ന്യൂദല്‍ഹി: അന്ത്യശാസനം നല്‍കിയിട്ടും രാജസ്ഥാനില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാത്ത വിമതസ്ഥാനാര്ത്ഥികള്ക്കും നേതാക്കള്‍ക്കുമെതിരെ നടപടിയുമായി കോണ്‍ഗ്രസ്. രണ്ട് സിറ്റിങ് എംഎല്‍എമാര്‍, ഏഴ് മുന്‍ എംഎല്‍എമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരുള്‍പ്പെടെ അന്‍പതോളം പേരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിങ് രണ്‍ധാവയാണ് വിമതപ്രവര്‍ത്തനം നടത്തുന്നവരെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചത്. വിമത സ്ഥാനാര്‍ത്ഥികളെ അനുനയിപ്പിക്കാനും പത്രിക പിന്‍വലിപ്പിക്കാനും ദേശീയ നേതൃത്വം ഇടപെട്ട് ചര്‍ച്ച നടത്തിയിരുന്നെങ്കിലും ആരും വഴങ്ങിയിരുന്നില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ നാലാംഘട്ട പട്ടിക പ്രഖ്യാപി
ച്ചതോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസംതൃപ്തരായ നേതാക്കളും അനുയായികളും പരസ്യപ്രതിഷേധവുമായിറങ്ങിയത്. നേതാക്കളുടെ കോലം കത്തിച്ചും റോഡില്‍ കുത്തിയിരുന്നുമായിരുന്നു പലയിടത്തും പ്രതിഷേധങ്ങള്‍. ചിലര്‍ പാ
ര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു. ചിലര്‍ സ്വതന്ത്രരായി മത്സരിക്കാന്‍ പത്രിക നല്കി. മറ്റുചിലര്‍ പാര്‍ട്ടിവിട്ടു. 20 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് വിമതരുടെ വെല്ലുവിളി നേരിടുന്നത്.
രാജ്ഗഢ്-ലക്ഷ്മണ്‍ഗഢില്‍ നിലവിലെ കോണ്‍ഗ്രസ് എംഎല്‍എയും വിമത സ്ഥാനാര്‍ത്ഥിയുമായ ജോഹാരിലാല്‍ മീണ, എംഎല്‍എയും ധോല്‍പൂര്‍ ജില്ലയിലെ ബസേരി മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയുമായ ഖിലാഡി ലാല്‍ ബൈര്‍വ, ഷിയോയിലെ വിമതസ്ഥാനാര്ത്ഥിയും ഡിസിസി പ്രസിഡന്റുമായ ഫത്തേഹ്ഖാന്‍, ബാര്‍മറിലെ ശിവാന മണ്ഡലത്തിലെ വിമത സ്ഥാനാര്‍ത്ഥി സുനില്‍ പരിഹാര്‍, ലുങ്കറന്സറിലെ വിമതസ്ഥാനാര്ത്ഥിയും മുന്‍മന്ത്രിയുമായ വീരേന്ദ്ര ബേനിവാള്‍ തുടങ്ങിയവരാണ് നടപടി നേരിട്ടവരില്‍ പ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: