ടെല്‍ അവീവ് :ഹമാസ് ബന്ദികളാക്കിയ 239 പേരെ മോചിപ്പിച്ചാല്‍ മാത്രമേ ഗാസയില്‍ വെടി നിര്‍ത്തല്‍ സാധ്യമാകൂ എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു. ടെലിവിഷനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധാനന്തരം ഗാസ സൈനികമുക്തമാക്കുമെന്നും ഭീകരരെ വേട്ടയാടാനുള്ള സ്വാതന്ത്ര്യത്തോടെ ഇസ്രായേല്‍ അവിടെ സുരക്ഷാ നിയന്ത്രണം ഏറ്റെടുക്കുമെന്നും ബഞ്ചമിന് നെതന്യാഹു പറഞ്ഞു. നിലവില്‍ ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ സ്വയംഭരണ പ്രദേശങ്ങള്‍ നിയന്ത്രിക്കുന്ന പാലസ്തീന് അതോറിറ്റി ഗാസയെ നിയന്ത്രിക്കണമെന്ന ആശയവും നെതന്യാഹു നിരസിച്ചു.
അതിനിടെ, വടക്കന്‍ ഗാസയിലെ ഷിഫയ്ക്കും മറ്റ് ആശുപത്രികള്‍ക്കും സമീപം പോരാട്ടം ശക്തമായി. അവശ്യസാധനങ്ങള്‍ക്ക് ദൗര്‍ലഭ്യമനുഭവപ്പെടുന്നുണ്ട്. സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിച്ച് ആശുപത്രികളിലും അതിനടിയിലും ഹമാസ് കമാന്‍ഡ് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചു. എന്നാല്‍ ഷിഫയിലെ മെഡിക്കല്‍ സ്റ്റാഫ് അത്തരം ആരോപണങ്ങള്‍ നിഷേധിച്ചു. ഇസ്രായേല്‍ സാധാരണക്കാരെ ദ്രോഹിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
അതിനിടെ അല്‍-ഷിഫ ആശുപത്രി ഉപരോധിച്ചിട്ടില്ലെന്നും ആശുപത്രി വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ മാര്‍ഗ്ഗമുണ്ടെന്നും ഇസ്രായേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: