മുസ്ലീംലീഗിനെ കിട്ടിപ്പോയി എന്ന മട്ടിലായിരുന്നു സിപിഎം. അതിനുവേണ്ടി നയം വിഴുങ്ങി. നിലപാടുകള്‍ മാറ്റി. എന്തായിരുന്നു ലീഗിനോടുള്ള നിലപാട്. കോലീപി (കോണ്‍ഗ്രസ് ലീഗ് പിഎസ്പി) മുന്നണിയുണ്ടാക്കിയപ്പോള്‍ ലീഗ് വിരോധത്തിന് മൂര്‍ച്ച കൂട്ടിയത് നമ്പൂതിരിപ്പാട് തന്നെ. സി.കെ.ഗോവിന്ദന് നായര്‍ക്കെഴുതിയ കത്തുകള്‍ തന്നെ സാക്ഷി. ഗോവിന്ദന്‍നായര്‍ അന്ന് കെപിസിസി പ്രസിഡന്റായിരുന്നു. നിങ്ങള്‍ ചെയ്യുന്നത് കൊടുംപാതകമാണെന്നാണ് കത്തില്‍ പറഞ്ഞത്. നെഹ്രു ചത്ത കുതിരയെന്നുപറഞ്ഞ് ആക്ഷേപിച്ചതാണ് ലീഗിനെ. അതിനെ പടക്കുതിരയാക്കരുതെന്നും ഉപദേശം. നിങ്ങള്‍ ലീഗുമായുള്ള ബന്ധംവിടണം. നിങ്ങള്‍ വിട്ടാലും ഞങ്ങള്‍ കൂട്ടില്ല. എന്ന ഉറപ്പും. എന്നിട്ടും മന്ത്രിസ്ഥാനം ലീഗിന് കൊടുക്കാന്‍ കോണ്‍ഗ്രസ് കൂട്ടാക്കിയില്ല. സ്പീക്കര്‍ ആക്കിയതു തന്നെ ലീഗില്‍ നിന്നും സിഎച്ച് രാജിവച്ചശേഷം.
രണ്ടുവര്‍ഷം കഴിയും മുന്‍പ് തന്നെ നമ്പൂതിരിപ്പാട് തന്നെ തിരുത്തി. ലീഗിനെ ഉള്‍പ്പെടുത്തി രാഷ്ട്രീയ സഖ്യമുണ്ടാക്കി. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി. ആ മന്ത്രിസഭയില്‍ രണ്ട് ലീഗുകാരെ ഉള്‍പ്പെടുത്തുകയും ചെയ്തു. കൊടിലുകൊണ്ടുപോലും തൊടാന്‍ പാടില്ലെന്ന് പറഞ്ഞ ലീഗിനെ യഥാര്‍ത്ഥ പടക്കുതിരയാക്കിയത് നമ്പൂതിരിപ്പാട്. ലീഗിന് അന്ന് ഒരേയൊരു മുദ്രാവാക്യമേ ഉണ്ടായിരുന്നുള്ളൂ. മലപ്പുറം ജില്ല വേണം. ജില്ല കിട്ടിയാല്‍ ലീഗ് മുന്നണി വിടുമെന്ന് അന്ന് തന്നെ ജനസംഘം നേതാക്കള്‍ പറഞ്ഞതാണ്. കെപിആര്‍ ഗോപാലനെപോലുള്ള സിപിഎം നേതാക്കളും അതുതന്നെ പറഞ്ഞു. സംഭവിച്ചതും അതുതന്നെ. മലപ്പുറം ജില്ല കിട്ടിയതോടെ ലീഗ് ഇഎംഎസ് ബാന്ധവം ഉപേക്ഷിച്ച് കോണ്‍ഗ്രസ് പാളയത്തില്‍ കയറി. ഒപ്പം സിപിഐയേയും കൊണ്ടുപോയി.
രാജ്യസഭാംഗമായിരുന്ന അച്യുതമേനോനെ കേരളത്തിലേക്കെഴുന്നള്ളിച്ച് മുഖ്യമന്ത്രിയാക്കി. അടിയന്തിരാവസ്ഥയിലെ എല്ലാ വൃത്തികേടുകളും കാട്ടിക്കൂട്ടിയ ആ മന്ത്രിസഭയിലും ലീഗിന് കോണ്‍ഗ്രസ്സ് മുന്തിയ പരിഗണന നല്കി. വിദ്യാഭ്യാസം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകള്‍ കിട്ടി. അതുകൊണ്ടവര്‍ അര്‍മാദിച്ചു. അന്നാണ് അച്യുതമേനോന് പറഞ്ഞത് ബോണസ്സിനേക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തിരാവസ്ഥയെന്ന്. അതൊക്കെ ഇപ്പോള്‍ ചൂണ്ടിക്കാട്ടിയാല്‍ സിപിഐക്കാര്‍ കലിതുള്ളും. ഇന്നവര്‍ അടിയന്തിരാവസ്ഥയിലെ ദുഷ്ചെയ്തികളെ അംഗീകരിക്കുന്നില്ലല്ലോ. അന്നുതുടങ്ങിയ ലീഗിന്റെ സഖ്യം ഇപ്പോഴും തുടരുകയാണ്. ഇടയ്ക്ക് ലീഗിലെ ഒരുവിഭാഗം സിപിഎമ്മുമായി സഹകരിച്ചെങ്കിലും എണ്‍പതുകളില്‍ ആ ബന്ധം വിച്ഛേദിച്ച് മുഖ്യാധാരാലീഗിലെത്തി. അങ്ങിനെ പച്ചിലയും കത്രികയും പോലെ കോണ്‍ഗ്രസും ലീഗും ചേര്‍ന്നുപോവുകയായിരുന്നു.
കോണ്‍ഗ്രസ് മുന്നണിയിലുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസിന്റെ വലിയ പങ്കിനെ ഒപ്പംകൂട്ടി പിണറായി വിജയന്റെ രണ്ടാം ഊഴം ഉറപ്പാക്കി. അതത്രപോര എന്ന തോന്നല്‍ മലയാളികള്‍ക്കൊക്കെ ഉള്ളപ്പോഴാണ് ഒരു സഖ്യകക്ഷികൂടി വേണമെന്ന ചിന്ത സിപിഎമ്മില്‍ ഉടലെടുത്തത്. അതിനനുസരിച്ചുള്ള ചര്‍ച്ചകളും നിലപാടുകളുമെല്ലാം ഒരുപാട് നടത്തി. മുസ്ലീം തീവ്രവാദികളെ ചങ്ങാത്തത്തിലാക്കുകയായിരുന്നു ആദ്യപരിപാടി. അത് ഒരുവിധം മുന്നോട്ടുപോകുമ്പോഴാണ് അതുമാത്രം പോര എന്ന തോന്നലും ഉടലെടുക്കുന്നത്. ലീഗ് ജനാധിപത്യ പാര്‍ട്ടിയാണ്. മതേതരപാര്‍ട്ടിയാണ് എന്നൊക്കെയുള്ള ന്യായങ്ങള്‍ തരംകിട്ടുമ്പോഴൊക്കെ ചിലര്‍ നടത്തി. എ.കെ.ബാലനും ഇ.പി.ജയരാജനുമെല്ലാം അതിന് ന്യായങ്ങള്‍ നിരത്താനുണ്ടായിരുന്നു. ഇതിനിടയിലാണ് ലീഗിനും മോഹം മുളയ്ക്കുന്നത്. ഹമാസ് പിന്തുണയും ഐക്യദാര്‍ഢ്യ യാത്രകളുമെല്ലാം അതിന്റെ ഭാഗമായിരുന്നു. ലീഗിനെ ലക്ഷ്യമിട്ടുകൊണ്ടുതന്നെ. ലീഗിനെ സിപിഎം റാലിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതുമെല്ലാം അതിന്റെ ഭാഗം തന്നെയാണെന്ന് കാണാന്‍ പാഴൂര്‍പടിവരെ പോകേണ്ടതില്ല.
ലീഗിന് സിപിഎമ്മിന്റെ കടിവീണു എന്ന് തോന്നിയതാണ്. ഒരുവിഭാഗം നേതാക്കളും അണികളും അതിലമ്പരപ്പും അമര്‍ഷവും പ്രകടിപ്പിക്കുന്നതിനിടയിലാണ് ലീഗിന് വേണ്ടി സിപിഎം ഒരു കച്ചിത്തുരുമ്പുകൂടി ഇട്ടുകൊടുത്തത്. കേരള ബാങ്കിന്റെ ഡയറക്ടര്‍ സ്ഥാനം. അതില്‍ അബ്ദുള്‍ ഹമീദ് എന്ന ലീഗ് എംഎല്‍എ കയറിപ്പിടിക്കുകയും ചെയ്തു. പതിവിന് വിപരീതമായി ലീഗില്‍ നിന്നുതന്നെ അതിനെതിരെ പ്രതികരണവും ഉണ്ടായി. ലീഗിന്റെ യൂദാസെന്ന വാള് പോസ്റ്റര്‍ മലപ്പുറം ജില്ലയില്‍ തന്നെ ഉയരുകയും ചെയ്തു. അതോടൊപ്പം യുഡിഎഫിന്റെ മലപ്പുറം ജില്ലാഘടകം വിയോജിപ്പുമായി രംഗത്തുവന്നു. ഒടുവില്‍ മുസ്ലീംലീഗ് നേതൃത്വത്തിനു തന്നെ ലീഗ് സിപിഎം മുന്നണിയിലേക്കില്ലെന്ന് പറയേണ്ടിവന്നു. അങ്ങിനെ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥയിലായി സിപിഎമ്മും മുസ്ലീംലീഗും. ഇതെത്രകാലം എന്നേ അറിയേണ്ടതുള്ളൂ.
മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടുന്നവര്‍ക്ക് സിപിഎമ്മുകാരുടെ കൈക്കരുത്ത് അറിയേണ്ടിവന്നിരിക്കുന്നു. അതാണ് പഴയങ്ങാടിയില്‍ കണ്ടത്. അതിനെ ശക്തമായി ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിസംഘം സഞ്ചരിച്ച ബസ്സിന് മുന്നില്‍ ചാടാന്‍ വന്ന സംഘത്തെ അപകടത്തില്‍പ്പെടാതെ രക്ഷിക്കാന്‍ പ്രയത്നിച്ചവരുടെ ധീരകൃത്യത്തെ അഭിനന്ദിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഓടിക്കിതച്ചുവരുന്ന തീവണ്ടിക്കുനേരെ ആരെങ്കിലും ഓടി അടുത്താല്‍ രക്ഷപ്പെടുത്താന്‍ ആളുകള്‍ രംഗത്തുവരുംപോലെ. പക്ഷേ പഴയങ്ങാടി പോലീസിന്റെ നടപടി മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് തോന്നുന്നു. ഡിവൈഎഫ്ഐക്കാര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പ് ഉപയോഗിച്ചാണ് കേസെടുത്തിരിക്കുന്നത്. ആ കേസിന്റെ ഗതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ലീഗിനെ സിപിഎം ക്ഷണിക്കുകയും ലീഗ് വേണ്ടണം എന്ന നിലപാടിലെത്തുകയും ചെയ്തെങ്കിലും അതിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസിന് ത്രാണിയുണ്ടായില്ല എന്നതാണ് കൗതുകകരം. മുസ്ലീംലീഗിന്റെ പച്ചചെങ്കൊടി എന്ന് വാഴ്ത്താനും കുഞ്ഞാലിക്കുട്ടി മതനേതാവാണെന്ന് പറയാനും സിപിഎം ശ്രമിക്കുമ്പോള്‍ കേട്ടഭാവം നടിക്കാന്‍ കോണ്‍ഗ്രസിനാവാത്തതിന്റെ വ്യാകരണമെന്തെന്നറിയാത്തവരുണ്ടാകില്ല. ലീഗില്ലെങ്കില്‍ രാഹുല്‍ പാര്‍ലമെന്റ് കാണില്ല. യുപിയില്‍ നിന്ന് കുറ്റിയറ്റ് കല്പറ്റയിലെത്തി തടികാത്ത രാഹുലിനെ കാക്കാന്‍ മറ്റൊരുവഴിയും കോണ്‍ഗ്രസിന് മുന്നിലില്ല. അതുകൊണ്ടാണല്ലോ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും പാണക്കാട്ടെത്തി സങ്കടം പറഞ്ഞത്. അബ്ദുള്‍ ഹമീദ് കേരള ബാങ്കില്‍ ഡയറക്ടറാകുന്നതില്‍ ഒരാശയക്കുഴപ്പവുമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റൊരു കാരണവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: