പാട്ന: ഗര്‍ഭനിരോധനം സംബന്ധിച്ച് ബിഹാര്‍ നിയമസഭയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നു. എല്ലാ മേഖലകളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ നിതീഷ് കുമാര്‍ മാപ്പു പറഞ്ഞു തടിതപ്പാന്‍ ശ്രമം.
പുരുഷന്മാര് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും വിദ്യാസമ്പന്നരായ സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നത് തടയുന്നുണ്ടെന്നും എങ്ങനെ ഗര്‍ഭം ധരിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് സ്ത്രീകള്‍ക്ക് അറിയാമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഗര്‍ഭിണിയാകാതെ ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ സ്ത്രീകള്‍ സ്വയം പഠിക്കണമെന്നും നിതീഷ് ആഹ്വാനം ചെയ്തിരുന്നു. ജനസംഖ്യ നിയന്ത്രത്തില്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് നിതീഷ് സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയത്. സ്ത്രീ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമസഭയിലുള്ളപ്പോഴാണ് നിതീഷിന്റെ അശ്ലീല പരാമര്‍ശം. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.
നിതീഷിനെ പോലെ മറ്റൊരു അശ്ലീല നേതാവ് വേറെയില്ലെന്ന് ബിജെപി ആരോപിച്ചു. ബിജെപി അംഗങ്ങള്‍ നിയമസഭ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ പ്രതിഷേധം സംഘടിപ്പിച്ചു. നിതീഷ് കുമാറിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി വിമര്‍ശിച്ചു.
മധ്യപ്രദേശിലെ ഗുണയില്‍ നടന്ന റാലിയിലാണ് പ്രധാനമന്ത്രി നിതീഷിനെ ശക്തമായി വിമര്‍ശിച്ചത്. ഇന്‍ഡി സഖ്യത്തിലെ വലിയ നേതാവാണ് ഇത്തരത്തിലുള്ള ഭാഷ നിയമസഭക്കുള്ളില്‍ പ്രയോഗിച്ചത്, ഇത് സങ്കല്പ്പത്തിനുമപ്പുറമാണെന്ന് മോദി ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ സ്ത്രീകളെക്കുറിച്ച് എങ്ങനെയായിരിക്കും ചിന്തിക്കുക. ഇതവര്‍ക്ക് എങ്ങനെ ഗുണകരമാകും. സ്ത്രീകളെ ആരെങ്കിലും ബഹുമാനിക്കുമോ. ഇക്കാര്യത്തില്‍ ഇന്‍ഡി സഖ്യം മൗനം പാലിക്കുന്നതിനെയും മോദി വിമര്‍ശിച്ചു.
വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന് ബിഹാര്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്കി. നിയമസഭാ രേഖകളില്‍ നിന്ന് ഈ പരാമര്‍ശം ഒഴിവാക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. സി ഗ്രേഡ് സിനിമാ ഡയലോഗിന് സമാനമായ പ്രയോഗമാണ് മുഖ്യമന്ത്രി നിയസഭയില്‍ നടത്തിയതെന്ന് ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ്മ കുറ്റപ്പെടുത്തി.
ഇത്തരം പരാമര്‍ശങ്ങള്‍ പിന്തിരിപ്പന് മാത്രമല്ല, സ്ത്രീകളുടെ അവകാശങ്ങളെയും തെരഞ്ഞെടുപ്പുകളെ കുറിച്ചുമുള്ള അവബോധമില്ലായ്മ കൂടിയാണ്. ഈ പരാമര്‍ശങ്ങള്‍ക്ക് ബിഹാര്‍ മുഖ്യമന്ത്രി രാജ്യത്തുടനീളമുള്ള സ്ത്രീകളോട് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഏറ്റവും സ്ത്രീവിരുദ്ധവും അശ്ലീലവും പുരുഷാധിപത്യപരവുമാണ് നിതീഷിന്റെ പ്രസ്താവനയെന്ന് ബിജെപി വ്യക്തമാക്കി.
നിതീഷ് കുമാര്‍ തന്റെ പരാമര്‍ശങ്ങളിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സും അലങ്കാരവും കളങ്കപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രിയും ബിഹാറില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ചൗബെയും പറഞ്ഞു.
ഗര്‍ഭനിരോധന ഉപദേശത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുസഫര്‍പൂര്‍ കോടതിയില്‍ കേസ്. അഭിഭാഷകനായ അനില്‍ കുമാര്‍ സിംഗാണ് നിതിഷിനെതിരെ കോടതിയെ സമീപിച്ചത്. നവംബര്‍ 25 ന് കേസില്‍ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: