2024ലെ ലോകസഭ തെരഞ്ഞെടുപ്പിനുശേഷം ഭാരതത്തെ ഒരു ഹിന്ദുമത രാഷ്ട്രമായി ബിജെപി പ്രഖ്യാപിക്കുമെന്നതാണ് പ്രധാന പ്രചരണം. കേരളത്തിലെ മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നതിനാണിത്തരം പ്രചരണമെന്ന് വ്യക്തം. വിവിധ മതരാജ്യങ്ങളില്‍ അരങ്ങേറിയിട്ടുള്ള കലാപങ്ങളും ന്യൂനപക്ഷ പലായനങ്ങളും കണ്ടുപരിചിതമായ നമുക്ക് ഭാരതം മതാധിഷ്ഠിത രാജ്യമായാല്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുമോയെന്ന ഭീതി വച്ചുപുലര്‍ത്തുന്നവരുണ്ട്. അത്തരത്തില്‍ ഹിന്ദുത്വത്തെയും മത മൗലികവാദത്തെയും ബന്ധിപ്പിക്കുവാന്‍ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് മുന്നണികള്‍ക്കും ഇസ്ലാമിസ്റ്റുകള്‍ക്കും ഇക്കാലം കൊണ്ട് സാധിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലയെന്നതാണ് സത്യം.
എന്താണ് മതവും മതരാഷ്ട്രവും
ഏകീകൃതമായ വിശ്വാസ പ്രമാണങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും കര്‍ക്കശമായ നിയമങ്ങള്‍ക്കും കീഴില്‍ സംഘടിതമായ വിഭാഗങ്ങളാണ് മത സമൂഹങ്ങള്‍. മതങ്ങള്‍ മനുഷ്യരെയെല്ലാം ഒരുപോലെ ഉള്‍ക്കൊള്ളുന്നില്ല. ഞങ്ങളെന്നും നിങ്ങളെന്നും വേര്‍തിരിക്കുന്നു. തങ്ങളുടെ വളര്‍ച്ചയെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. ഇത്തരം മത രാഷ്ട്രത്തെ ഭരിക്കുന്നത് മതനിയമങ്ങളാല്‍, മത നേതാക്കന്മാരാണ്. അവിടുത്തെ ഭൂരിപക്ഷ മതസമൂഹത്തിന് പ്രത്യേക അവകാശങ്ങളുള്ളതുപോലെ ന്യൂനപക്ഷങ്ങളുടെമേല്‍ നിയന്ത്രണങ്ങളുമുണ്ട്. ഉദാഹരണത്തിന്, ഹിന്ദു ധര്‍മത്തില്‍നിന്നും വേര്‍പെട്ട് ഇസ്ലാമിക മതം സ്വീകരിച്ചതിന് ശേഷം പാകിസ്ഥാനില്‍ മറ്റുമതസ്ഥരുടെ സ്ഥിതി പരിതാപകരമായി. ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായി ജീവിച്ചതിന്റെ ഫലമായി ഹിന്ദു, ക്രിസ്ത്യന്‍, സിഖ് ജനസംഖ്യ കുറയുക മാത്രമല്ല നിലവിലുള്ളവരുടെ ജീവിത നിലവാരം ഇടിയുകയും ചെയ്തു. അറേബ്യന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളും ജൂതരും യസീദികളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ നാമാവിശേഷമായത് മറ്റൊരുദാഹരണമാണ്. സൗദിയടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ ഖുറാനെ അടിസ്ഥാനമാക്കിയുള്ള രാജ ഭരണമാണ്. ഇറാനില്‍ നീതിന്യായ വ്യവസ്ഥ മതനിയമത്തിലധിഷ്ഠിതമാണ്. ഇന്ന് വത്തിക്കാനിലെ ഭരണാധികാരി ക്രിസ്തുമത നേതാവായ മാര്‍പാപ്പയാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന് മതഭീകരര്‍ ഇസ്ലാമിക നിയമങ്ങള്‍ക്കനുസരിച്ചു ഭരിക്കുന്നു. സിറിയ, ഇറാഖ് തുടങ്ങിയ പരാജിത രാജ്യങ്ങളെല്ലാം മതാധിഷ്ഠിത രാജ്യങ്ങളാണ്.
ഹിന്ദുത്വമെന്നത് ഇസ്ലാമിക-ക്രൈസ്തവ മതങ്ങളെപോലെ ഒരു മതത്തിന്റെ ചട്ടകൂടിലേക്ക് ചുരുങ്ങിയാല്‍ ഈ പ്രചരണത്തില്‍ കഴമ്പുണ്ടെന്ന് പറയാം. ഭാരതത്തില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങളോ പ്രവര്‍ത്തനങ്ങളോ ഇല്ല. ശക്തമായൊരു ഭരണഘടനയും, നിയമ വാഴ്ചയും, ജനാധിപത്യവും, നീതിന്യായ വ്യവസ്ഥയും നിലനില്‍ക്കുന്ന രാഷ്ട്രമാണ് നമ്മുടേത്. ഭരണഘടനയുടെ അഭാവത്തിലും ഒരു ജനാധിപത്യ വ്യവസ്ഥയില്‍ സഞ്ചരിക്കാന്‍ ഭാരതത്തിനാവും. സ്വാതന്ത്ര്യവും, സമത്വവും, മതേതരത്വവുമെല്ലാം എവിടെയും എഴുതി വെയ്ക്കേണ്ടി വരുകയോ, വേര്‍തിരിച്ചു പറയുകയോ ചെയ്യേണ്ട ആവശ്യമില്ല. ഹിന്ദുത്വവും ധര്‍മവും അതിന്റ ഒരു സംയോജിത പദമാണ്. ഇവയെല്ലാം ഈ സംസ്കാരത്തില്‍ അന്തര്‍ലീനമാണ്.
മതം, ധര്‍മം, ഹിന്ദുത്വം
ഭാരതം ഹിന്ദു രാഷ്ട്രമാണെന്ന് നിസംശയം പറയാം. എന്നാല്‍ ഹിന്ദുവെന്നത് ഒരു മതമാണോയെന്നതാണ് ഉയരുന്ന ചോദ്യം. ഹിന്ദുത്വം ഒരു മതമല്ല, മറിച്ച് ഭാരതത്തിന്റെ സഹജമായ സ്വഭാവമാണ്. ഭാരതമെന്ന ഹിന്ദുരാഷ്ട്രത്തെ നയിക്കുന്നത് ധര്‍മമാണ്. അതിനാല്‍ ഭാരതമൊരു ധര്മരാഷ്ട്രമാണ്. അതിന് മതവുമായി യാതൊരു ബന്ധവുമില്ല. എന്താണ് ധര്‍മം? വ്യക്തിപരമായി അനുഷ്ഠിക്കുന്ന, സാമൂഹികമായ നിയമ സംഹിതകളാണ് ധര്‍മം. അര്‍ത്ഥം, കാമം, മോക്ഷത്തോടൊപ്പം ധര്‍മവും ചേരുമ്പോഴാണ് മനുഷ്യന്റെ ജീവിത ലക്ഷ്യങ്ങളായ നാല് പുരുഷാര്‍ത്ഥങ്ങള്‍ പൂര്‍ണമാവുന്നത്. ഇവ പൂര്‍ത്തീകരിക്കുകയാണ് മാനവന്റെ ജീവിത ലക്ഷ്യമെന്നതാണ് ഹിന്ദുത്വ സങ്കല്പം. ധര്മമെന്നാല് ജീവിത പദ്ധതിയാണ്. അത് നമ്മുടെ സംസ്കാരത്തിന്റെ സ്വത്വവും ആത്മതത്വവും സഹജ സ്വഭാവുമാണ്. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പരിശുദ്ധി നിലനിര്‍ത്തുന്നതിനൊപ്പം ഈപ്രപഞ്ചത്തിന്റെയും ആഗോള സമൂഹത്തിന്റെയും ക്രമത്തെ നിലനിര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും അത് പ്രാധാന്യം നല്കുന്നു.
എല്ലാവരുടെയും സംശയത്തിന്റെ ഉറവിടം ഹിന്ദുത്വവും മതവും തമ്മിലുള്ള ബന്ധം എന്തെന്നുള്ളതാണ്. ധര്‍മത്തെ ഇംഗ്ലീഷ് പദമായ റിലീജിയന്‍ എന്ന വാക്കുപയോഗിച്ച് അഭിസംബോധന ചെയ്യുന്നതാണ് പ്രശ്നങ്ങളുടെ ആധാരം. അത് ധര്‍മത്തെയും മതത്തെയും ഒന്നായി കാണുവാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ ധര്‍മത്തിനുപകരം വെയ്ക്കാവുന്ന ഇംഗ്ലീഷ് പദമില്ല. അതിനെ ധര്‍മമെന്ന് തന്നെ ഉച്ചരിക്കണം. ധര്‍മവും മതവും രണ്ട് വ്യത്യസ്ത സങ്കല്‍പ്പങ്ങളാണ്. മതം അതിലെ അംഗങ്ങളുടെ മാത്രം ക്ഷേമത്തിനും ഉന്നമനത്തിനും പ്രാധാന്യം കൊടുക്കുന്നു. എന്നാല്‍ സമാജ സേവനമാണ് ധര്‍മം ആവശ്യപ്പെടുന്നത്. മനുഷ്യനെ സേവിക്കുന്നതിന് പ്രാധാന്യം നല്കുന്നു. ധര്‍മം സഹജീവികളെ ഉള്‍പ്പടെ പ്രപഞ്ചത്തിലെ എല്ലാ ജീവ ജാലങ്ങളെയും ഉള്‍കൊള്ളുവാനും അതിലെ ഈശ്വര സാന്നിധ്യത്തെ തിരിച്ചറിയുവാനും പ്രേരിപ്പിക്കുന്നു.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ധര്‍മം ഭാരതത്തിന്റെ പ്രകൃതി നിയമമാണ്. നാം നിരവധി നിയമ വ്യവസ്ഥകളിലൂടെ കടന്നുപോയിട്ടും മനുഷ്യകുലത്തിന് ഗുണകരവും സംതൃപ്തി ലഭിക്കുന്നതുമായ നിയമ സംമഹിതകള് രൂപപ്പെടുത്താന്‍ നമുക്ക് ഇതുവരെ കഴിഞ്ഞില്ല. ഇന്ന് സ്ത്രീകള്‍, കുട്ടികള്‍, ദിവ്യാംഗര്‍, പ്രകൃതി, നദികള്‍, പക്ഷി മൃഗാദികള്‍, വൃക്ഷങ്ങള്‍, വിഭവങ്ങള്‍, വിവിധമതങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ സംരക്ഷണത്തിനായി പ്രത്യേക നിയമങ്ങളുണ്ട്. ഇത്രയും നിയമങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സ്ത്രീകളും, കുട്ടികളും, പ്രകൃതിയും നിരന്തരചൂഷണങ്ങള്ക്ക് വിധേയമാവുന്നത്? മതങ്ങള്‍ തമ്മില്‍ സ്പര്ദ്ധയുണ്ടാകുന്നത? സമൂഹത്തെ നിയമങ്ങള്‍ കൊണ്ടുമാത്രം നയിക്കാന്‍ നമുക്ക് സാധിക്കില്ല എന്നല്ലേ ഇത് അര്‍ത്ഥമാക്കുന്നത്. കാരണം, നിയമം ഭരണജാതവും അതിന്റെ ഉത്ഭവം അധികാര കേന്ദ്രവുമാണ്. അതിന്റെ അഭാവത്തില്‍ നിയമത്തിന് ഉശിരില്ല, ഉയിരില്ല. ശിക്ഷിക്കപ്പെടും എന്ന ഭയപ്പാടിലാണ് അത് അനുസരിക്കപ്പെടുന്നത്. അങ്ങനെ ചിന്തിക്കുമ്പോള്‍ മനുഷ്യന്റെ മനസ്സിന്റെയുള്ളില്‍ നിന്ന് ഇവയോട് അനുഭാവപൂര്‍വമായ പെരുമാറ്റം ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഉയരുന്നു. ആ തലത്തിലേക്ക് എങ്ങനെയാണ് നമുക്ക് എത്തിച്ചേരാന്‍ സാധിക്കുക? അവിടെയാണ് ധര്‍മമെന്ന സ്വയംഭൂവായ തത്വങ്ങളുടെ പ്രാധാന്യം ഉദിക്കുന്നത്. സ്ത്രീ-പുരുഷ തുല്യത, വിവാഹം, കുടുംബം തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലയെയും ധര്‍മം സ്പര്‍ശിക്കുന്നു. മതങ്ങളില്‍ നിന്നും വ്യത്യസ്തമായി എല്ലാവരെയും ധര്‍മം ഒന്നിപ്പിച്ചു നിര്‍ത്തുന്നു. ധര്മവ്യവസ്ഥക്ക് ബദലായി മറ്റൊന്നില്ല.
അഹിംസയും സത്യവും ധര്‍മത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്. ഹിംസാന്മകമായ പ്രവൃത്തികളെ അത് നിരുത്സാഹപ്പെടുത്തുന്നു. ഹിംസയെന്നാല്‍ കായികപരമായ ഉപദ്രവങ്ങള്‍ മാത്രമല്ല. വേദനിപ്പിക്കുന്നവാക്കുകള്‍, ആക്രമണം, അസഹിഷ്ണുത, അസൂയ, അത്യാഗ്രഹം, ദേഷ്യം, ഭയപ്പെടുത്തല്‍ തുടങ്ങിയവയെല്ലാം ഹിംസയായി കണക്കാക്കുന്നു. നിയമത്തിന് ആവശ്യമായതുപോലെ ധര്‍മം പ്രാവര്‍ത്തികമാക്കുവാന്‍ പുറമെ നിന്നുമുള്ള പ്രേരണ വേണ്ട. വികസിത ഹൃദയം, പ്രബുദ്ധ മനസ് ഇവ ധര്‍മത്തെ സ്വയം ചലിപ്പിക്കുന്നു. അതില്‍ നിന്നുണ്ടാകുന്ന ആനന്ദം തന്നെയാണ് അതിന്റെ ഊര്‍ജം. സമൂഹിക നന്മയ്ക്കായി അത് വ്യക്തികളെ രൂപപ്പെടുത്തുന്നു. എന്നാല്‍ ധര്‍മം വ്യക്തിപരമല്ല, സാമൂഹികതയാണ് അതിന്റെ അടിസ്ഥാനം.
മറ്റൊന്ന് ഹിന്ദുത്വമെന്ന പദമാണ്. ഹിന്ദുത്വം അപകടകാരിയും ഒപ്പം ‘ഹിന്ദുയിസം’നല്ലതെന്നും സ്കൂള്‍ തലം മുതല്‍ നമ്മളെ പഠിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഹിന്ദുവിനോട് ഇസം എന്ന പ്രത്യയം ചേര്‍ക്കുമ്പോള്‍ കമ്മ്യൂണിസം, ഇസ്ലാമിസം പോലെ ഒരു അടഞ്ഞ ചിന്താദര്ശനമായി മാറുന്നു. പിന്തുടരേണ്ടതായ പ്രത്യേക നിയമങ്ങളും രീതികളുമടങ്ങിയ കര്‍ക്കശ സ്വഭാവമുള്ള കേവലമൊരുമതമായി വിശാലമായ ഹിന്ദുധര്‍മം ചുരുങ്ങുന്നു. മറിച്ച് ഹിന്ദുത്വമെന്നാല്‍ ഹൈന്ദവ സംസ്കാരത്തിന്റെ തത്വങ്ങളാണ്. വേദങ്ങളിലും, പുരാണങ്ങളിലും, ഉപനിഷത്തുകളിലുമായി പരന്നു കിടക്കുന്ന അറിവുകളുടെ സഗാരമാണത്. മനുഷ്യരാശിയെ ഒത്തൊരുമയോടെ നയിക്കാന്‍ കെല്‍പ്പുള്ള തത്വചിന്തകളാണവ. അതൊരു മതമായി ചുരുക്കി കാണാനാവില്ല. മതങ്ങളിലെപ്പോലെ ഒരു വിശുദ്ധ പുസ്തമോ, ഏക ദൈവമമോ, വിശ്വാസികളോ ഹിന്ദുവിനില്ല. ഹിന്ദുത്വം പഠിപ്പിക്കുന്നത് അന്വേഷകരാവാനാണ്. അറിവിനും മുക്തിക്കുമായുള്ള ജീവിതാന്വേഷണമാണത്.
(നാളെ: ബിജെപിയും ഏകാത്മ മാനവദര്ശനവും)
(ദല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: