കൊട്ടാരക്കര: നഗരസഭയുടെ ഔദ്യോഗിക വാഹനം ദുരുപയോഗത്തിനിടയ്ക്ക് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മുന്‍ ചെയര്മാന് എ.ഷാജു, നഗരസഭ സെക്രട്ടറി ടി.വി പ്രദീപ് കുമാര്‍ എന്നിവരില്‍ നിന്ന് 11.34 ലക്ഷം ഇടാക്കണമെന്ന് സര്‍ക്കാരിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസ് (ബി)യുടെ എ. ഷാജു ചെയര്‍മാനായിരിക്കെ ഔദ്യോഗിക വാഹനം അനുമതി ഇല്ലാതെ ചട്ട വിരുദ്ധമായി സംസ്ഥാന അതിര്‍ത്തി കടന്ന് തമിഴ്നാട് പുളിയറയില്‍ അപകടത്തില്‍ പെട്ട് തകര്‍ന്നത്.
ഈ സംഭവത്തിലാണ് നിയമ ലംഘനം നടന്നതായും സര്‍ക്കാരിന് 11,34,443രൂപ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടിലുള്ളത്. എ. ഷാജു, നഗരസഭ സെക്രട്ടറി ടി.വി.പ്രദീപ്കുമാര്‍ എന്നിവരില്‍ നിന്ന് ഈ തുക ഈടാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ നിര്‍ദേശം.
അമിത വേഗത്തില്‍ സഞ്ചരിച്ച നഗരസഭ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് തകരുകയായിരുന്നു. കഴിഞ്ഞവര്‍ഷം മെയ് 30ന് രാത്രിയില്‍ പുളിയറ പോലീസ് സ്റ്റേഷന് പരിധിയിലാണ് അപകടം നടന്നത്. കേരള കോണ്‍ഗ്രസ്സ് (ബി) മുന്‍ ചെയര്മാന് ആര്.ബാലകൃഷ്ണ പിള്ളയുടെ അസ്ഥി നിമഞ്ജന ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം.
സംഭവത്തില്‍ ബിജെപി, കോണ്‍ഗ്രസ് കക്ഷികള്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. ഔദ്യോഗിക വാഹനം അനുമതി ഇല്ലാതെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയത് ചട്ട ലംഘനം ആണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
അതിര്‍ത്തി കടന്ന് വാഹനം കൊണ്ടു പോയതില്‍ സര്‍ക്കാര്‍ അനുമതി വാങ്ങിയതിന്റെ രേഖകള്‍ ഹാജരാക്കിയിരുന്നില്ല. അപകടം സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് നല്കിയ കത്തില്‍ എ.ഷാജു സ്വകാര്യ ആവശ്യത്തിനാണ് വാഹനം കൊണ്ട് പോയതാണെന്നാണ് പറയുന്നത്. സംസ്ഥാന അതിര്‍ത്തി കടന്നുപോയത് ഷാജു അറിയിച്ചിട്ടില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സെക്രട്ടറിയുടെ പരാമര്‍ശം.
അപകട സമയത്ത് മുന്‍ ചെയര്മാന് എ. ഷാജു, ഡ്രൈവര്‍ എന്നിവരെ കൂടാതെ മറ്റു രണ്ട് സുഹൃത്തുകള്‍ കൂടി വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് നല്കിയ രേഖകളില്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിശേഷം തകര്‍ന്ന നഗരസഭാ വാഹനം ആദ്യ ലേലങ്ങളില്‍ വിറ്റു പോകാത്തതിനെ തുടര്‍ന്ന് മറ്റൊരു ലേലത്തില്‍ കുറഞ്ഞ തുകയ്ക്കാണ് വി റ്റുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: