അലസമാം പകലിന്റെ
വിരസമാം അന്ത്യത്തില്‍
ആഴിയില്‍ കുങ്കുമവര്‍ണം
ചാര്‍ത്തി ആദിത്യന്‍
ആരതിയുഴിയും നേരത്ത്
ആരവങ്ങള്‍ക്കിടയില്‍
നിന്നവളെത്തി
പ്രകാശമില്ലാത്തൊരു
കൊച്ചു താരകം പോലെ
ആ പേനാ കച്ചവടക്കാരി
നീട്ടിപിടിച്ച കൈകളില്‍
മഴവില്ലിന്‍ വര്‍ണരാജി പോലെ
നാനാവര്‍ണങ്ങളിലുള്ള പേനകള്‍
മാറാപ്പിലെന്‍ കണ്ണുകളുടക്കിയ
നിമിഷത്തില്‍ അറിഞ്ഞു ഞാന്‍
ഒരു കുഞ്ഞു ജീവന്റെ നിശ്വാസം
പിറവികൊണ്ട് ദിനങ്ങള്‍
പിന്നിടാത്തൊരു പൈതല്‍
കൈയില്‍ തൂങ്ങി മറ്റൊരു
ബാല്യം നിര്‍ജീവം
പുസ്തകതാളില്‍
പുത്തനുണര്‍വ്‌തേടി
പുത്തനുടുപ്പിന്റെ
നറുമണം തേടേണ്ട
നിന്റെയീ അക്ഷരക്കാലം
നീട്ടിയ കൈവെള്ളയില്‍
ആരോ കൊടുത്തൊരു
നേര്‍ത്ത ദയാവായ്‌പ്പിന്റെ
അക്കങ്ങള്‍ തേടുന്നു
തുകല്‍ സഞ്ചിയിലെ
അവസാനത്തെ പണവും
നിനക്കായി നല്‍കി
ഞാന്‍ നടന്നു നീങ്ങവേ
എന്നിലുമീ സ്മൃതി
വിസ്മൃതിയായേക്കാം
എങ്കിലും ഈ പാതയില്‍
ഏകാകിയാകും വേളയില്‍
എന്തിനെന്നറിയാതെ
മിഴികള്‍ നിറയുമ്പോള്‍
ഞാനറിയുന്നു
പാദസ്പന്ദനങ്ങളിലാതെ
എന്റെ മാതൃത്വത്തിന്റെ
സപ്തനാഡികളിലേക്കും
ഒരു ചോദ്യചിഹ്നമാവുന്നു
നിന്റെയീ ബാല്യം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: