ശബരിമല: ശബരിമലയില്‍ തീര്‍ഥാടക തിരക്ക് ആരംഭിച്ചതോടെ പരിശോധനകള്‍ ഊര്‍ജിതമാക്കി പോലീസും വനം വകുപ്പും. ശബരിമലയിലെ വനമേഖലകള്‍ നിരീക്ഷിക്കുന്നതിനായി പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ആകാശ നിരീക്ഷണം ആരംഭിച്ചു.
തീര്‍ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നതോടെ തമിഴ്നാട്ടിലെ തിരിട്ടു ഗ്രാമത്തില്‍ നിന്നുള്‍പ്പടെയുള്ള മോഷ്ടാക്കളും സാമൂഹ്യ വിരുദ്ധരും ഭിക്ഷാടന മാഫിയകളും ശബരിമലയിലേക്ക് കേന്ദ്രീകരിക്കാറുണ്ട്. ഇവര്‍ പോലീസിന്റെയും വനംവകുപ്പിന്റെയും കണ്ണുവെട്ടിച്ച് ശരണപാതകളോട് ചേര്‍ന്നുള്ള വനത്തിലാണ് തമ്പടിക്കുന്നത്. തിരക്കുള്ള സമയങ്ങളില്‍ പുറത്തെത്തി തീര്‍ഥാടകരെ കബളിപ്പിച്ച് വനത്തിനുള്ളിലേക്ക് മറയുന്നതാണ് ഇവരുടെ പതിവ്. ഇത്തരക്കാരെ കണ്ടെത്താനാണ് ഡ്രോണ്‍ ഉപയോഗിച്ച് വനത്തില്‍ നിരീക്ഷണം ആരംഭിച്ചത്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അജിത്.വിയുടെയും പമ്പ സ്പെഷ്യല്‍ ഓഫീസര്‍ കുര്യക്കോസിന്റെയും നിര്‍ദ്ദേശ പ്രകാരം പമ്പ എഎസ്ഒ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍, പമ്പ പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ മഹേഷ് കുമാര്‍, എസ്ഐ ആദര്‍ശ്.ബി.എസ്, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ അനില്‍ ചക്രവര്‍ത്തി എന്നിവര്‍ അടങ്ങിയ പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘം നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളില്‍ ഉള്‍ക്കാടുകളില്‍ കയറി ഇന്നലെ ഡ്രോണ്‍ നിരീക്ഷണവും പരിശോധനയും നടത്തി. വരും ദിവസങ്ങളിലും ഇത്തരത്തില്‍ തുടരുമെന്ന് പമ്പ സി.ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: