ആലുവ: ഉരുള്‍പൊട്ടല്‍ കഴിഞ്ഞ മലയോരത്തിന്റെ വിഷാദഭരിതമായ ഏകാന്തത പോലെയായിരുന്നു ആ കോളനി ഇന്നലെ പകല്‍. ആലുവയില്‍ നരാധമന് പിച്ചിച്ചീന്തിയെറിഞ്ഞ പിഞ്ചുബാലിക കളിച്ചുനടന്ന സ്ഥലം. നാട്ടുകാരും പത്രക്കാരും പോലീസുമെല്ലാം കയറിയിറങ്ങി നടന്ന 110 ദിവസം… ചൊവ്വാഴ്ച അതിന്റെ പരിസമാപ്തിയില്‍ പ്രതിക്കു വധശിക്ഷ.
ഇന്നലെ ആരുമുണ്ടായിരുന്നില്ല അവിടെ ആ അച്ഛന്റെയും അമ്മയുടെയും ഏകാന്തതയെ ഭഞ്ജിക്കാന്‍. രാവിലെ മൂത്ത രണ്ടു മക്കള്‍ സ്കൂളിലും അങ്കണവാടിയിലും പോയി. രണ്ടു വയസ്സു കഴിഞ്ഞ ഏറ്റവും ഇളയ കുഞ്ഞു മാത്രം ആ കൊച്ചുവീട്ടില്‍ അവര്‍ക്കൊപ്പം. ചെറിയ ബിസിനസ് നടത്തി ഉപജീവനം കഴിക്കുന്ന അയാള്‍ ഇന്നലെ ഒരിടത്തേക്കും പോയില്ല. കുറ്റപത്രത്തിലെ അവസാന മിനുക്കു പണിക്ക് പോലീസോ, വാദമുഖങ്ങളുടെ മൂര്‍ച്ച മിനുക്കാന്‍ പ്രോസിക്യൂഷനോ വിളിക്കാനില്ലാത്തതിനാല്‍ രാവിലെ തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.
മക്കള്‍ സ്കൂളില്‍ പോയ ശേഷം പുറത്തേക്കുള്ള വാതില്‍ ചാരി. ഭാര്യയും ഭര്‍ത്താവും ഒരുപാടു നാള്‍ക്കുശേഷം ഒറ്റയ്ക്കായി. കണ്ണില്‍ക്കണ്ണില്‍ നോക്കി പരസ്പരം സമാശ്വസിപ്പിച്ചു. ഇടയ്ക്കൊന്നു പുറത്തുവന്നു പരിസരം വീക്ഷിച്ചു. തനിച്ചു കളിക്കുന്ന പെണ്കുഞ്ഞുങ്ങളുണ്ടോയെന്ന് നോക്കിയതാകും, തീര്‍ച്ച. ഇങ്ങനെ പരിസരം ശാന്തമായൊരു ദിനമായിരുന്നു ജൂലൈ 28. അന്നു പുറത്ത് ഒറ്റയ്ക്കു കളിക്കുകയായിരുന്നു അവള്…
സ്കൂളിലേക്കു പോയിരിക്കുന്ന മൂത്ത കുഞ്ഞുങ്ങളെ ഓര്‍ത്ത് ആധിയില്ല. ദുരന്തത്തിനുശേഷം ആ നാടുമുഴുവന്‍ ആ കുഞ്ഞുങ്ങളുടെ യാത്രാവഴിയില്‍ കാവലുണ്ട്. ഉച്ചകഴിഞ്ഞെത്തിയ ജന്മഭൂമി പ്രതിനിധിയോട് പറഞ്ഞു, ”ഞങ്ങള്‍ക്കൊരു സഹായവും വേണ്ട. ആ രാക്ഷസന്റെ കൊല നടപ്പാക്കിയെന്ന വാര്‍ത്തയുമായി നിങ്ങള്‍ വരൂ.” പിരിയാന്‍ നേരം പടിയില്‍ നിന്ന് ഇളയ കുഞ്ഞിനെ ചൂണ്ടി പറഞ്ഞു. ”അതിനൊന്നും അറിയില്ല. ചേച്ചി എപ്പോ വരുമെന്ന ചോദ്യത്തിനു മാത്രം ഒരു മറുപടിയും പറയാന്‍ പറ്റുന്നില്ല.” അപ്പോള്‍ അകത്തേ മുറിയില്‍ നിന്ന് കേട്ടതൊരു തേങ്ങല്‍ മാത്രം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: