ഉത്തരകാശി(ഉത്തരാഖണ്ഡ്): തകര്‍ന്ന തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ആരോഗ്യ സംവിധാനങ്ങളും ഏര്‍പ്പെടുത്തി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. തൊഴിലാളി കുടുംബങ്ങള്‍ക്ക് എല്ലാ സംവിധാനങ്ങളും ഒരുക്കാന്‍ ഗാര്‍വാല്‍ കമ്മിഷണര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി അപ്പപ്പോള്‍ ഇവരെ അറിയിക്കുമെന്നും ധാമി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന എല്ലാ തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിക്കുവാനാണ് മുന്‍ഗണന നല്‍കുന്നത്. യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: