തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും നയിക്കുന്ന നവ കേരള സദസ് വന്‍ പരാജയത്തിലേക്ക്. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്നു പറഞ്ഞ് ഖജനാവില്‍ നിന്നു കോടികള്‍ ചെലവഴിച്ച് ഇറങ്ങിത്തിരിച്ച യാത്ര രാഷ്ട്രീയ വിശദീകരണ വേദികളായി. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ സ്ഥലകാല ഭ്രമവും. പതിനായിരക്കണക്കിനു പേര് യോഗത്തിനെത്തുന്നുണ്ടെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും അവകാശപ്പെടുന്നെങ്കിലും ശരാശരി രണ്ടായിരത്തില്‍ താഴെ ആളുകള്‍ മാത്രം.
സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തുള്ള നവ കേരള സദസ്സ് ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്നില്ലെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പരാതി നല്കാന് യോഗത്തില്‍ പങ്കെടുക്കുന്ന ഒരാള്‍ക്കും സാധിക്കുന്നില്ല. രാവിലെ പൗര പ്രമുഖര്‍ എന്ന വിശേഷണത്തില്‍ ജന്മിമാരുമായുള്ള മുഖ്യമന്ത്രിയുടെ പ്രാതലും കുശലം പറച്ചിലും. തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും നവ കേരള സദസിലേക്ക്.
കവല പ്രസംഗകനായി മുഖ്യമന്ത്രി. വാഹനത്തിനു നേരേ കരിങ്കൊടി കാണിച്ചവരെ മര്‍ദിച്ച ഡിവൈഎഫ്ഐക്കാരെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് അവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെന്നാണ്. പിറ്റേ ദിവസം പറഞ്ഞത് രക്ഷിക്കാന്‍ ശ്രമിച്ചുവെന്നത് ശരിയാണ്. എന്നാല്‍ അതിനുശേഷം നടന്നത് കണ്ടില്ലെന്നും.
ജനങ്ങളുമായി സംവദിക്കാന്‍ പാടില്ലെന്നാണ് മന്ത്രിമാര്‍ക്കു നല്കിയ കര്‍ശന നിര്‍ദേശം. ഇതോടെ, സദസ്സിലെത്തുന്ന മന്ത്രിമാര്‍ വെറും നോക്കുകുത്തികളാകുന്നു. ജനങ്ങളെ കാണുന്നില്ല, പരാതികള്‍ നേരിട്ടു വാങ്ങുന്നുമില്ല. ഇത് ജനങ്ങള്‍ക്കിടെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അങ്ങനെയെങ്കില്‍ എന്തിനാണ് എല്ലാ മന്ത്രിമാരെയും കൂടെ കൊണ്ടുനടക്കുന്നതെന്ന ചോദ്യവും ഉയരുന്നു. പരാതികള്‍ ഓഫീസുകളില്‍ കൊടുത്ത് രസീത് വാങ്ങിച്ചാല്‍ പോരേയെന്ന് സദസിലെത്തുന്നവര് ചോദിക്കുന്നു.
പരാതികള്‍ ഒന്നിച്ചു വാങ്ങി വയ്ക്കുന്നതല്ലാതെ പരിഹരിക്കുന്നില്ല. കഴിഞ്ഞ ദിവസം വരെ 16 കേന്ദ്രങ്ങളില്‍ നിന്നായി 42,682 പരാതികളാണ് നവ കേരള സദസില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ നിന്നും. 28,630 പരാതികള്‍. ഒരു സദസുമില്ലാതെ സെക്രട്ടേറിയറ്റില്‍ മാത്രം 44,000 പരാതികള്‍ കെട്ടിക്കിടക്കുന്നു. മറ്റ് ഓഫീസുകളില്‍ ആയിരക്കണക്കിനും. നവ കേരളത്തിലെ പരാതികള്‍ കൂടിയാകുമ്പോള്‍ ഓരോ ഓഫീസിലുമെത്തുന്നത് പതിനായിരത്തിലും അധികമാകും. ഈ പരാതികളെല്ലാം ഓഫീസിലെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കിടെ പരിഹരിക്കാനാകില്ലെന്ന് ജീവനക്കാര്‍ സമ്മതിക്കുന്നു. ഇവ ഫയലുകളില്‍ ഉറക്കംപിടിക്കുമെന്നു വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: