കൊച്ചി: ഓള് ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതു പാതയിലൂടെ വേണമെങ്കിലും പെര്‍മിറ്റിലാതെ ഓടാന്‍ അനുമതിയുണ്ടെന്നിരിക്കെ ‘റോബിന്’ ബസിനെതിരെ മുട്ടിന് മുട്ടിന് പിഴ ചുമത്തുന്നത് ശബരിമല സീസണ് ഭയന്ന്.
കെഎസ്ആര്‍ടിസി ലാഭം കൊയ്യുന്നത് ശബരിമല മണ്ഡല- മകരവിളക്ക് സീസണിലാണ്. റോബിന് ബസ് സര്‍വീസ് നടത്തുന്നത് പത്തനംതിട്ട-കേയമ്പത്തൂര്‍ റൂട്ടിലാണ്. ശബരിമല സീസണായതോടെ കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്കും തിരിച്ചും നിരവധി അയ്യപ്പഭക്തര്‍ യാത്രക്കാരായി ഉണ്ടാകും.
ഇത് കണ്ട് നിരവധി പേര് ഓള് ഇന്ത്യ പെര്‍മിറ്റിന് മുന്നോട്ട് വരാനും സാധ്യതയുണ്ട്. ദേശീയപാതയിലൂടെ 140 കിലോമീറ്ററിനപ്പുറം സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നിഷേധിച്ചതോടെ നിരവധി ബസുകള്‍ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്. ഇവരും ഓള് ഇന്ത്യ പെര്‍മിറ്റിന് അപേക്ഷിച്ചേക്കുമെന്ന ഭയവും സര്‍ക്കാരിനുണ്ട്.
കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ സ്വിഫ്റ്റില്‍ കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ റോബിന് ബസ് സര്‍വീസിനെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.
കേന്ദ്രനിയമം പറയുന്നത് ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസിന് സീറ്റൊന്നിന് 3000 രൂപയും സ്റ്റേജ് കാരിയേജ് ബസിന് 600 രൂപയുമാണ് നികുതി നിരക്ക്. അങ്ങനെയിരിക്കെ, ടൂറിസ്റ്റ് ബസുകള്‍ ബോര്‍ഡ് വച്ചു സര്‍വീസ് നടത്തിയാല്‍ കെഎസ്ആര്‍ടിസിയെ ബാധിക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ല.
ടൂറിസ്റ്റ് ബസുകള്‍ക്കു കുറഞ്ഞ നിരക്കില്‍ ഓടാന്‍ കഴിയില്ല. ദീര്‍ഘദൂര യാത്രക്കാര്‍ക്കു മികച്ച യാത്രാസൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്രസര്‍ക്കാര്‍ നിയമം പരിഷ്കരിച്ചത്. പൊതുഗതാഗതം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജനങ്ങള്‍ക്ക് യാത്ര ചെയ്യണം, അതിന് ആവശ്യത്തിന് ബസ് വേണം. അത് സ്റ്റേജ് കാരിയേജ് ആയാലും കോണ്‍ട്രാക്ട് കാരിയേജായാലും വിഷയമല്ലെന്നാണ് യാത്രക്കാരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: