അഭിനയത്തിന് പുറമെ തന്റെ വ്യകതിത്വം കൊണ്ടൊക്കെ കയ്യടി നേടിയിട്ടുള്ള താരമാണ് ഖുശ്‌ബു. സിനിമയ്‌ക്ക് അകത്തും പുറത്തും തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയാൻ നടി മടികാണിക്കാറില്ല. അടുത്തിടെ സ്വന്തം അച്ഛനെതിരെയടക്കം ഖുശ്‌ബു നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയായി മാറിയിരുന്നു. എട്ടു വയസ്സു മുതൽ 15 വയസ്സുവരെ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഖുശ്‌ബു നടത്തിയത്.
ഇപ്പോഴിതാ ബർക്ക ദത്തുമായുള്ള മറ്റൊരു അഭിമുഖത്തിൽ ഇതേക്കുറിച്ച് ഖുശ്‌ബു പറഞ്ഞ കൂടുതൽ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ് അതെന്നും തന്റെ കുഴിമാടം വരെ അത് പിന്തുടരുമെന്നും ഖുശ്‌ബു പറയുന്നു. ലൈംഗികമായി പീഡിപ്പിക്കുന്നതിന് പുറമെ പതിനാറാം വയസ്സിൽ ഒരു രാത്രിയിലെ തന്റെ റേറ്റ് 25000 ആണെന്ന് പറഞ്ഞ് നിർമാതാക്കൾക്ക് വിൽക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഖുശ്‌ബു വെളിപ്പെടുത്തി.
“ഒരിക്കലും ആ മുറിവുകൾ ഉണങ്ങില്ല. അതെന്റെ കുഴിമാടം വരെ പിൻതുടരും. അച്ഛൻ ഞങ്ങളെ ഉപേക്ഷിക്കുമ്പോൾ എനിക്ക് 16 വയസ്സാണ് പ്രായം. ആ ദിവസം എനിക്ക് കൃത്യമായി ഓർമയുണ്ട്. 13 സെപ്റ്റംബർ 1986. അന്നാണ് അവസാനമായി ഞാൻ അയാളെ കണ്ടത്. അന്ന് മൂന്നാമത്തെ തെലുങ്ക് പടത്തിൽ അഭിനയിക്കുന്നതേയുള്ളൂ ഞാൻ. 16 വയസ്സിൽ 25000 രൂപയ്‌ക്ക് പ്രൊഡ്യൂസർമാർക്ക് അയാളെന്നെ വിൽക്കാൻ ശ്രമിച്ചു.
സൗത്തിലെ പ്രൊഡ്യൂസർമാരോട്, എന്റെ ഒരു രാത്രിയിലെ റേറ്റ് 25000 എന്ന് പറഞ്ഞാണ് വിൽക്കാൻ ശ്രമിച്ചത്. പിന്നീട് പ്രൊഡ്യൂസർമാർ പറഞ്ഞാണ് ഞാനിതറിഞ്ഞത്. ‘അയാൾ നിങ്ങളെ വിട്ടുപോയത് നന്നായി. അയാൾ ഇതാണ് ചെയതുകൊണ്ടിരുന്നത്’ എന്നവർ പറഞ്ഞു. എനിക്ക് അയാളെ കൊല്ലാൻ തോന്നി. ഭാഗ്യത്തിന് ആരും എന്നെ ആ രീതിയിൽ സമീപിച്ചില്ല. അവരെല്ലാം എന്നോട് ദയ കാണിച്ചു,” ഖുശ്‌ബു പറഞ്ഞു.
എന്റെ ലൊക്കേഷനുകളിൽ എന്നും ഞാൻ സേഫായിരുന്നു. അയാൾ ഞങ്ങളെ വിട്ടുപോയതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഞാൻ വീടു നോക്കാൻ തുടങ്ങി, അമ്മയും മൂന്നു സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയായിരുന്നെന്നും ഖുശ്‌ബു പറഞ്ഞു. തങ്ങളെ ഉപേക്ഷിച്ച് പോയ പിതാവ് പിന്നീട് താൻ സിനിമയിൽ തിളങ്ങാൻ തുടങ്ങിയ കാലത്ത് വീണ്ടും അടുത്തുകൂടാൻ ശ്രമിച്ചിരുന്നുവെന്നും ഖുശ്ബു അഭിമുഖത്തിൽ പറഞ്ഞു.
ഞങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ലഭിച്ചതിന് ശേഷം, തിരിച്ചുവരാൻ അയാൾ പരമാവധി ശ്രമിച്ചു. നിരന്തരം കത്തുകൾ അയച്ചു. പക്ഷേ ഞങ്ങൾ ആ വാതിൽ എപ്പോഴും അയാൾക്ക് മുന്നിൽ അടച്ചിട്ടു. അയാൾ കഴിഞ്ഞ വർഷം മരിച്ചുവെന്ന് അറിഞ്ഞു. 37 വർഷമായി ഞാൻ അയാളോട് സംസാരിച്ചിട്ടില്ല. കർമ്മ എന്നൊന്നുണ്ട്, ചെയ്തതിനുള്ളത് അനുഭവിക്കും. അദ്ദേഹത്തിന് മൂന്ന് ആൺമക്കളുണ്ടായിരുന്നു, അവരാരും അദ്ദേഹത്തിന്റെ ശവസംസ്കാരത്തിന് പോയിരുന്നില്ലെന്നും ഖുശ്‌ബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: