തിരുവനന്തപുരം : കോഴിക്കോട് പാലസ്തീന്‍ അനുകൂല റാലി നടത്താന്‍ ഡിസിസിക്ക് അനുമതി നല്‍കാതിരുന്നതിന് പിന്നില്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ കളികളെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അവിടെത്തന്നെ റാലി നടത്തുമെന്നും സിപിഎമ്മിന്റേത് ധാര്‍ഷ്ട്യമാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
പാലസ്തീന്‍ ജനതയ്‌ക്ക് ആദ്യം മുതലേ ഐക്യദാര്‍ഢ്യവുമായി എത്തിയത് കോണ്‍ഗ്രസാണ്. എന്നാല്‍ സിപിഎമ്മിനുള്ളില്‍ ആശയക്കുഴപ്പമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം പരിപാടിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കണോയെന്നത് സംബന്ധിച്ച് കെപിസിസിയാകും തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലി നവകേരള സദസ് കുളമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. കോഴിക്കോട് കടപ്പുറത്ത് നവകേരള സദസ് നടത്താന്‍ നേരത്തെ നിശ്ചയിച്ചിട്ടുള്ളത്. 25 ദിവസം മുമ്പ് തന്നെ വേദി ബുക്ക് ചെയ്തിട്ടുമുണ്ട്. അല്ലാതെ പരിപാടിക്ക് രണ്ട് ദിവസം മുമ്പല്ല വേദി നിശ്ചയിക്കേണ്ടത്. മറ്റെവിടെയെങ്കിലം വേണമെങ്കില്‍ കോണ്‍ഗ്രസ്സിന് പരിപാടി നടത്താം. കോഴിക്കോട് ബീച്ചില്‍ മറ്റൊരിടത്ത് പരിപാടി നടത്താന്‍ തടസമില്ല. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് മറയ്‌ക്കാനും ജാള്യത ഇല്ലാതാക്കുന്നതിനുമാണ് ഇത് വിവാദമാക്കുന്നതെന്നും മന്ത്രി മുഹമ്മദ് ഖിയാസ് വിമര്‍ശിച്ചു.
പരിപാടിക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങും അറിയിച്ചു. നവ കേരള സദസിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് വേദി നിഷേധിച്ചത്. കോഴിക്കോട് ബീച്ചില്‍ തന്നെ മറ്റൊരിടത്ത് പരിപാടി നടത്താവുന്നതാണ്. നവകേരള സദസ്സിന്റെ സ്റ്റേജ് ഒരുക്കാനും മറ്റും ആവശ്യമായ സ്ഥലത്ത് റാലി നടത്തരുതെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും കളക്ടര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: