ആലപ്പുഴ: നെല്ല് കൊടുത്തതിന്റെ വിലയായി കര്‍ഷകര്‍ക്ക് നല്കുന്ന പിആര്‍എസ് വായ്പ ഇനി മുതല്‍ വേണ്ടെന്ന് കര്‍ഷകര്‍. സപ്ലൈകോ ബാങ്കുകളില്‍ നിന്ന് പണം വായ്പ എടുത്ത ശേഷം നേരിട്ട് പണം കര്‍ഷകര്‍ക്ക് നല്കുന്ന സംവിധാനം ഉണ്ടാകണം എന്നാണ് നെല്‍കര്‍ഷകരുടെ ആവശ്യം. തകഴിയില്‍ കര്ഷകന് കെ. ജി. പ്രസാദ്(56) ആത്മഹത്യ ചെയ്യേണ്ടി വന്നത് പിആര്‍എസ് വായ്പാ കെണി കാരണമാണെന്ന് കര്‍ഷകര്‍ പറയുന്നു.
കര്‍ഷകര്‍ക്ക് നല്‍കേണ്ട നെല്ലുവില ബാങ്കുകളില്‍ നിന്ന് സര്‍ക്കാരോ സപ്ലൈകോയോ വായ്പ എടുക്കണം. പിന്നീട് നെല്ലു വില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കണമെന്നാണ് ആവശ്യം. മാത്രമല്ല, നെല്ലുവിലയില്‍ മൂന്നില്‍ രണ്ടു തുകയും നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. ഈ തുക സംസ്ഥാനം വക മാറ്റി ചെലവഴിച്ച് പിന്നീടാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇതൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നെല്ലുവില നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടില്‍ നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
സാമ്പത്തിക ബാധ്യത ഉടനുണ്ടാകുന്നില്ല എന്ന കാരണത്താലാണ് സര്‍ക്കാര്‍ ബാങ്കുകളുമായി ധാരണയുണ്ടാക്കി നെല്‍വില നല്കാന് പിആര്‍എസ് വായ്പാ രീതി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുടരുന്നത്. സര്‍ക്കാര്‍ ഗാരണ്ടിയില്‍ വ്യക്തിഗത വായ്പ ആയാണ് നെല്ലുവില ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ബാങ്കുകളില്‍ പിആര്‍എസ് (പാഡി രസീത് സ്ലിപ്) ഹാജരാക്കുമ്പോള്‍ വായ്പയായി നെല്ലു വില നല്‍കും. പക്ഷേ ഇത് നിലനില്ക്കുമ്പോള് മറ്റൊരു വായ്പയ്ക്കായി ചെല്ലുമ്പോഴാണ് കര്‍ഷകര്‍ കെണിയിലാകുന്നത്. പ്രസാദിന് സംഭവിച്ചതും ഇതാണ്. തുടര്‍ക്കൃഷിക്കായി വായ്പ ചോദിച്ചപ്പോള്‍ സിബില്‍ സ്കോര്‍ കുറവാണെന്ന് പറഞ്ഞ് വായ്പ നിഷേധിച്ചു. കര്‍ഷകര്‍ക്ക് നല്കുന്ന പിആര്‍എസ് വായ്പ നിശ്ചിത സമയ പരിധിക്കുള്ളില്‍ സര്‍ക്കാര്‍ തിരിച്ചടച്ചില്ലെങ്കില്‍ ഈ കാലയളവില്‍ സിബില്‍ സ്കോറിലെ കുറവ് മൂലം മറ്റ് വായ്പകള്‍ കിട്ടാത്ത സാഹചര്യമുണ്ടാകും. വിദ്യാഭ്യാസ വായ്പ പോലും എടുക്കാനാകാത്ത നിരവധി കര്‍ഷകര്‍ കുട്ടനാട്ടിലുണ്ട്.
പിആര്‍എസ് വായ്പയല്ല പ്രസാദിന് വായ്പ കിട്ടാന്‍ തടസമായതെന്നാണ് സര്‍ക്കാര്‍ നിലപാട്. 2021-22 ല്‍ പ്രസാദില്‍ നിന്നു സംഭരിച്ച നെല്ലിന്റെ വില പിആര്‍എസ് വായ്പയായി ഫെഡറല്‍ ബാങ്ക് വഴി നല്‍കുകയും സമയബന്ധിതമായി അടച്ചുതീര്‍ക്കുകയും ചെയ്തിരുന്നതായി മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു.
2022-23 സീസണിലെ ഒന്നാം വിളയായി പ്രസാദില്‍ നിന്ന് 4896 കിലോഗ്രാം നെല്ലു സംഭരിക്കുകയും അതിന്റെ വിലയായി 1,38,655 രൂപ കേരള ബാങ്ക് വഴി പിആര്‍എസ് വായ്പയായി അനുവദിക്കുകയും ചെയ്തു. അതിന്റെ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളുവെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. എന്നാല്‍ പിആര്‍എസ് വായ്പ മറ്റു വായ്പകള്‍ക്ക് തടസമായി സിബില്‍ സ്കോറില്‍ പ്രതിഫലിക്കുമെന്നു ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: