മലയിന്‍കീഴ്: ഒരിറ്റു കുടിനീരി നായി കുടങ്ങളുംകൊണ്ട് രാത്രിയില്‍ അരക്കിലോമീറ്റര്‍ സഞ്ചരിക്കണം. തലയില്‍ ചുമ ന്നോ ഓട്ടോറിക്ഷവിളിച്ചോ വെള്ളം വീട്ടില്‍ എത്തിക്കണം. ഒരു മാസമായി കരമന സെക്ഷനിലെ പള്ളിച്ചല്‍ പഞ്ചായത്തിലെ നേമം ഇടത്തറ ഭാഗത്തെ 25ഓളം കുടുംബങ്ങളുടെ ദുഹരവസ്ഥയാണിത്. ജല്‍ജീവന്‍ മിഷന് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ കോടികള്‍ നല്കുമ്പോഴും കുടിവെള്ളത്തിന് പൂട്ടിടുകയാണ് വാട്ടര്‍ അതോറിറ്റി. സ്വകാര്യവ്യക്തിയുടെ മതില് സംരക്ഷിക്കാന്‍ പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടയുള്ള 25ഓളം കുടുംബങ്ങളുടെ കുടിവെള്ളത്തിനാണ് വാട്ടര്‍ അതോറിറ്റി പൂട്ടിട്ടത്.
ഇടത്തറ ഭാഗത്തെ കിണറുകളുള്ള വീടുകളിലെ കിണറുകള്‍ ഉപയോഗിക്കാനാവാത്ത വിധം മലിനമാണ്. ഇടത്തറ തോട്ടിലൂടെ ഒഴുകിപ്പോകുന്ന ജലമാണ് ശുചിമുറി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. പക്ഷെ കുടിവെള്ളത്തിന് ഏക ആശ്രയം വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളാണ്. അതാണ് സ്വകാര്യ വ്യക്തിയുടെ മതില് സംരക്ഷിക്കാന്‍ വാട്ടര്‍ അതോറിറ്റി പൂട്ടിയത്.
കുടിവെള്ള പൈപ്പുകള്‍ പോകുന്നത് സ്വകാര്യവ്യക്തിയുടെ മതിലിന് സമീപത്ത്കൂടിയാണ്. ഈഭാഗത്ത് ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് സ്ഥാപിച്ചിരുന്നു. ആശാസ്ത്രീയ പൈപ്പിടലായതിനാല്‍ ഇത് നിരന്തരം പൊട്ടുന്നുണ്ട്. ഇത് മതിലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നുണ്ട്. ഇവിടെ ആഴത്തില്‍ പൈപ്പിട്ടാല്‍ പ്രശ്നം പരിഹരിക്കാനാകും. എന്നാല്‍ അതിനുപകരം മതിലിന് സംരക്ഷണം നല്കാന് ജല്‍ജീവന്‍ മിഷന്റെയും 25 കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്കുന്ന പൈപ്പും വാട്ടര്‍ അതോറിറ്റി പൂട്ടി. യാതൊരു മുന്നറിയിപ്പും കൂടാതെ ഇടത്തറ ഭാഗത്തെ കുടുംബങ്ങള്‍ക്കായി വെള്ളം ഓഴുകുന്ന പൊതു പൈപ്പ് എന്റ് കാപ് ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു. ഇതോടെ മിക്ക വീടുകളിലെയും സ്ത്രീകള്‍ രാത്രികാലങ്ങളില്‍ അരകിലോമീറ്ററോളം അകലെ മാങ്കൂട്ടം ഭാഗത്ത് വന്ന് പൈപ്പുവെള്ളം കുടങ്ങളില്‍ ശേഖരിച്ചുകൊണ്ട് പോവുകയാണ്.
വാര്‍ഡംഗം കവിതാ ഉണ്ണി നിരന്തരം ആവശ്യം അറിയിച്ചെങ്കിലും നാളിതുവരെ കുടിവെള്ളവിതരണം പുനസ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നും നീക്കമൊന്നുമുണ്ടായിട്ടില്ല. പരാതിയുമായി എത്തിയ പഞ്ചായത്ത് അംഗത്തെ അപമാനിക്കുന്ന തരത്തിലാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പെരുമാറിയത്. ‘നിങ്ങള്‍ ആളെ വിളിച്ച് ചെയ്തോളൂ നമ്മള് തടസ്സം പറയുന്നില്ലല്ലോ’ എന്നാണ് വാട്ടര്‍ അതോറിറ്റി ഉദേ്യാഗസ്ഥര്‍ പ്രതികരിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ ആരോപിച്ചു. വിവാദ മതിലിരിക്കുന്ന ഭാഗത്തെ പഞ്ചായത്ത് അംഗം സംഭവത്തില്‍ മൗനം പാലിക്കുന്നതാണ് പ്രശ്നപരിഹാരം നീണ്ടുപോകാനിടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡുവശം താഴ്ത്തി പൈപ്പിടല്‍ നടത്തിയാല്‍ മതില് ഇടിഞ്ഞുവീഴുമെന്നും, ആ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്താല്‍ പണി ചെയ്ത് വെള്ളം എത്തിക്കാം എന്നുമാണ് വാട്ടര്‍ അതോറിറ്റി കരമന സെക്ഷന്‍ അസിസ്റ്റന്‍് എന്‍ജിനീയറുടെ നിലപാട്. കുടിവെള്ളത്തെക്കാള് വിലപിടിപ്പുള്ള മതില് സംരക്ഷിക്കാനാണ് വാട്ടര്‍ അതോറിറ്റി ശ്രമിക്കുന്നതെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്.
ഹരി പെരുങ്കടവിള
പ്രതികരിക്കാൻ ഇവിടെ എഴുതുക: