തിരുവനന്തപുരം: കരുവന്നൂർ ബാങ്കിൽ 82 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും പണം തിരികെ നല്‍കണം എന്ന ആവശ്യവുമായി കരുവന്നൂര്‍ ബാങ്ക് പരിസരത്ത് നിന്നും പദയാത്ര തുടങ്ങിവെച്ച് നിക്ഷേപകന്‍. മാപ്രാണം സ്വദേശി ജോഷിയാണ് ഇഡി കരുവന്നൂര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ദിവസം തന്നെ കരുവന്നൂര്‍ ബാങ്ക് പരിസരത്ത് നിന്നും പദയാത്ര തുടങ്ങിയത്.
കരുവന്നൂർ ബാങ്കിൽ നിന്ന് തൃശ്ശൂർ സിവിൽ സ്റ്റേഷൻ വരെയായിരുന്നു പദയാത്ര. 82 ലക്ഷം രൂപയാണ് ജോഷിക്കും കുടുംബത്തിനും ബാങ്കിൽ നിക്ഷേപമുള്ളത്. കഴിവുണ്ടെങ്കിൽ കേസ് കൊടുക്കൂ എന്നായിരുന്നു ബാങ്കിനെ സമീപിച്ചപ്പോൾ ഉള്ള മറുപടിയെന്ന് ജോഷി പറയുന്നു.
“ബാങ്കിനെ സമീപിച്ചപ്പോള്‍ മാനേജര്‍ എന്നോട് പറഞ്ഞത് കഴിവുണ്ടെങ്കില്‍ കേസ് കൊടുത്തോളൂ എന്നാണ്, ഒരു സഖാവും പറഞ്ഞത് ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ കേസ് കൊടുക്കാനാണ്. ഒടുവില്‍ ഹൈക്കോടതിയെ സമീപിച്ചു. അപ്പോള്‍ ഹൈക്കോടതി പറഞ്ഞത് ഇത് സഹകരണ ബാങ്കായതിനാല്‍ ഇതിനെതിരെ വിധി പറഞ്ഞാല്‍ കേസിന്റെ പ്രളയമായിരിക്കും എന്നാണ്. ” – ജോഷി പറഞ്ഞു.
ഇഡിയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ജോഷി പറയുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം ആദ്യഘട്ട കുറ്റപത്രം ഇഡി സമര്‍പ്പിച്ചു. 50 പ്രതികളെയും അഞ്ച് സ്ഥാപനങ്ങളെയുമാണ് ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12,000 പേജുള്ള കുറ്റപത്രം ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേക കോടതിയിലാണ സമര്‍പ്പിച്ചത്.
90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി എന്നാണ് ഇഡി വ്യക്തമാക്കുന്നത്. കേസില്‍ ഉന്നത ബന്ധത്തിലും അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു. കേസ് അന്വേഷണത്തിനിടെ ഇതുവരെയായി 87.75 കോടിയുടെ സ്വത്ത് ആണ് ഇഡി കണ്ടുകെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: