തിരുവനന്തപുരം : കളമശ്ശേരിയ സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധന സഹായം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും ഇത് ബാധകമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം നല്‍കുന്നത്.
ഒക്ടോബര്‍ 29നാണ് കളമശ്ശേരിയില്‍ സ്ഫോടനമുണ്ടാകുന്നത്. അതിനിടെ കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ ഈ മാസം 29 വരെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വേണ്ടെന്ന് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതിയെ റിമാന്‍ഡ് ചെയ്തു. കാക്കനാട് ജില്ലാ ജയിയലിലേക്കാണ് റിമാന്‍ഡ് ചെയ്തത്. കളമശ്ശേരി സ്ഫോടനത്തിന്റെ നിര്‍ണായക തെളിവുകളായ റിമോട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പോലീസ് കണ്ടെടുത്തത്. പ്രതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്നാണ് കേസിലെ നിര്‍ണായക തെളിവായ നാല് റിമോട്ടുകള്‍ കണ്ടെടുത്തത്. ഈ റിമോട്ടുകള്‍ ഉപയോഗിച്ചാണ് കളമശ്ശേരിയില്‍ മാര്ട്ടിന് സ്ഫോടനം നടത്തിയതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തില്‍ കൊടകര പോലീസ് സ്റ്റേഷനിലെത്തിയ മാര്ട്ടിന് വാഹനത്തിനുള്ളില്‍ റിമോട്ടുകള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറില്‍ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: