മുംബൈ: ഏഴാം മത്സരത്തിന് ഭാരതം ഇന്ന് ശ്രീലങ്കയ്ക്കെതിരെ. ഇന്നത്തെ കളി ജയിച്ചാല്‍ മറ്റ് മത്സരങ്ങളെയൊന്നും ആശ്രയിക്കാതെ ഭാരതത്തിന് സെമി ഉറപ്പിക്കാം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം.
കളിച്ച ആറ് കളികളിലും ജയിച്ച് ഭാരതം സെമി ബെര്‍ത്ത് ഏറെക്കുറേ ഉറപ്പിച്ചിരിക്കുകയാണ്. നിലവില്‍ 12 പോയിന്റുകളുണ്ട്. ഇന്നത്തെ കളി ജയിച്ചാല്‍ മറ്റ് മത്സരങ്ങളെ ഒന്നും ആശ്രയിക്കാതെ നേരിട്ട് സെമി ഉറപ്പിക്കാം. ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കെതിരെ നടക്കാനിരിക്കുന്ന ഭാരതത്തിന്റെ അവസാന രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ജയിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല. മറിച്ചായാല്‍ അടുത്ത ദിവസം നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് തോല്ക്കാന് കാത്തിരിക്കേണ്ടിവരും. അഫ്ഗാന് തോറ്റുകഴിഞ്ഞാല്‍ പിന്നെ ഭാരതത്തിന് മറ്റ് വെല്ലുവിളികളൊന്നുമില്ല. അതും സംഭവിച്ചില്ലെങ്കില്‍ അടുത്ത രണ്ട് മത്സരങ്ങളില്‍ ഒന്ന് ജയിക്കേണ്ടിവരും. അഫ്ഗാനിസ്ഥാന് അടുത്ത മൂന്ന് കളികളിലും ജയിച്ചാല്‍ 12 പോയിന്റാകും. ജയത്തോടെ വേഗത്തിലുള്ള സെമി പ്രവേശത്തിനാണ് രോഹിത്ത് ശര്‍മ്മയും കൂട്ടരും ഇന്ന് ഇറങ്ങുക.
ഇരുടീമുകളും ഒടുവില്‍ ഏറ്റുമുട്ടിയത്. ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിലാണ്. അന്ന് ശ്രീലങ്കയില്‍ നടന്ന മത്സരത്തില്‍ വെറും 51 റണ്‍സിന് അവരെ ഓള്‍ഔട്ടാക്കി ഭാരതം പത്ത് വിക്കറ്റ് വിജയം നേടിയിരുന്നു. 263 പന്തുകള്‍ ബാക്കിനില്‍ക്കെ ജയിച്ചുകൊണ്ടാണ് അന്ന് ഭാരതം കിരീടം നേടിയത്. ഇരുവരും ഏറ്റുമുട്ടിയ അവസാനത്തെ അഞ്ച് കളികളിലും ഭാരതം ഗംഭീര വിജയങ്ങളാണ് കരസ്ഥമാക്കിയത്. ഏഷ്യാകപ്പ് ഫൈനലിന് മുമ്പ് സൂപ്പര്‍ ഫോറില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഭാരതം 41 രണ്‍സിന് ജയിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ലങ്ക ഭാരത പര്യടനത്തിനെത്തിയപ്പോഴും അവര്‍ക്കെതിരെ 3-0ന്റെ ആധിപത്യത്തോടെയാണ് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയത്.
കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടതോടെ ശ്രീലങ്കയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചു. ഇനിയൊരു ജീവന് മരണ പോരാട്ടത്തിന് പോലും ടീമിന് അവസരമില്ല. കൂടുതല്‍ പരിതാപകരമായ നിലയിലേക്കെത്തിക്കാതെ ടൂര്‍ണമെന്റ് പ്രകടനം പൂര്‍ത്തിയാക്കാം എന്ന പ്രതീക്ഷ മാത്രമേ കുസാല്‍ മെന്‍ഡിസിനും സംഘത്തിനും മുന്നില്‍ അവശേഷിക്കുന്നുള്ളൂ. ഇതുവരെ കളിച്ച ആറെണ്ണത്തില്‍ ഇംഗ്ലണ്ടിനെയും ബംഗ്ലാദേശിനെയും മാത്രമാണ് ടീമിന് തോല്‍പ്പിക്കാന്‍ സാധിച്ചത്. അട്ടിമറി ശീലമാക്കിയ അഫ്ഗാനിസ്ഥാനോട് കഴിഞ്ഞ കളിയില്‍ പരാജയപ്പെടാന്‍ ശ്രീലങ്കയ്ക്കായിരുന്നു നിയോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: