗം മുഖേന നമുക്ക് നമ്മുടെ ശാരീരികവും മാസികവുമായ ആരോഗ്യം ദിനംപ്രതി വര്‍ദ്ധിപ്പിക്കാനും സുഖശാന്തിയുടെയും സമൃദ്ധിയുടെയും മാര്‍ഗ്ഗം തെളിക്കുവാനും സാധിക്കും. പഞ്ചതത്വപൂജനം ഈ സദുപയോഗങ്ങളിലൂടെ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.
ശരീരം പഞ്ചഭൂതനിര്‍മ്മിതമാകയാല്‍ ഇതു ജരാനരകള്‍ക്കു വിധേയമാണെന്ന് ഓര്‍മ്മിക്കണം എന്നതാണ് മൂന്നാമത്തെ ശിക്ഷണം. ഇത് ഒരു വാഹനമാണ്; മാദ്ധ്യമമാണ്. ജഡമായതിനാല്‍ ഇതിനു പ്രാധാന്യം കുറവാണ്. ഇതിനെ ഒരു ഉപകരണമോ ആയുധമോ ആയി കണക്കാക്കിയാല്‍ മതി. ആത്മാവിന്റെ ലക്ഷ്യം പിന്നോക്കമാകുമാറ് ശരീരത്തിന്റെ സുഖസൗകര്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും പ്രാധാന്യം നല്‍കരുത്. ആത്മാവിന്റെ ഉന്നതിക്കുവേണ്ടിയാണ് പഞ്ചഭൂതനിര്‍മ്മിതമായ ഈ ശരീരം ലഭിച്ചിരിക്കുന്നത്. അതിനാല്‍ ഈ നിര്‍ദ്ദിഷ്ട ഉദ്ദേശസാദ്ധ്യത്തിനായി ഇതിനെ സദുപയോഗപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: