കൊച്ചി: സിബിഎസ്ഇ സംസ്ഥാന സ്കൂള്‍ യുവജനോത്സവം ഈ മാസം 24 മുതല്‍ 26 വരെ കാലടി ശ്രീശാരദ വിദ്യാലയത്തില്‍. സംസ്ഥാനത്തെ 2900 സിബിഎസ്ഇ സ്കൂളുകളില്‍ നിന്നായി പതിനായിരത്തോളം പ്രതിഭകള്‍ മൂന്നു ദിവസത്തെ മേളയില്‍ മാറ്റുരയ്ക്കും. യുവജനോത്സവ ലോഗോ പ്രശസ്ത സിനിമാതാരം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു.
24ന് രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സിനിമാതാരം നവ്യ നായര്‍, ബെന്നി ബഹനാന് എംപി, എംഎല്‍എമാരായ റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, സിയാല്‍ എംഡി ഡോ.എസ്. സുഹാസ് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. 25 വേദികളിലായി 140 ഇനങ്ങളിലായാണ് മത്സരം.
ശ്രീശാരദ വിദ്യാലയം കൂടാതെ ആദിശങ്കര എന്‍ജിനീയറിങ് കോളജ്, ശ്രീശങ്കര ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ആദിശങ്കര ട്രെയിനിങ് കോളജ് എന്നിവിടങ്ങളും മത്സര വേദികളായിരിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയാസ്, കേരള സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് എന്നിവര്‍ സംയുക്തമായാണ് യുവജനോത്സവ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്. മന്ത്രി കെ. രാജീവ് മുഖ്യ രക്ഷാധികാരിയായി സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
വിവിധ ജില്ലകളില്‍ നിന്നെത്തുന്ന മത്സരാര്‍ത്ഥികളുടെ സഹായത്തിനായി നെടുമ്പാശേരി വിമാനത്താവളം, കാലടി മറ്റൂര്‍ ജങ്ഷന് എന്നിവിടങ്ങളില്‍ ഹെല്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും.
ആദിശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ. ആനന്ദ്, യുവജനോത്സവം ജനറല്‍ കണ്‍വീനര്‍ ഡോ. ദീപ ചന്ദ്രന്, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയാസ് പ്രസിഡന്റ് ഡോ. സിജന് പോള്‍ ഉന്നകല്ലേല്, ജനറല്‍ സെക്രട്ടറി ജോജി പോള്‍, ട്രഷറര്‍ ഡോ. ദിനേശ് ബാബു, കൊച്ചി മെട്രോ സഹോദയ ട്രഷറര്‍ ഡോ. അനില്‍കുമാര്‍, സെക്രട്ടറി ബോബി ജോസഫ്, കേരള സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്, ജനറല്‍ സെക്രട്ടറി പി. എസ്. രാമചന്ദ്രന് പിള്ള, ട്രഷറര്‍ സി.എ. എബ്രഹാം തോമസ്, ശാരദ വിദ്യാലയ പിടിഎ പ്രസിഡന്റ് ബിജു ജനാര്ദ്ദനന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: