ന്യൂദല്‍ഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കുന്ന വേളയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള പത്തുകോടി കുടുംബങ്ങളെ അയോധ്യയിലെ ചടങ്ങുകളുടെ ഭാഗമാകാന്‍ ക്ഷണിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. ലോകത്തിന്റെയും വിവിധ നാടുകളിലിരുന്ന് അയോധ്യയിലെ ചടങ്ങുകള്‍ക്കൊപ്പം പത്തുകോടി പേര് പൂജകളും നാമജപവും നടത്തുമെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ പറഞ്ഞു.
‘ശ്രീരാമന്റെ അയോധ്യയിലേക്കുള്ള മടങ്ങിവരവ് ദീപാവലിയായി രാജ്യം ആഘോഷിച്ചു; സ്വന്തം ജന്മസ്ഥലത്തേക്ക് അഞ്ഞൂറ് വര്‍ഷത്തിന് ശേഷം രാമന് മടങ്ങിയെത്തുന്ന ദിനമായ ജനുവരി 22ന് ലോകം മുഴുവന്‍ രണ്ടാം ദീപാവലി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്, ജനുവരി 22ന് ലോകമാകെയുള്ള ഹിന്ദു സമൂഹം അവരുടെ സമീപത്തെ ക്ഷേത്രങ്ങളെ അയോധ്യയാക്കിമാറ്റി പൂജയും ആരാധനയും നടത്തും. ശ്രീരാം ജയറാം ജയജയ റാം എന്ന മന്ത്രധ്വനികളുമായി ലക്ഷക്കണക്കിന് ഗ്രാമങ്ങളില്‍ അയോധ്യ സൃഷ്ടിക്കും. അയോധ്യയിലെ മന്ദിരോദ്ഘാടനം എല്ലായിടത്തും തത്സമയം കാണിക്കും’, അലോക് കുമാര്‍ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജീവന് ബലിയര്‍പ്പിച്ച നിരവധി ആളുകളുണ്ട്. സ്വന്തം ജീവിതകാലത്ത് അയോധ്യയിലെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ജീവന് ത്യജിച്ചവരാണവര്‍. അവരുടെ കുടുംബാംഗങ്ങളെ അയോധ്യയിലെത്തിച്ച് ദര്‍ശനത്തിന് ക്രമീകരണമൊരുക്കും. രാജ്യത്തെ 45 പ്രവിശ്യകളാക്കി തിരിച്ച് ഓരോ സ്ഥലത്തുനിന്നുമുള്ള ബലിദാനികളുടെ കുടുംബങ്ങള്‍ക്ക് അയോധ്യയില്‍ ദര്‍ശനം നടത്താന്‍ വിഎച്ച്പി സംവിധാനം ഒരുക്കും. ജനുവരി 27 മുതല്‍ ഫെബ്രുവരി 22 വരെ ഇത്തരത്തില്‍ ഒരുലക്ഷത്തോളം പേര് രാമക്ഷേത്രത്തിലെത്തും, അലോക് കുമാര്‍ അറിയിച്ചു. അയോധ്യയിലെ ഉദ്ഘാടന ചടങ്ങുകളില്‍ പ്രധാനപ്പെട്ട മഠങ്ങളിലെയും പരമ്പരകളിലെയും നാലായിരത്തോളം സംന്യാസി ശ്രേഷ്ഠര്‍ പങ്കെടുക്കുമെന്നും വിഎച്ച്പി അറിയിച്ചു.
200 കോടി മുടക്കി ലക്ഷ്മണ് പഥ്
അയോധ്യ: രാമജന്മഭൂമിയില്‍ ഭവ്യക്ഷേത്രം ഉയരുമ്പോള്‍ അടിസ്ഥാന സൗകര്യ മേഖലയിലും അയോധ്യയില്‍ വലിയ കുതിച്ചു ചാട്ടമാണ് നടക്കുന്നത്. 200 കോടി രൂപ മുടക്കി അയോധ്യയില്‍ ലക്ഷ്മണ് പഥ് നിര്‍മിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചു. പുണ്യ നഗരത്തെ പരസ്പരം ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പ്രത്യേക നാലുവരി പാതയാണ് ലക്ഷ്മണ് പഥ്.
നയാ ഘാട്ട് മുതല്‍ സഹദാത്ഗഞ്ച് വരെയുള്ള 13 കിലോമീറ്റര്‍ പ്രദേശത്താണ് റോഡ് വരുന്നത്. അയോധ്യയില്‍ നിര്‍മ്മിച്ച ജന്മഭൂമി പഥ്, ഭക്തി പഥ്, ധര്‍മ്മ പഥ് എന്നിവയ്ക്ക് പുറമേയാണ് പുതിയ റോഡ്. ഗുപ്താര്‍ഘാട്ട്, രാജ്ഘാട്ട് മേഖലകെയും പുതിയ വഴി ബന്ധിപ്പിക്കും. 18 മീറ്റര്‍ വീതിയിലാണ് ലക്ഷ്മണ് പഥ് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: