കാഠ്മണ്ഡു (നേപ്പാള്‍): ഭാരതത്തിനും അഫ്ഗാനിസ്ഥാനും പിന്നാലെ ചൈനീസ് ആപ്പായ ടിക് ടോക്ക് നിരോധിച്ച് നേപ്പാളും. ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്ന ദക്ഷിണേഷ്യയിലെ മൂന്നാമത്തെ രാജ്യമാണ് നേപ്പാള്‍. ഇന്നലെ ചേര്‍ന്ന നേപ്പാള്‍ സര്‍ക്കാരിന്റെ കാബിനറ്റ് യോഗത്തിലാണ് തീരുമാനം.
സാമൂഹിക ഐക്യവും ഭദ്രതയും തകര്‍ക്കുന്ന എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. അതേസമയം നേപ്പാളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ചൈനയ്‌ക്കേറ്റ തിരിച്ചടിയാണിതെന്നാണ് വിലയിരുത്തല്‍.
നേപ്പാളില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ടിക് ടോക്ക് സാമൂഹിക ഘടനയ്‌ക്ക് തന്നെ ഹാനികരമാവുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1,629 സൈബര്‍ ക്രൈം കേസുകളാണ് ടിക് ടോക്കുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്, സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിരോധനം എപ്പോള്‍മുതല്‍ നടപ്പാകുമെന്ന് വ്യക്തമല്ല.
നിലവില്‍ നേപ്പാളില്‍ 22 ലക്ഷം ടിക് ടോക്ക് ഉപയോക്താക്കളുണ്ട്. ടിക് ടോക്കിലൂടെ ചൂതാട്ടവും വാതുവയ്പും പോലും നടക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. അസഭ്യം വര്‍ധിക്കുന്നതിനാല്‍ നേപ്പാളിലെ പല മത സാംസ്‌കാരിക കേന്ദ്രങ്ങളും നേരത്തെതന്നെ ടിക് ടോക്ക് വീഡിയോ ചിത്രീകരണം നിരോധിച്ചിരുന്നു. ഈ സ്ഥലങ്ങളില്‍ ‘നോ ടിക് ടോക്ക്’ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2021ല്‍ ഭാരതവും 2022ല്‍ അഫ്ഗാനിസ്ഥാനും ടിക് ടോക്ക് നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: