ഷില്ലോങ്: ഐ ലീഗില്‍ ഗോകുലം കേരളയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് ഷില്ലോങ് ലാജോങ്ങിന്റെ ജയം. ഇന്നലെ നടന്ന കളിയില്‍ ട്രാവുവിനെ 2-1ന് തോല്‍പ്പിച്ചുകൊണ്ട് ഷില്ലോങ് മൂന്നാം സ്ഥാനത്തേക്ക് കയറി.
സീസണില്‍ ആറാം മത്സരത്തില്‍ മൂന്ന് ജയവും മൂന്ന് സമനിലയും സഹിതം 12 പോയിന്റ് ആണ് ഈ വടക്കുകിഴക്കന്‍ ടീം നേടിയിട്ടുള്ളത്. അഞ്ച് കളികള്‍ കളിച്ചിട്ടുള്ള ഗോകുലം കേരള മൂന്ന് ജയവും ഒരു സമനിലയും സഹിതം പത്ത് പോയിന്റാണ് ഇതുവരെ നേടിയിട്ടുള്ളത്.
ഇന്നലെ നടന്ന കളിയില്‍ ഷില്ലോങ് ലാജോങ് രണ്ട് പകുതികളിലായി രണ്ട് ഗോളുകള്‍ നേടി. ഒരു ഗോള്‍ പിന്നില്‍ നിന്ന ശേഷമാണ് ഷില്ലോങ് വിജയത്തിലേക്ക് കുതിച്ചത്. 13-ാം മിനിറ്റില്‍ റോബിന്‍സണ്‍ സിങ്ങിലൂടെ ട്രാവു മുന്നിലെത്തി. 16-ാം മിനിറ്റില്‍ സുനില്‍ ബെഞ്ചമിന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ ട്രാവു പത്ത് പേരായി ചുരുങ്ങി. ഇതിന് തൊട്ടുപിന്നാലെയാണ് ഷില്ലോങ് പെനല്‍റ്റി നേടിയെടുത്തത്. സ്പോട്ട് കിക്കെടുത്ത ഹാര്‍ഡി നോങ്ബ്രി ഷില്ലോങ്ങിന് സമനില നേടിക്കൊടുത്തു. ആദ്യപകുതി സമാസമം പിരിഞ്ഞു.
രണ്ടാം പകുതിയില്‍ ദാനഗോളിലൂടെയാണ് ഷില്ലോങ് വിജയഗോള്‍ കണ്ടെത്തിയത്. 86-ാം മിനിറ്റിലായിരുന്നു ട്രാവുവിന്റെ സെല്‍ഫ് ഗോള്‍. കളി ഇന്‍ജുറി ടൈമില്‍ പുരോഗമിക്കുമ്പോഴും ട്രാവുവിന് ചുവപ്പ് കാര്‍ഡിലൂടെ ഒരാളെ വീണ്ടും നഷ്ടമായി. സീസണില്‍ ഏഴ് കളികള്‍ കളിച്ച ട്രാവു ആറിലും പരാജയപ്പെട്ടു. ഒരു സമനിലയും അതുവഴി ലഭിച്ച ഒരു പോയിന്റും മാത്രമാണ് ആശ്വസിക്കാനുള്ളത്.
ലീഗില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ശ്രീനിധി ഡെക്കാനും നാംധാരിയും തമ്മില്‍ ഏറ്റുമുട്ടും. നാംധാരിയുടെ തട്ടകമായ ലുധിയാനയിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: