ബ്രിസ്ബേന്‍: വനിതാ ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്ക് അഞ്ച് ലോക കിരീടം നേടിക്കൊടുത്ത നായിക മെഗ് ലാനിങ് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. 31-ാം വയസിലാണ് താരം കളി നിര്‍ത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ ഓസ്ട്രേലിയയില്‍ നടന്ന ഒരു പൊതുചടങ്ങിനിടെയാണ് ലാനിങ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ലീഗ് ക്രിക്കറ്റുകളില്‍ തുടരുമെന്ന സൂചനയും താരം നല്കി.
ഓസ്ട്രേലിയക്കായി കളിക്കുന്നത് അവസാനിപ്പിക്കാന്‍ ഏറ്റവും പറ്റിയ സമയം ഇതാണെന്ന് ലാനിങ് പൊതുപരിപാടിക്കിടെ പറഞ്ഞു. 13 വര്‍ഷമായി ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കുന്ന അവര്‍ ഇതുവരെ 241 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചു. ആറ് ടെസ്റ്റുകളും 103 ഏകദിനങ്ങളും 132 ട്വന്റി20യും അതില്‍ ഉള്‍പ്പെടും. രാജ്യാന്തര ക്രിക്കറ്റില്‍ ആകെ 8,352 റണ്‍സെടുത്തിട്ടുണ്ട്. 17 സെഞ്ചുറികള്‍ സ്വന്തം പേരിലുണ്ട്.
ഓസ്ട്രേലിയയുടെ ഏഴ് വനിതാ ലോകകപ്പ് കിരീട നേട്ടത്തില്‍ ലാനിങ് ഭാഗമായിരുന്നു. അതില്‍ അഞ്ച് കിരീടങ്ങള്‍ താരം നായികയായി നേടിക്കൊടുത്തതാണ്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍(2022-ബിര്‍മിങ്ഹാം) ഓസീസിന് സ്വര്‍ണം നേടിക്കൊടുക്കാനും താരത്തിന് സാധിച്ചു.
ജന്മംകൊണ്ട് സിംഗപ്പൂരുകാരിയായ മെഗ് ലാനിങ് 2010ലാണ് ആന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഓസ്ട്രേലിയയുടെ ചിരവൈരികളായ ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റായിരുന്നു ആദ്യ മത്സരം. 2011ല്‍ ഇംഗ്ലണ്ടിനെതിരെ കന്നി സെഞ്ചുറി നേടുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ ഓസീസ് താരമായിരുന്നു. പെര്‍ത്തില്‍ ആ മത്സരം നടക്കുമ്പോള്‍ ലാനിങ്ങിന്റെ പ്രായം 18 വയസും 288 ദിവസവും ആയിരുന്നു.
2012(ട്വന്‍ി20), 2013(ഏകദിനം) ലോകകപ്പുകള്‍ നേടിയ ഓസീസ് ടീമില്‍ താരം ഉള്‍പ്പെട്ടിരുന്നു. 2014ല്‍ നായിക ജോഡീ ഫീല്‍ഡ്സിന് പകരക്കാരിയായാണ് ലാനിങ് നായികയായത്. താരത്തിന് കീഴില്‍ പിന്നീട് ഓസ്ട്രേലിയന്‍ വനിതകള്‍ ട്വന്റി20, ഏകദിന ലോക കിരീടങ്ങള്‍ നേടുന്നത് പതിവ് കാഴ്ചയായി. 2017ല്‍ താരം തോളിന് പരിക്കേറ്റ് വിട്ടുനിന്ന ലോകകപ്പില്‍ ഓസ്ട്രേലിയന്‍ പ്രകടനം സെമിയില്‍ അവസാനിച്ചു. താരം ടീമിലെത്തിയ ശേഷം ടീം വീണ്ടും കിരീടനേട്ടങ്ങള്‍ തിരികെ പിടിച്ചു.
പത്ത് വര്‍ഷത്തോളം നീണ്ട നായിക പദവിയില്‍ നിന്നുള്ള പടിയിറക്കത്തോടെ ആ സ്ഥാനത്തേക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ(സിഎ)യ്ക്ക് മറ്റൊരു താരത്തെ കണ്ടെത്തേണ്ടതുണ്ട്. അടുത്ത മാസം ഭാരതത്തിലേക്ക് പര്യടനം നടത്താനിരിക്കുകയാണ് ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം.
നിലവില്‍ നടന്നുവരുന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ മാക്സ്വെല് നെതര്‍ലന്‍ഡ്സിനെതിരെ 40 പന്തില്‍ സെഞ്ചുറി നേടി ഏറ്റവും വേഗത്തിലുള്ള ഓസ്ട്രേലിയന്‍ താരത്തിന്റെ സെഞ്ചുറി കണ്ടെത്തിയിരുന്നു. 2012ല്‍ ലാനിങ് ന്യൂസിലന്‍ഡിനെതിരെ 45 പന്തില്‍ നേടിയ സെഞ്ചുറിയാണ് മാക്സ്വെല് മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: