കോട്ടയം: ജില്ലയിലെ കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളിലെ യാത്രാദുരിതവും കാര്‍ഷിക വ്യാവസായിക മേഖലകളിലെ പ്രശ്നങ്ങളും പരിഹരിക്കാതെ കോട്ടയത്ത് നടത്താന്‍ പോകുന്ന നവകേരള സദസ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി.
ഉല്‍പ്പാദന, വിപണന ക്ഷമതയില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതില്‍ പ്രധാന പങ്ക് വഹിച്ചത് കമ്യൂണിസ്റ്റുകളാണ്. കാര്‍ഷിക മേഖലയില്‍ നിന്നോ വ്യാവസായിക മേഖലയില്‍ നിന്നോ സര്‍ക്കാരിന് നയാ പൈസ കിട്ടുന്നില്ല എന്നുള്ളത് എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എത്രനാള്‍ കള്ള് വിറ്റും ലോട്ടറി എടുപ്പിച്ചും സര്‍ക്കാര്‍ പിടിച്ചു നില്ക്കും എന്ന് കണ്ടറിയണം. ഉല്‍പ്പാദന അധ്വാന മൂല്യങ്ങള്‍ ലഭിക്കാത്ത കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ ശ്രീലങ്കയ്ക്ക് സമാനമായി ആയുധമെടുത്തു തെരുവില്‍ ഇറങ്ങുന്ന കാലം വിദൂരമല്ല. അഞ്ചുകൊല്ലം വില വര്‍ധനവില്ലെന്ന് പറഞ്ഞ പിണറായി വിജയന് മാത്രമാണ് കേരളത്തില്‍ വിലകൂടാത്തത്. വെള്ളക്കരവും വൈധ്യുതി ചാര്‍ജ് വര്‍ധനയും കെട്ടിടനികുതിയും അരിയും പച്ചക്കറിയും അടക്കമുള്ള സകലതിനും വില കൂടി. കോട്ടയം മെഡിക്കല്‍ കോളേജ് അടക്കമുള്ള ജില്ലയിലെ വിവിധ ആശുപത്രികളില്‍ കരുണ്ണ്യ ചികിത്സ സഹായം മുടങ്ങിയതിനാല്‍ സര്‍ജറി അടക്കമുള്ള ചികിത്സയ്ക്കായി എത്തിയ രോഗികള്‍ ദുരിതത്തിലാണെന്നും എന്‍ ഹരി പറഞ്ഞു.
കൊറോണകാലത്ത് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഓക്സിജന്‍ പ്ളാന്റ് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന രഹിതമായിട്ട് കാലങ്ങളായി. ചങ്ങനാശേരി കാഞ്ഞിരപ്പള്ളി അടക്കമുള്ള താലൂക് ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളും ഏറെ ശോചനീയാവസ്ഥയിലാണ്. കോട്ടയം ജില്ലാ ആശുപത്രിയില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ച ഓക്സിജന്‍ പ്ലാന്റുകള്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല, ഇത് തികഞ്ഞ അനാസ്ഥയും കെടുകാര്യസ്ഥതയുമാണെന്നും അദേഹം ചൂണ്ടിക്കാട്ടി.
ഡിസംബര്‍ 12 മുതല്‍ പതിനാലുവരെ കോട്ടയത്ത് നടക്കുന്ന നവകേരള സദസ് എന്ത് സന്ദേശമാണ് കോട്ടയത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവനും ഇടതുപക്ഷ എംഎല്‍എമാരും വ്യക്തമാക്കണം. പരാതി സ്വീകരിക്കല്‍ എന്ന നാടകം മാത്രമാണെങ്കില്‍ കോടികള്‍ ചിലവിട്ട് ഇത്രയും പ്രഹസനത്തിന്റെ കാര്യമില്ല ഓണ്‍ലൈനായി പരാതിനല്‍കാനുള്ള അറിവ് നിലവില്‍ ഡിജിറ്റല്‍ ഇന്ത്യവഴി ജനങ്ങള്‍ സ്വയത്തമാക്കിയിട്ടുണ്ട്.
പാല, വൈക്കം, മുണ്ടക്കയം, വാഗമണ്‍, തലയോലപ്പറമ്പ് അടക്കമുള്ള കോട്ടയം ജില്ലയിലെ കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലയിലെ തകര്‍ന്നുകിടക്കുന്ന നൂറുകണക്കിന് പ്രാദേശിക റോഡുകളും, മണ്ഡലകാലത്ത് ഏറെ തിരക്കുള്ള മള്ളിയൂര്‍, കല്ലറ, മേട്ടുമ്പാറ എരുമാന്തുരുത്ത് ആദിത്യപുരം ക്ഷേത്രം റോഡുകളും കാല് നട യാത്രക്കാര്‍ക്ക് പോലും യോഗ്യമല്ലാത്ത തരത്തില്‍ തകര്‍ന്ന് നാശമായ നിലയിലാണ്. മുണ്ടക്കയം കൂട്ടിക്കല്‍ മേഖലകളില്‍ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി പാലങ്ങളും വഴികളും ഇന്നും പുനരുദ്ധരിക്കാത്ത നിലയിലാണ്.പ്രളയക്കെടുതിയില്‍ സര്‍വ്വവും നഷ്ടപെട്ട ജനങളുടെ അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇപ്പോഴും ഉറപ്പുവരുത്താന്‍ ഇപ്പോഴും പിണറായി സര്‍ക്കാറിനായിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.
മുഖം മിനുക്കലുമായി കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രിയും സംഘവും ഈ റോഡുകളിലൂടെ കാരവാന് യാത്ര നടത്തി ജനങളുടെ ദുരിതം മനസിലാക്കണം. ഏപ്രില്‍ എട്ടിന് പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ച കോട്ടയം വിജയപുരത്തെ ലൈഫ് ഫ്ലാറ്റ് സമുച്ചയം സന്ദര്‍ശിക്കാനും പദ്ധതിയിലെ അഴിമതി നേരിട്ട് മനസിലാക്കാനും ജനങ്ങളുടെ ദുരിതം കണ്ടറിയാനും മുഖ്യമന്ത്രി തയ്യാറാകണം.
ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ നെല്‍കര്‍ഷകര്‍ അഭിമുഖീഖരിക്കുന്ന പ്രധാന പ്രശ്നം, കൊയ്ത്തെടുത്ത നെല്ല് സംഭരിക്കാത്ത സപ്ലൈക്കോയുടെയും ഇടത് സഹകരണ സംഘം നേതാക്കളുടെയും തര്‍ക്കവും തെറ്റായ നയങ്ങളും സമീപനങ്ങളുമാണ്.ഇടത് സര്‍ക്കാര്‍ കര്‍ഷകരോട് നീതി പുലര്‍ത്തണം സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് നേരിട്ട് നല്കി ബാങ്കുകളുടെ ഭീഷണിയും കൊള്ളയും അവസാനിപ്പിക്കണം.
ജനങളുടെ അവകാശങ്ങളോ സമരക്ഷണമോ ഉറപ്പു വരുത്താതെ നടത്തുന്ന നവകേരള സദസ് ജനങ്ങളോടുള്ള വെല്ലുവിളിയാണ്, ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിണറായി സര്‍ക്കാര്‍ നടത്തുന്ന പൊറാട്ടു നാടകം വസാനിപ്പിച്ചു ജനങ്ങളോട് മാപ്പ് പറയാന്‍ പിണറായി വിജയനും മന്ത്രിമാരും തയ്യാറാകണം എന്ന് മാത്രമാണ് ആവശ്യപ്പെടനുള്ളതെന്നും എന്‍ ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: