തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ ഇ ഡി അന്വേഷണം സിപിഎം ഉന്നതരിലേക്ക് നീങ്ങുന്നു. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന് ഇ ഡി നോട്ടീസ് അയച്ചു. ഈ മാസം 25ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചാണ് നോട്ടീസ്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികളെ സിപിഎം ജില്ലാ സെക്രട്ടറി സഹായിച്ചുവെന്നാണ് ഇ ഡി കരുതുന്നത്. തട്ടിപ്പ് സംബന്ധിച്ച് വ്യക്തമായ പരാതികളും തെളിവുകളും ലഭിച്ചിട്ടും നടപടിയെടുത്തില്ല. പ്രതികളെ സഹായിക്കുന്ന നിലപാടാണ് എം.എം. വര്‍ഗീസ് സ്വീകരിച്ചത്. 2019 മുതല്‍ മൂന്നു വര്‍ഷം സഹകരണ വകുപ്പിന്റെ ഓഡിറ്റില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ജില്ലാ സെക്രട്ടറിക്ക് അറിയാമായിരുന്നു. എന്നിട്ടും നടപടിയെടുത്തില്ല. അന്വേഷണ ഏജന്‍സികളെ വിവരമറിയിച്ചില്ല തുടങ്ങിയ ആരോപണങ്ങളാണ് എം.എം. വര്‍ഗീസിനെതിരെയുള്ളത്.
മുന്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സംസ്ഥാന സമിതിയംഗവുമായ ബേബി ജോണിനെയും അടുത്ത ദിവസം വിളിപ്പിക്കുമെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പ് തുടങ്ങുന്ന കാലത്ത് ബേബി ജോണായി രുന്നു ജില്ലാ സെക്രട്ടറി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഉന്നത രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ ഇ ഡി വ്യക്തമാക്കിയിരുന്നു. കള്ളപ്പണ കേസിലെ ഉന്നത ഇടപെടലില്‍ അന്വേഷണം തുടരുകയാണെന്ന് കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇ ഡി വ്യക്തമാക്കിയിരുന്നു.
കേസില്‍ രണ്ടാം ഘട്ട അന്വേഷണം ആരംഭിച്ചതോടെയാണ് ഇ ഡി സിപിഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ കൂടുതല്‍ ഉന്നതര്‍ക്കെതിരെ അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം. ദിവസങ്ങള്‍ക്ക് മുമ്പാണ് കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം വടക്കാഞ്ചേരി കൗണ്‍സിലര്‍ പി.ആര്. അരവിനാക്ഷന്‍ കേസില്‍ 14 ാം പ്രതിയാണ്. ആദ്യ അറസ്റ്റ് നടന്ന് 60 ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് പ്രതികളുടെ സ്വാഭാവിക ജാമ്യത്തിനുള്ള വഴിയടച്ച് ഇ ഡി കോടതിയില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: