ദിവ്യം, അലൗകികം, അസാമാന്യം ഇത്യാദിയാണ് ദേവപദത്തിന്റെ അര്‍ത്ഥം. ലോകത്തില്‍ സകലരും സ്വന്തം സ്വാര്‍ത്ഥ പൂര്‍ത്തിയിലും അഭിലാഷപൂര്ത്തിയിലും വ്യാപൃതരായി കഴിയുന്നതായിട്ടാണ് സാധാരണയായി കണ്ടുവരുന്നത്. ആവുന്നത്ര അന്യരില്‍ നിന്നും അപഹരിക്കാനാണ് എല്ലാവര്ക്കും താല്പര്യം. അന്യരില്‍ നിന്നും ഇങ്ങനെ എടുക്കുവാന്‍ മാത്രം തല്പരരായി കഴിയുന്ന സാമാന്യന്മാരെ ദൈത്യര്‍ എന്നു പറയുന്നു. എന്നാല്‍ നേരേ മറിച്ച് സ്വന്തം ശക്തിയും സാമര്‍ത്ഥ്യവും സ്വന്തം സുഖത്തിലും ഭോഗാസക്തിയിലും വ്യര്‍ത്ഥമാക്കാതെ നിഷ്കപടബുദ്ധിയോടെ അന്യരുടെ ക്ഷേമത്തിനുവേണ്ടി അര്‍പ്പിക്കുകയും പരസേവന തല്പരരായി കഴിയുകയും സദാ സമയവും കൊടുക്കുവാന്‍ സന്നദ്ധതയോടെ കഴിയുകയും ചെയ്യുന്ന അസാധാരണന്മാരെ ദേവന്മാര് (ദേവത കൊടുക്കുന്നവര്‍) എന്നും വിളിക്കുന്നു.
ദേവന്മാര് ദിവ്യന്മാരാണ്. അഥവാ ആരുടെ ഭാവനകളും, ഇച്ഛകളും, ആകാംക്ഷകളും ദിവ്യമായിരിക്കുന്നുവോ അവര്‍ ദേവന്മാര് ആണെന്നു പറയാം. ദേവന്മാര് ലൗകിക മനുഷ്യരെപ്പോലെയല്ല ചിന്തിക്കുന്നത്. വസ്തുക്കളേയും സംഭവങ്ങളേയും ലൗകിക ദൃഷ്ടിയിലൂടെ അല്ല അവര്‍ വീക്ഷിക്കുന്നത്. നോക്കാനും കാണാനുമുള്ള അവരുടെ രീതി വ്യത്യസ്ഥമാണ്. ദിവ്യ സിദ്ധാന്തങ്ങളെ മുന്‍നിര്‍ത്തി, അവയുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിശ്ചയിക്കുകയും, ഉചിതമെന്നു തീരുമാനിച്ച കര്‍ത്തവ്യങ്ങളെ വമ്പിച്ച പ്രലോഭനങ്ങളെയും, ആകര്‍ഷണങ്ങളെയും, ആപത്തുകളെയും, ഭയത്തെയും നേരിട്ടാല്‍ തന്നെയും ദൃഢചിത്തരായി മുറുകെപ്പിടിച്ചു കഴിയുകയും ചെയ്യുന്നു. കാരണം സാമാന്യ മനുഷ്യരെപ്പോലെ ഇവര്‍ പദാര്‍ത്ഥങ്ങളില്‍ സംതൃപ്തി ദര്‍ശിക്കുന്നില്ല. ഇവരുടെ ദൃഷ്ടികോണം മറ്റു രൂപത്തിലാണ്. ഇവര്‍ തങ്ങളുടെ കര്‍ത്തവ്യത്തെ കേന്ദ്രബിന്ദുവാക്കി അതിശ്രേഷ്ഠമായ ഭാവനകളെയും ആനന്ദത്തെയും അതില്‍ കേന്ദ്രീകരിച്ച് അതില്‍ രമിച്ചുകൊണ്ടു സുഖശാന്തി കണ്ടെത്തുന്നു.
സാധാരണക്കാരേക്കാള്‍ ഉപരിയായ തലത്തില്‍ അവര്‍ നിലകൊള്ളുന്നു. അസാമാന്യമായ ഫലങ്ങളാണ് അവരുടെ ലക്ഷ്യം. അവരുടെ ജീവല്ജ്യോതി ലൗകികതലത്തില്‍ നിന്നും ഉന്നതമാകയാല് അലൗകികം എന്നു പറയപ്പെടുന്നു. ദേവന്മാര് സ്വര്‍ഗ്ഗത്തിലാണ് വാഴുന്നതെന്നും സ്വര്‍ഗ്ഗം ഭൂമിയേക്കാള്‍ എത്ര ഉയരത്തിലാണോ അത്രതന്നെ സങ്കുചിതത്ത്വത്തിനും ഉപരിയായ ചിന്താതലത്തിലാണു അവര്‍ വിചരിക്കുന്നത് എന്നാണ്. ഇതിനാല്‍ ദേവന്മാരുടെ ലോകം മനുഷ്യരുടെ ലോകത്തേക്കാള്‍ ഉയര്‍ന്നതാണെന്നു പരിഗണിക്കപ്പെടുന്നു. ദേവലോകത്തില്‍ ദേവന്മാര്ക്കു സകലവിധ ആനന്ദവും ലഭിക്കുന്നുവെന്ന ധാരണ സത്യമാണ്. സാധാരണ വ്യക്തി എത്രതന്നെ സമ്പത്തുകളും വൈഭവങ്ങളും സമ്പാദിച്ചാല്‍ തന്നെയും കൈവരിക്കാന്‍ കഴിയാത്ത അത്രയും സുഖം ദേവന്മാര്ക്കു സ്വാഭാവികമായിത്തന്നെ ലഭിക്കുന്നു. കാരണം സ്പഷ്ടമാണ്. ഭൗതിക വസ്തുക്കള്‍ അസ്ഥിരവും പരിവര്‍ത്തന വിധേയവുമാണ്. അവയുടെ ഏറ്റക്കുറവിനോടൊപ്പം പ്രസന്നതയും വിഷാദവും സംഭവിക്കുന്നു. എന്നാല്‍ ദിവ്യഭാവനകളുടെ ആനന്ദം ഒരു രസമാണ്. ജയത്തിലും പരാജയത്തിലും, സൗകര്യങ്ങളിലും അസൗകര്യങ്ങളിലും, ഏകരസമായി കഴിയുന്നു. ഇതിന്റെ ആനന്ദാനുഭൂതി സാധാരണക്കാര്‍ക്കു ഒരിക്കലും അനുഭവസാദ്ധ്യമല്ല.
യാതൊന്നുമൂലം സാധകന് ദിവ്യനാകുകയും, ദിവ്യതത്വങ്ങളാലും ദിവ്യസിദ്ധാന്തങ്ങളാലും, ദിവ്യ വിശ്വാസങ്ങളാലും അന്തഃകരണം നിറയുകയും തന്റെ ചിന്തകളിലും കര്‍മ്മങ്ങളിലും ദിവ്യത്വം വഴിഞ്ഞൊഴുകുകയും ചെയ്യാന്‍ സാധിക്കുന്നുവോ, ആ ഉദ്ദേശത്തിനായി ഗായത്രിയിലൂടെ പരമാത്മാവിന്റെ ദിവ്യസ്വരൂപം ധ്യാനിക്കപ്പെടുന്നു. യാതൊരു ദിവ്യ ലോകമാണോ മരണശേഷം പ്രാപിക്കുമെന്നു സങ്കല്പിക്കുന്നത്, ഇവര്‍ക്കു ഇഹലോകത്തില്‍ തന്നെ അതു ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: