മാറനല്ലൂര്‍: അരുവിക്കരയിലെ ചെക്ക് പോസ്റ്റ് അടച്ചുപൂട്ടാന്‍ അണിയറ നീക്കങ്ങള്‍ സജീവം. ചെക്ക് പോസ്റ്റ് അടച്ചുപൂട്ടുന്നതോടെ ലഹരിക്കടത്ത് സംഘങ്ങളും തമിഴ്നാട്ടില്‍ നിന്ന് റേഷനരി കടത്തുസംഘങ്ങളും സജീവമാകുമെന്ന് ആശങ്ക. ഇതോടെ മേഖലയിലെ ക്രമസമാധാനം തകരാറാകുമെന്ന് നാട്ടുകാര്‍. അടച്ചുപൂട്ടല്‍ നീക്കത്തിലുറച്ച് സര്‍ക്കാര്‍.
ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് ചെക്ക് പോസ്റ്റാണ് അടച്ചുപൂട്ടുന്നത്. പകരം ഇന്റലിജന്റ്സ് എക്സൈസ് പെട്രോള്‍ ആരംഭിക്കുമെന്നാണ് വാഗ്ദാനം. നെയ്യാറ്റിന്‍കര കാട്ടാക്കട മേഖലയില്‍ ചില ചെക്കുപോസ്റ്റുകള്‍ നിര്‍ത്തലാക്കി പകരം ഇന്റലിജന്റ്സ് എക്സൈസ് പെട്രോള്‍ ആരംഭിക്കാനുള്ള നീക്കം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍.
കീഴാറൂര്‍ അരുവിക്കര തെള്ളുക്കുഴി അരുവിക്കര, മാറനല്ലൂര്‍ അരുവിക്കര, പ്ലാവൂര്‍ അരുവിക്കര, അരുവിക്കര വെളിയംകോട് എന്നീ 5 മേജര്‍ റോഡുകള്‍ വന്ന് സന്ധിക്കുന്ന ഭാഗമാണ് മാറനല്ലൂര്‍ അരുവിക്കര ജംഗ്ഷന്. കൂടാതെ കാട്ടാക്കട നെയ്യാറ്റിന്‍കര താലൂക്കുകളെയും മാറനല്ലൂര്‍ ആര്യങ്കോട് എന്നീ രണ്ടു പഞ്ചായത്തുകളെയും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്, നേമം ബ്ലോക്ക് പഞ്ചായത്ത് എന്നിവയെയും ഒന്നിപ്പിക്കുന്ന ഭാഗമാണ് ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് (വെള്ളറട, ചെമ്പൂര് കാരക്കോണം മെഡിക്കല്‍ കോളേജ്, കന്നുവാമൂട്) വേഗത്തിലെത്താന്‍ സഹായിക്കുന്ന റോഡാണ് മാറനല്ലൂരിലെ അരുവിക്കര. ടൂറിസം മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥലം കൂടിയാണിത്. കാട്ടാക്കട നെയ്യാറ്റിന്‍കര താലൂക്കുകളിലെ പ്രധാന ബലിതര്പ്പണകേന്ദ്രം ഇവിടെയാണ്. പത്തിലധികം ക്ഷേത്രങ്ങളുടെ ഘോഷയാത്രകള്‍ കടന്നുപോകുന്നുണ്ട്.
ഈ ചെക്ക് പോസ്റ്റ് പരിധിയില്‍ ഏറ്റവും കൂടുതല്‍ അബ്ക്കാരി കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥലമാണിത്. രാവും പകലും പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റ് നിലവിലുള്ളപ്പോഴാണിത്. ചെക്കുപോസ്റ്റ് ഒഴിവാക്കുന്നതോടെ സമാധാന ജീവിതം തടസപ്പെടുമെന്ന ഭയപ്പാടിലാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: