ആലപ്പുഴ: പിആര്‍എസ് കെണിയില്‍പ്പെട്ട് നെല്കര്ഷകന് ജീവനൊടുക്കിയ സംഭവത്തില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ കുപ്രചാരണത്തിന് കൃഷി വകുപ്പും. തന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് എഴുതിവെച്ച ശേഷം തകഴി കുന്നുമ്മ സ്വദേശി കെ. ജി. പ്രസാദ് (56) കഴിഞ്ഞ 11 നാണ് ജീവനൊടുക്കിയത്. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റ് കൂടിയായ പ്രസാദ്, പിആര്‍എസ് കുടിശികയുടെ പേരില്‍ ബാങ്കുകള്‍ വായ്പ തരുന്നില്ലെന്നും ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും സഹപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് പറഞ്ഞ ശേഷമായിരുന്നു ജീവനൊടുക്കിയത്.
ആത്മഹത്യാ കുറിപ്പിലും, അവസാന ഫോണ്‍ സന്ദേശത്തിലും താന്‍ ജീവനൊടുക്കുന്നതിന്റെ കാരണങ്ങള്‍ പ്രസാദ് കൃത്യമായി പറഞ്ഞിരുന്നു. എന്നിട്ടും കര്ഷകന് ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്താന്‍ ഇനിയും വിശദ അന്വേഷണം വേണമെന്നാണ് കൃഷിവകുപ്പിന്റെ വിചിത്ര നിലപാട്. ആത്മഹത്യയുടെ കാരണത്തെപ്പറ്റി വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മന്ത്രി പി. പ്രസാദ്, മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് വിവരം.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പിആര്‍എസ് വായ്പത്തുക ലഭിക്കാത്തതോ, ബാങ്കുകളുടെ തടസമോ അല്ല, ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
സിപിഎമ്മിന്റെയും, സിപിഐയുടെയും സൈബര്‍ പോരാളികള്‍ നടത്തിയ പ്രചാരണം കൃഷിവകുപ്പും ആവര്‍ത്തിക്കുകയാണെന്നാണ് വിമര്‍ശനം ഉയരുന്നത്. പ്രസാദിന്റെ മരണവിവരം പുറത്തുവന്നതിന് പിന്നാലെ സൈബര്‍ പോരാളികള്‍ വ്യാജപ്രചാരണം അഴിച്ചുവിട്ടിരുന്നു. സിപിഎം മുഖപത്രവും ഇത് ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരും, കൃഷിവകുപ്പും, ജില്ലക്കാരന് കൂടിയായ മന്ത്രി പി. പ്രസാദും പ്രതിക്കൂട്ടിലായ സംഭവത്തിലാണ് കൃഷിവകുപ്പ് കര്‍ഷകദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്നത്.
കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പിനെയും ഫോണ്‍ സന്ദേശത്തെയും പോലും മുഖവിലയ്ക്കെടുക്കാതെ പ്രസാദിനെയും കുടുംബത്തെയും അവഹേളിക്കാനുള്ള നീക്കമാണ് കൃഷിവകുപ്പ് നടത്തുന്നതെന്നാണ് വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: