പാലക്കാട്: കുസാറ്റ് ദുരന്തത്തില്‍ മരിച്ച മുണ്ടൂര്‍ സ്വദേശി ആല്വിന് ജോസഫിന്റെ മൃതദേഹം സംസ്കരിച്ചു. വീടിന്റെ ഏക ആശ്രയമായിരുന്ന ആല്‍വിന്റെ മരണം കുടുംബത്തേയും ഗ്രാമത്തേയും ഒരുപോലെ ദു:ഖത്തിലാക്കി. ഇന്നലെ മൃതദേഹം വീട്ടിലെത്തിക്കുമ്പോഴേക്കും സുഹൃത്തുക്കളും നാട്ടുകാരുമടക്കം വന്‍ ജനാവലിയാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്.
ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ആല്വിന് ഗള്‍ഫിലെ ജോലിക്കായി പോകാനിരിക്കുകയായിരുന്നു. ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കുസാറ്റിലെത്തിയതായിരുന്നു ആല്വിന്.
ശനിയാഴ്ച രാവിലെ ഏഴോടെയാണ് സുഹൃത്തിനൊപ്പം ആല്വിന് കൊച്ചിയിലേക്ക് പോയത്. പനങ്ങാടുള്ള സഹോദരിയെ കാണാനായിരുന്നു ആല്‍വിന്റെ യാത്ര. കുസാറ്റില്‍ പഠിക്കുന്ന തന്റെ കുറെ കൂട്ടുകാരെ കാണുകയും അവര്‍ സംഗീത നിശയ്ക്ക് ക്ഷണിക്കുകയുമായിരുന്നു. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പരിപാടിക്ക് പോയത്. മക്കളുടെ പഠനത്തിനായി കേരള ബാങ്കില്‍ നിന്നെടുത്ത നാലുലക്ഷം രൂപയുടെ ബാധ്യത ഗള്‍ഫില്‍ ജോലിക്ക് പോയി ആല്വിന് തിരിച്ചടക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷയാണ് അസ്തമിച്ചത്.
സാറാ തോമസിന്റെ സംസ്കാരം ഇന്ന്
താമരശ്ശേരി: കുസാറ്റ് ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ട താമരശ്ശേരി കോരങ്ങാട് സ്വദേശിനി വയലപ്പള്ളില്‍ തോമസ് സ്കറിയ-കൊച്ചുറാണി ദമ്പതികളുടെ മകള്‍ സാറാ തോമസിന്റെ ഭൗതികദേഹം സ്വദേശമായ താമരശ്ശേരിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് എത്തിച്ചു. കോരങ്ങാട് അല്‍ഫോന്‍സ സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അന്തിമോപചാരം അര്‍പ്പിച്ചു. നവകേരള സദസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുള്ള മുഖ്യമന്ത്രിയും മന്ത്രിമാരും കൊടുവള്ളിയിലേക്കുള്ള യാത്രാമധ്യേയാണ് താമരശേരിയില്‍ എത്തിയത്. നൂറുകണക്കിന് നാട്ടുകാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ ഭൗതികദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, താമരശ്ശേരി നോര്‍ത്ത് ഏരിയ പ്രസിഡന്റ് ബബീഷ് എ.കെ. എന്നിവര്‍ ഭൗതിക ദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാന്, എ.പി. സജിത്, എ. അരവിന്ദന്, ഫസീല ഹബീബ്, തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: