തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി പി. സതീഷ്കുമാറില്‍ നിന്ന് സിപിഎം നേതാക്കള്‍ക്കു പുറമേ പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയും ലക്ഷങ്ങള്‍ വാങ്ങി. രണ്ടു ഘട്ടമായി 36 ലക്ഷം രൂപ ദേശാഭിമാനിക്കു നല്‍കിയെന്ന് സതീഷ്കുമാര്‍ പറഞ്ഞു. സതീഷ്കുമാറിന്റെ മൊഴിയും അനുബന്ധ രേഖകളും ഇന്നലെ കോടതിയില്‍ ഇ ഡി ഹാജരാക്കി. സതീഷ്കുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് തെളിവുകള്‍ നിരത്തിയത.് 2015ലും 2016ലുമാണ് 18 ലക്ഷം വീതം ദേശാഭിമാനി വാങ്ങിയത്.
നേതാക്കളായ ഇ.പി. ജയരാജന്, എ.സി. മൊയ്തീന്, പി.കെ. ബിജു, കെ. രാധാകൃഷ്ണന് എന്നിവരും സതീഷ്കുമാറില്‍ നിന്നു പണം വാങ്ങിയതിന്റെ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. മൊയ്തീന് പലവട്ടം സതീഷ്കുമാറില്‍ നിന്നു പണം കൈപ്പറ്റി. 2016ലും 2021ലും മൊയ്തീന്റെ തെരഞ്ഞെടുപ്പിനു പണം ചെലവാക്കിയത് കരുവന്നൂര്‍ പ്രതികളാണ്. പി.കെ. ബിജുവിന് വീടു പണിയാന്‍ അഞ്ചു ലക്ഷം നല്‍കിയത് സതീഷിന്റെ സഹോദരന് ശ്രീജിത്തിന്റെ അക്കൗണ്ട് വഴി. രാധാകൃഷ്ണന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിന് സ്വര്‍ണമായും പണമായും സഹായം സ്വീകരിച്ചു. 30 ലക്ഷത്തിലേറെ രൂപ രാധാകൃഷ്ണന് വാങ്ങി.
സതീഷ്കുമാറിന്റെ ഉടമസ്ഥതയില്‍ കോലഴിയിലുള്ള ദേവി ഫിനാന്‍സിയേഴ്സ് സിപിഎമ്മിന്റെ ഫണ്ടിങ് ഏജന്‍സിയായിരുന്നു. നൂറിന് മാസം 10 രൂപ കണക്കില്‍ കൊള്ളപ്പലിശയാണ് ഈടാക്കിയിരുന്നത്. നിയമ വിരുദ്ധ പണമിടപാടിന് സിപിഎമ്മും പോലീസും ഒത്താശ ചെയ്തു. പ്രവാസി വ്യവസായി ജയരാജനില്‍ നിന്ന് കരുവന്നൂര്‍ കേസിലെ 14-ാം പ്രതിയും സിപിഎം കൗണ്‍സിലറുമായ പി.ആര്. അരവിന്ദാക്ഷന് 77 ലക്ഷം രൂപ വാങ്ങി. അരവിന്ദാക്ഷന്റെ ജാമ്യഹര്‍ജി പരിഗണിക്കവേ തെളിവുകള്‍ കോടതിയില്‍ നല്കി. സതീഷ്കുമാറും അരവിന്ദാക്ഷനും നടത്തിയ ഗള്‍ഫ് യാത്രയ്ക്കിടെ സിപിഎം നേതാക്കളുടെ പേരു പറഞ്ഞാണ് പണം വാങ്ങിയത്. ഈ പണം തിരികെ കിട്ടിയില്ലെന്ന് ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: