പെരിനാട്: കൊല്ലം റെയില്‍വെ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍, തൊട്ടടുത്ത സ്റ്റേഷനായ പെരിനാട് റെയില്‍വെ സ്റ്റേഷനും വികസന പ്രതീക്ഷയില്‍.
കൊല്ലം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനാക്കണമെന്ന ആവശ്യം ഉയരുന്നു. 14 ഏക്കര്‍ റെയില്‍വെ ഭൂമിയുള്ള ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥലസൗകര്യങ്ങളുണ്ട്.
കൊല്ലം റെയില്‍വെ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍, കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ മെമു ഷെഡ് അടക്കമുള്ളവ പെരിനാട്ടിലേക്ക് മാറ്റാന്‍ സാധിക്കും. തിരുവനന്തപുരം ഭാഗത്തേക്കുള്ള മെമു അടക്കമുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ പെരിനാട്ടില്‍ നിന്ന് ആരംഭിക്കാം.
ഇതോടൊപ്പം പെരിനാട്-കുണ്ടറ റെയില്‍പാത കണക്ട് ചെയ്താല്‍ ചരക്ക് നീക്കം വേഗത്തിലാക്കാന്‍ സാധിക്കും. പുനലൂര്‍-ആര്യങ്കാവ് റൂട്ടിലേക്കുള്ള ഗുഡ്സ് ട്രെയിനുകള്‍ക്ക് കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ എത്താതെ പോകാന്‍ സാധിക്കും. റിസര്‍വേഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്റ്റേഷനില്‍ ആരംഭിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്
പരാധീനതകള്‍ ഏറെ
മെമു, പാസഞ്ചര്‍ ട്രയിനുകള്‍ക്ക് മാത്രമാണ് പെരിനാട് സ്റ്റോപ്പുള്ളത്. കൊവിഡിനു മുന്‍പ് സ്റ്റോപ്പുണ്ടായിരുന്ന ഗുരുവായൂര്‍-മധുര, നാഗര്‍കോവില്‍-കോട്ടയം ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിച്ചിട്ടില്ല. പ്രതിദിനം 300ല്‍ പരം യാത്രാക്കാരെത്തുന്ന സ്റ്റേഷനില്‍ മതിലുകളില്ലാത്തതിനാല്‍ ഏതു വഴിയും പ്ലാറ്റ്ഫോമിലേക്ക് കയറാം. കാലങ്ങളായി ഇവിടെ സുരക്ഷ കുറവാണെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നുണ്ട്. പരിശോധനകളോ നടപടികളോ നിലവിലില്ല.
അത്യാവശ്യം തിരക്കുള്ള സ്റ്റേഷനില്‍ സിസിടിവി ക്യാമറകളില്ല. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ സ്റ്റേഷനില്‍ എത്താറുള്ളൂ. സ്റ്റേഷന് മാസ്റ്ററും പോയിന്റ്സ് വുമണും ഉള്‍പ്പടെ അഞ്ച് ജീവനക്കാരാണുള്ളത്.
രാത്രിയില്‍ വനിതാ ജീവനക്കാരി ഉള്‍പ്പടെരണ്ടു പേര് മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഇവരുടെ സുരക്ഷിതത്വത്തിലും യാതൊരുവിധ ഉറപ്പുമില്ല. വളരെ ചെറിയ ഒരു ഷെഡിലാണ് ഇവര്‍ വിശ്രമിക്കുന്നത്. വേണ്ടത്ര വെളിച്ചവും സൗകര്യങ്ങളുമില്ല.
പുതുമുഖം നല്കാന് ഹരിത കര്‍മ്മ സേന
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛതഹി സേവയുടെ ഭാഗമായി പെരിനാട് റെില്‍വേ സ്റ്റേഷനിലെ തരിശായ ഭൂമി ശുചീകരിച്ച് കൃഷിക്കായി ഉപയോഗിക്കാനൊരുങ്ങി ഹരിത കര്‍മസേന. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് റെയില്‍വേ സ്റ്റേഷന് പരിസരം ശുചീകരിച്ചിരുന്നു.
സ്റ്റേഷന് പരിസരം കാടുപിടിച്ചു കിടക്കുന്നതാണ് മാലിന്യനിക്ഷേപത്തിന് കാരണമാകുന്നത്. കാട് വെട്ടിത്തെളിച്ച് ശുചീകരണം നടത്തി അവിടെ കൃഷിയിടമാക്കി റെയില്‍വേ സ്റ്റേഷന്
പരിസരം സൂക്ഷിക്കുക എന്നതാണ് ദൗത്യം. ഇതുവഴി കാര്‍ഷിക വിപണിയെ സഹായിക്കാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ്. സാമൂഹിക വിരുദ്ധരുടെയും നായശല്യവും ഒരു പരിധിവരെ നിയന്ത്രിക്കാനാകും.
മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ് ഫോം
രണ്ടാം പ്ലാറ്റ് ഫോമില്‍ മേല്‍ക്കൂരയില്ലാത്തത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്റ്റേഷന് മേല്‍നടപ്പാതയുടെ പാളികള്‍ പലതും നേരിയ തരത്തില്‍ ഇളകിയിട്ടുണ്ട്.
നായശല്യം
സ്റ്റേഷന്റെ പഴയ ക്വാര്‍ട്ടേഴ്സിന് മുന്നില്‍ നായശല്യം കൂടുതലാണ്. ഒഴിഞ്ഞ പഴയ കെട്ടിടമായതിനാല്‍ മുഴുവന്‍ കാടുകയറി കിടക്കുകയാണ്. ഫുട്ഓവറില്‍ മുഴുവന്‍ സമയങ്ങളിലും നിരവധി നായ്ക്കളാണ് കൂട്ടം കൂടി കിടക്കുന്നത്. രണ്ട് പ്ലാറ്റ്
ഫോമുകളുളള സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടറിലെത്താന്‍ ഇതുവഴിയെത്തുന്ന യാത്രക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
നായ്ക്കളെ സ്റ്റേഷന് പരിധിയില്‍ ഉപേക്ഷിക്കുന്നത് വര്‍ധിച്ചുവരികയാണെന്ന് റെയില്‍വേ ജീവനക്കാര്‍ പറഞ്ഞു. പ്ലാറ്റ്ഫോം പരിസരത്ത് മാലിന്യം കെട്ടിക്കിടക്കുന്നത് നായകള്‍ സ്ഥിരമായി തമ്പടിക്കാനുളള കാരണവുമാകുന്നു.
സാമൂഹ്യവിരുദ്ധ ശല്യം
റെയില്‍വേ സ്റ്റേഷന് പരിധി കാടുംപടലവും കേറിയ അവസ്ഥയാണ്. സ്റ്റേഷനും പരിസരവും രാത്രിയില്‍ വിജനമാണ്. തുറസ്സായ സ്ഥലമായതുകൊണ്ടുതന്നെ രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായിട്ടുണ്ട്.
സ്റ്റേഷനോടു ചേര്‍ന്നുള്ള പ്ലാറ്റ്ഫോമിന്റെ വശങ്ങളില് പൊന്തക്കാടാണ്. ഇവിടെ റെയില്‍വേ നിര്‍മാണത്തിനാവശ്യമായ സ്ലാബുകള്‍ അടുക്കിയിട്ടിട്ടുണ്ട്. ദിവസവും സന്ധ്യാസമയങ്ങളില്‍ ലഹരി ഉപയോഗത്തിനായി നിരവധി യുവാക്കള്‍ ഇവിടെ തമ്പടിക്കാറുണ്ട്. കുറ്റിക്കാടിന്റെ മറവായതിനാല്‍ കൂട്ടംകൂടി ഇരുന്നാലും പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് അറിയാന്‍ കഴിയില്ല. തിരക്കില്ലാത്ത സമയങ്ങളില്‍ ലഹരി സംഘത്തിന്റെ താവളമാണ് സ്റ്റേഷന് പരിസരം.
നാട്ടുകാര്‍ പലതവണ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. റെയില്‍വേ സ്റ്റേഷന് പരിധിയിലുള്ള ഇരിപ്പിടങ്ങളിലും സന്ധ്യാ സമയങ്ങളില്‍ മദ്യപിക്കാന്‍ ആളുകള്‍ വരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
ലോക്കല്‍ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും പരിശോധനയില്ലാത്തത് സാമൂഹ്യവിരുദ്ധര്‍ക്ക് സഹായകരമാകുന്നു. സ്റ്റേഷന് പരിസരം ലഹരി മാഫിയയുടെ കേന്ദ്രമായി മാറിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ റെയില്‍വേ അധികൃതരോ പോലീസോ ശാശ്വതമായ ഒരു പരിഹാരവും കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്ലാറ്റ്ഫോമിലെ ഇരിപ്പിടങ്ങളില്‍ നിന്ന് സാമൂഹ്യ വിരുദ്ധര്‍ ടൈല്‍സ് ഇളകിക്കൊണ്ടു പോകുന്നതായും അടുത്ത കാലത്ത് ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: