കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വന്‍ കടക്കെണിയിലുമാണെന്നു കാണിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കോടതിയുടെ രൂക്ഷവിമര്‍ശനം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. കേരള ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനെതിരെ നിക്ഷേപകര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാരിനെ കോടതി കടിച്ചുകുടഞ്ഞത്. സര്‍ക്കാര്‍ ഗ്യാരന്റിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കാനാവില്ലെന്നും, കെഎസ്ആര്‍ടിസിയുടെ സ്വത്ത് വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കണമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് തികഞ്ഞ നിരുത്തരവാദിത്വമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, നിക്ഷേപകന്റെ പണത്തിന് സര്‍ക്കാര്‍ ഗ്യാരന്റിയുണ്ടോയെന്ന് വ്യക്തമാക്കി വീണ്ടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കെഎസ്ആര്‍ടിസിയും കെടിഡിഎഫ്സിയും തമ്മിലെ തര്‍ക്കത്തില്‍ നിക്ഷേപകര്‍ എന്തിന് സഹിക്കണം എന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടിയൊന്നും പറയുന്നില്ല. കെഎസ്ആര്‍ടിസിയുടെ വസ്തു വിറ്റ് കടം വീട്ടട്ടെയെന്ന സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ഓഹരി വിറ്റഴിക്കുന്നതിനെതിരെ വര്‍ഷങ്ങളായി കോലാഹലമുണ്ടാക്കുന്നവരാണ് കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയുടെ സ്വത്ത് വിറ്റു തുലയ്ക്കാന്‍ കളമൊരുക്കുന്നത്. ആയിരക്കണക്കിനു കോടി വിലമതിക്കുന്ന സ്വത്ത് വിറ്റ് കമ്മീഷനടിക്കുകയെന്ന ദുഷ്ടലാക്കും ഇതിനു പിന്നിലുണ്ട്.
സംസ്ഥാനം സാമ്പത്തിക തകര്‍ച്ചയിലാണെന്ന സര്‍ക്കാരിന്റെ നിലപാട് കേരളത്തെ താഴ്ത്തിക്കെട്ടുന്നതാണെന്നും, നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടാത്ത സാഹചര്യമാണെങ്കില്‍ ആരാണ് കേരളത്തില്‍ മുതല്‍മുടക്കാന്‍ വരുന്നതെന്നും കോടതി ചോദിച്ചതിന് സര്‍ക്കാര്‍ മറുപടി പറയണം. അഴിമതിക്കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമ്പോഴും, ഭീകരവാദത്തിനെതിരെ നടപടിയെടുക്കുമ്പോഴും, തുടര്‍ക്കഥയാവുന്ന കൊലപാതകങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും പറയുമ്പോഴും കേരളത്തെ താഴ്ത്തിക്കെട്ടുകയാണെന്ന് മുറവിളി കൂട്ടുന്നവരാണ് ഇപ്പോള്‍ സ്വന്തം നിലയ്ക്ക് കോടതിയില്‍ വന്ന് സംസ്ഥാനത്തെ അപമാനിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സാമ്പത്തികാടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നു കോടതി വ്യക്തമാക്കിയത് സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്. സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിനെതിരാവുമെന്ന് മനസ്സിലാക്കാതെയാണ് ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് കോടതി അഭിപ്രായപ്പെട്ടത് പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതി ശരിയായി മനസ്സിലാക്കാതെയാണ്. സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കണമെന്ന യാതൊരു നിര്‍ബന്ധബുദ്ധിയും ഇല്ലാത്ത ഒരു ഭരണസംവിധാനമാണിത്. കഴിയാവുന്നത്രയും കടം വാങ്ങുക, അതിന് അനുവദിക്കാതിരുന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുക, വിവിധ പദ്ധതികളുടെ പേരില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തുക, വന്‍ പരിപാടികള്‍ സംഘടിപ്പിച്ച് പാര്‍ട്ടിക്കാരിലേക്കും സഹയാത്രികരിലേക്കും പണം വഴിതിരിച്ചുവിടുക. ഇതാണ് ഏഴ് വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം സാമ്പത്തിക കൊള്ളയ്ക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന, ഇതിനായി എന്തു നുണപറയാനും മടിക്കാത്ത ധനമന്ത്രിയാണ് ഇപ്പോഴുള്ളത്.
എന്നും ഒന്നാമത് എന്ന അവകാശവാദമുയര്‍ത്തി കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് കേരളീയം പോലുള്ള ആര്‍ഭാടങ്ങള്‍ സംഘടിപ്പിക്കുമ്പോഴാണ് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കടക്കെണിയിലാണെന്നും സര്‍ക്കാര്‍ ഏറ്റുപറയുന്നത്. ലജ്ജ എന്നൊരു വികാരം ഇല്ലാതായിരിക്കുന്ന ഭരണാധികാരികള്‍ക്ക് ഇതിലെ വൈരുദ്ധ്യം ഒരു പ്രശ്നമായി തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തുള്ളത് സാമ്പത്തിക പ്രതിസന്ധിയല്ല, സാമ്പത്തിക അരാജകത്വമാണ്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കും യാത്രയ്ക്കും താമസസൗകര്യത്തിനുമൊക്കെ അനാവശ്യമായി നികുതിപ്പണം ധൂര്‍ത്തടിക്കുമ്പോള്‍ സര്‍വീസ് പെന്‍ഷനുകളും ക്ഷേമപെന്‍ഷനുകളും മുടങ്ങുന്നു. സംസ്ഥാന വിഹിതം നല്‍കാത്തതിനെതുടര്‍ന്ന് സ്കൂളുകളിലെ ഉച്ചക്കഞ്ഞി നല്കാനാവുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലാതെ ചികിത്സ മുടങ്ങുന്നു. തൊഴിലുറപ്പുകാര്‍ക്കുപോലും കൂലി നല്കാനാവുന്നില്ല. സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോയില്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് കോടിക്കണക്കിന് രൂപയുടെ കുടിശികയാണ്. എന്നിട്ടും കുപ്രചാരണത്തിലൂടെയും വര്‍ഗീയധ്രുവീകരണത്തിലൂടെയും രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ ഒരു പ്രശ്നവും പരിഹരിക്കണമെന്ന ആത്മാര്‍ത്ഥത മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രിമാര്‍ക്കോ ഇല്ല. അധികാരത്തില്‍ തുടര്‍ന്ന് അഴിമതി നടത്തുക, ഇതിനകം നടത്തിയ അഴിമതികളില്‍ പിടിക്കപ്പെടാതെ നോക്കുക. ഇതുമാത്രമാണ് ചിന്ത. ഭരണഘടനയും നിയമവും രാഷ്ട്രീയ സദാചാരവുമൊന്നും ഇക്കൂട്ടര്‍ കണക്കിലെടുക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: