ഗാസ: ഇസ്രയേല്‍ അതിര്‍ത്തി മുറിച്ച് കടന്ന് ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച നേതാവ് കമാന്‍ഡര്‍ ഇബ്രാഹിം ബിയറിയെ വധിച്ചതായി ഇസ്രയേല്‍ സേന അറിയിച്ചു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ എക്സ് സമൂഹമാധ്യമപേജിലാണ് അറിയിപ്പ് വന്നത്.
ഗാസയിലെ ജബേലിയയിലുള്ള ഹമാസിന്റെ കേന്ദ്രം ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ നശിപ്പിച്ചു. ആക്രമണത്തില്‍ ഇബ്രാഹിം ബിയറിയോടൊപ്പം മറ്റ് ഏതാനും തീവ്രവാദികള്‍ കൂടി കൊല്ലപ്പെട്ടു.
ബോംബാക്രമണത്തില്‍ ഭൂമിക്കടിയിലുള്ള ചില ഹമാസ് കേന്ദ്രങ്ങളും തകര്‍ന്നതായി ഇസ്രയേല്‍ സേന അറിയിച്ചു. ആക്രമണത്തിന് മുന്‍പ് ഈ പ്രദേശത്തുള്ള ജനങ്ങളോട് സുരക്ഷിതമായ തെക്കന്‍ പ്രദേശത്തേക്ക് ഒഴിഞ്ഞുപോകാന്‍ താക്കീത് നല്‍കിയിരുന്നതായും ഇസ്രയേല്‍ സേന അറിയിച്ചു.
മധ്യ ജബാലിയ കേന്ദ്രീകരിച്ചുള്ള ഹമാസ് യൂണിറ്റിന്റെ മേധാവിയാണ് ഇബ്രാഹിം ബിയറി. ഗാസ സ്ട്രിപ്പിലെ ജബാലിയ അഭയാര്‍ത്ഥി കേന്ദ്രത്തിലാണ് ഈ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തി കടന്നു ചെന്ന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും ഉള്‍പ്പെടെ 1400 ഇസ്രയേല്‍ പൗരന്മാരെ വെടിവെച്ച് കൊല്ലുകയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസ് ആക്രമണത്തിന് ഉത്തരവിട്ടത് ഇബ്രാഹിം ബിയറി ആണെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഇസ്രയേല്‍ കരവഴി ഗാസ സ്ട്രിപ്പില്‍ ആക്രമണം നടത്തിയപ്പോള്‍ അതിനെ ചെറുക്കാനുള്ള ഹമാസ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഇബ്രാഹിം ബിയറി ആണെന്നും ഇസ്രയേല്‍ സേന പറയുന്നു.
ഇസ്രയേല്‍ രഹസ്യപ്പൊലീസിന്റെ കണ്ണുവെട്ടിച്ച ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം
ഇസ്രയേല്‍ സുരക്ഷാസേനയുടെയും രഹസ്യാന്വേഷണസംഘത്തിന്റെയും കണ്ണുവെട്ടിച്ച് നടത്തിയ ഹമാസ് ആക്രമണം ലോകത്തെയാകെ ഞെട്ടിച്ച ഒന്നായിരുന്നു. ഇരുളിന്റെ മറവില്‍ പുലര്‍ച്ചെയാണ് കരവഴി ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ അതിര്‍ത്തി മുറിച്ച് കടന്നത്. ഒരു സംഗീതപരിപാടി നടക്കുന്നിടത്തേക്ക് ഇരച്ചുകയറി കണ്ണില്‍കണ്ടവരെയെല്ലാം വെടിവെച്ചു കൊല്ലുകയായിരുന്നു ഹമാസ് തീവ്രവാദികള്‍. അതില്‍ കുട്ടികളും സ്ത്രീകളുമുണ്ടായിരുന്നു. ഈ ആക്രമണം പിഴവില്ലാതെ ആസൂത്രണം ചെയ്ത ഹമാസ് ബുദ്ധികേന്ദ്രമായാണ് ഇബ്രാഹിം ബിയറി അറിയപ്പെടുന്നത് ഇതുവരെ യുദ്ധങ്ങള്‍ പലസ്തീന് മണ്ണില്‍ മാത്രമേ നടന്നിരുന്നുള്ളൂ. ആദ്യമായി ഇസ്രയേല്‍ മണ്ണില്‍ ഒരു ആക്രമണം അതിവിഗ്ധമായി നടത്തിയതിന്റെ പേരും ഇബ്രാഹിം ബിയറിക്ക് അവകാശപ്പെട്ടതാണ്. ഗാസയ്ക്കടുത്ത് ഭൂമിയ്ക്കടിയിലുള്ള മതിലും ആര്‍ക്കും മുറിച്ചുകടക്കാനാവാത്ത ആധുനികമായ അതിര്‍ത്തിവേലിയും ഇസ്രയേലിന്റെ അഭിമാനമായിരുന്നു. അതാണ് ഇബ്രാഹിം ബിയറിയുടെ ബുദ്ധി മുറിച്ച് കടന്നത്. പാരാ ഗ്ലൈഡുപയോഗിച്ചും മെഡിറ്ററേനിയന്‍ കടല്‍ വഴിയും ഇരുളിന്റെ മറവിലാണ് ഏകദേശം ഇസ്രയേലിലെ രണ്ട് ഡസന്‍ കേന്ദ്രങ്ങളില്‍ ഹമാസ് തീവ്രവാദിസംഘങ്ങള്‍ ചെന്നിറങ്ങിയത്.ഗാസയിലെ ഫോണ്‍വിളി വരെ ഇസ്രയേലിനറിയാം എന്ന് പറയാറുണ്ട്. എന്നാല്‍ ഈ വലിയ ആക്രമണം ആരും അറിഞ്ഞില്ല. ഇസ്രയേലിന്റെ ആധുനിക പ്രതിരോധസംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് ആയിരക്കണക്കിന് റോക്കറ്റുകള്‍ ഒന്നടങ്കം ഹമാസ് എയ്തിരുന്നു.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ആക്രമണം നടത്താനുള്ള ആസൂത്രണവും അതിന്റെ പ്രായോഗികമായ നടത്തിപ്പും നിര്‍വ്വഹിച്ചത് ഇബ്രാഹി ബിയറി ആണെന്ന് ഇസ്രയേല്‍ സേന വക്താവ് ലഫ്. കേണല്‍ ജോനാഥന് കോണ്‍റികസ് പറഞ്ഞു.
13 ഇസ്രയേലികളെ കൊല ചെയ്ത അഷോദ് തുറമുഖത്തിലെ 2004ലെ ആക്രമണത്തിന് ഹമാസ് തീവ്രവാദികളെ അയച്ചതും ബിയറി തന്നെയാണെന്നും ഇസ്രയേല്‍ സേന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: