കണ്ണൂര്‍ : പാലസ്തീന് അനുകൂല റാലിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചെങ്കിലും മുസ്ലിം ലീഗിനെ വിടാതെ പിന്തുടര്ന്ന് സിപിഎം. ഇടത് അനുകൂല സംഘടനയായ എംവിആര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷകനായി പി.കെ. കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചുകൊണ്ടാണ് അടുത്ത നീക്കം.
സിപിഎം നേതാക്കള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയിലേക്കാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചിരിക്കുന്നത്. കേരള നിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലാണ് കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചിരിക്കുന്നത്.
ശനിയാഴ്ച കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന പാലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് വിവാദമാവുകയും ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി സിപിഎമ്മിന്റെ ക്ഷണം നിരസിക്കുകയുമായിരുന്നു. സിപിഎം മുസ്ലിംലീഗിന്റെ പിന്നാലെയാണെന്ന വിധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. അതിനുപിന്നാലെയാണ് സിപിഎം വേദിയിലേക്ക് മുസ്ലിം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചിരിക്കുന്നത്.
എന്നാല്‍ എം.വി.രാഘവനുമായുള്ള അടുപ്പം മുന്‍ നിര്‍ത്തിയാണ് കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചതെന്നാണ് സംഘാടകരായ സിപിഎം നേതാക്കളുടെ വിശദീകരണം. അതേസമയം എം.വി. രാഘവനുമായി ഏറ്റവും അടുപ്പമുള്ള കെ. സുധാകരനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടെന്ന് ചോദ്യം ഉയര്‍ന്നെങ്കിലും സിപിഎം അതിന് മറുപടി നല്‍കിയില്ല.
മന്ത്രി വി.എന്‍. വാസവനാണ് അനുസ്മരണ പരിപാടിയും സെമിനാറും ഉദ്ഘാടനം ചെയ്യുന്നത്. സിപിഎം നേതാക്കളായ പാട്യം രാജന്, എം.വി. ജയരാജന്, എം.കെ. കണ്ണന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടക്കുന്നുണ്ട. അതേസമയം കോണ്‍ഗ്രസ്സിന്റെ സഹകരണ ജനാധിപത്യവേദി ചെയര്‍മാനായ കരകുളം കൃഷ്ണപിള്ളയേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നിലവില്‍ കോണ്‍ഗ്രസ്സില്‍ പദവികളൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: