ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നത് വൈകിയേക്കും. തുരങ്കത്തിനകത്ത് യന്ത്രം ഉപയോഗിച്ചുള്ള ഡ്രില്ലിങ് ദുഷ്‌കരമായ സാഹചര്യത്തില്‍ തുരങ്കത്തിന് മുകളില്‍ നിന്ന് താഴേക്ക് തുരക്കാനുള്ള നടപടികളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ കടന്നേക്കും. ഇതിനാവശ്യമായ യന്ത്രങ്ങള്‍ സ്ഥലത്ത് എത്തിക്കുകയും പ്രവര്‍ത്തനത്തിന് സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. തുരങ്കത്തിലെ പൈപ്പില്‍ കുടുങ്ങിയ ഡ്രില്ലിങ് യന്ത്രത്തിന്റെ ഭാഗങ്ങള്‍ അറുത്തുമാറ്റാന്‍ ശ്രമം തുടരുകയാണ്. യന്ത്രം ഒഴിവാക്കി രക്ഷാപ്രവര്‍ത്തകര്‍ തന്നെ തുരന്ന് തൊഴിലാളികളുടെ അടുത്തേക്ക് എത്താനും ശ്രമം നടത്തിയിരുന്നു.
അവശിഷ്ടങ്ങള്‍ക്കിടയിലെ ഇരുമ്പുപാളികളില്‍ തട്ടിയതിനാല്‍ ഓഗര്‍ യന്ത്രം ഉപയോഗിച്ച് തുരക്കുന്നതില്‍ നിരവധി തവണ തടസ്സം നേരിട്ടിരുന്നു. യന്ത്രം സ്ഥാപിച്ചിരുന്ന അടിത്തറയ്‌ക്ക് ഇളക്കം തട്ടിയതിനെത്തുടര്‍ന്ന് രക്ഷാദൗത്യം നിര്‍ത്തിവച്ചിരുന്നു. തൊഴിലാളികളുടെ അടുത്തെത്താന്‍ മീറ്ററുകള്‍ മാത്രം ശേഷിക്കേയാണ് വീണ്ടും ഡ്രില്ലിങ് തടസ്സപ്പെട്ടത്. ഡ്രില്ലിങ്ങിന് ഉപയോഗിക്കുന്ന ഓഗര്‍ യന്ത്രത്തിന്റെ ബ്ലേഡ് രക്ഷപ്പെടുത്തുന്നതിനായി സ്ഥാപിച്ച പൈപ്പില്‍ കുടുങ്ങിയതാണ് അവസാനം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടാന്‍ കാരണമായത്.
രക്ഷാപ്രവര്‍ത്തകര്‍ പൈപ്പിനുള്ളിലൂടെ നീങ്ങി ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് ബ്ലേഡ് മുറിച്ചുമാറ്റുന്നുണ്ട്. ഇത് വൈകുമെന്ന് കണ്ട സാഹചര്യത്തിലാണ് തുരങ്കത്തിന് മുകളില്‍ നിന്ന് കുത്തനെ തുരന്ന് തൊഴിലാളികളുടെ അടുത്തെത്താനുള്ള ബദല്‍ മാര്‍ഗം സ്വീകരിക്കുന്നത്. ഇതിനായി നേരത്തേ തന്നെ റോഡും തയ്യാറാക്കിയിരുന്നു.
ദുഷ്‌കരവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു. ഇത്രയും അടുത്തെത്തിയതിന് ശേഷമാണ് ഓഗര്‍ യന്ത്രം പൈപ്പിനുള്ളില്‍ കുടുങ്ങിയത്. ഓഗര്‍ യന്ത്രം മുറിച്ചുനീക്കല്‍ ഇന്ന് രാവിലെയോടെ പൂര്‍ത്തിയാക്കി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴിലാളികള്‍ക്ക് കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിക്കുന്നതിന് ബിഎസ്എന്‍എല്‍ ഇന്നലെ ലാന്‍ഡ്‌ലൈന്‍ സൗകര്യമൊരുക്കി. 12ന് പുലര്‍ച്ചെയാണ് 41 തൊഴിലാളികള്‍ ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: