പരവൂര്‍: കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ പ്രഥമസ്ഥാനമുള്ള സ്ഥലമാണ് പരവൂര്‍ പൊഴിക്കര. നിലവില്‍ സന്ദര്‍ശകര്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാം എന്നതിനപ്പുറമുള്ള പ്രവര്‍ത്തനങ്ങളൊന്നും ഇവിടെയില്ല.
എന്നാല്‍ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നിരവധി സാധ്യതകളുള്ള സ്ഥലമാണിവിടം. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പരവൂര്‍ നഗരഭരണത്തിന്റെ കഴിവില്ലായ്മയും മെല്ലെ പോക്കും പൊഴിക്കരയുടെ വികസനത്തെ പിന്നോട്ടടിക്കുന്നു.
സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രം ഒരുവശം കായലും മറുവശം കടലും ചേര്‍ന്ന അതിമനോഹരമായ മണല്‍ പരപ്പുകളുമാണ് പരവൂര്‍ പൊഴിക്കരയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാനം. കടലും കായലും ചേരുന്ന പൊഴിമുഖം കടലിനും കായലിനും റോഡിന്റെ മധ്യത്ത് നിന്ന് കാണാമെന്നതാണ് മറ്റ് ടൂറിസം കേന്ദ്രങ്ങളില്‍നിന്ന് പൊഴിക്കരയ്ക്കുള്ള പ്രത്യേകത.
പൊഴിക്കര പൊഴിമുഖത്ത് ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. പൊഴിക്കരയെ കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാക്കി മാറ്റണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
നിത്യവും സഞ്ചാരികളുടെ എണ്ണം പൊഴിക്കര കടപ്പുറത്ത് വര്‍ദ്ധിച്ചുവരികയുമാണ്. പരവൂര്‍ പ്രദേശവാസികളുടെ ചിരകാലസ്വപ്നമായ പദ്ധതി പ്രകാരമുള്ള നിര്‍മ്മാണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പരവൂരിന്റെ മുഖച്ഛായ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അധികൃതര്‍ക്ക് മെല്ലെപ്പോക്ക്
സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് നടപ്പാക്കുന്ന പരവൂര്‍-പൊഴിക്കര ടൂറിസം പദ്ധതിയുടെ നിര്‍മാണം ഇതുവരെയും പൂര്‍ത്തിയാകുന്നില്ല. അധികൃതരുടെ മെല്ലെപ്പോക്കാണ് പദ്ധതി നിര്‍വഹണം ഇഴഞ്ഞുനീങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എല്ലാ പദ്ധതികളും ഉദ്ഘാടനത്തിലും പ്രഖ്യാപനത്തിലും ഒതുങ്ങുന്നു. മുന്‍ ഇടതുപക്ഷഭരണസമിതിയുടെ നേതൃത്വത്തില്‍ കേരളസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതി ഇപ്പോഴും പാതി വഴിയിലാണ്.
കടലിനോട് ചേര്‍ന്ന് 200 മീറ്റര്‍ ദൈര്‍ഘ്യമുള്ള നടപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം എങ്ങുമെത്തിയില്ല. വിശ്രമിക്കാനുള്ള ഗാലറി നിര്‍മിച്ചെങ്കിലും പൊട്ടി പൊളിഞ്ഞു. ഇരിപ്പിടങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുമ്പോള്‍ ബാക്കിയുള്ള നിര്‍മാണപ്രവര്‍ത്തികള്‍ എല്ലാം പാതി വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മാണം എങ്ങുമെത്തിയില്ല. ഇതിനൊപ്പം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച പരവൂര്‍
കായലില്‍ ബോട്ടിംഗിനായി സൗകര്യപ്രദമായ ബോട്ട് ജെട്ടി, ടിക്കറ്റ് കൗണ്ടര്‍, കോഫി ഷോപ്പ്, സഞ്ചാരികള്‍ക്ക് ഉദയാസ്തമയം കാണാനുള വ്യൂപോയിന്റ്, ശുചിമുറികള്‍, പാര്‍ക്കിംഗ്
സൗകര്യം എന്നീ പദ്ധതികളെല്ലാം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി.
നഗരസഭയുടെ പാര്‍ക്ക് നാശത്തിലേക്ക്
പൊഴിക്കരയില്‍ വിനോദസഞ്ചാരികള്‍ക്കായി പാര്‍ക്ക് നിര്‍മിച്ച് ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടിട്ടുണ്ട്. എന്നാല്‍ മത്സ്യബന്ധന തൊഴിലാളികള്‍ വലകള്‍ ഉണക്കാനാണ് ഇവിടം ഉപയോഗിക്കുന്നത്. കാടുമൂടി കിടക്കുകയാണ് പാര്‍ക്ക്. നഗരസഭ ഇത് വൃത്തിയാക്കാതെ ഉപേക്ഷിച്ച നിലയിലാണ്. പാര്‍ക്ക് വൃത്തിയാക്കി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: