ന്യൂദല്‍ഹി : തങ്ങളുടെ ഫോണുകള്‍ ചോര്‍ത്താന്‍ ശ്രമമുണ്ടെന്ന് ആപ്പിള്‍ കമ്പനിയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
ഈ വിഷയത്തില്‍ കേന്ദ്രത്തിന് ആശങ്കയുണ്ടെന്നും വിശദമായ അന്വേഷണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ വിഷയത്തിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ശീലമുള്ള ചില നിര്‍ബന്ധിത വിമര്‍ശകര്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ പൗരന്മാരുടെയും സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സാമൂഹ്യ മാധ്യമ പോസ്റ്റില്‍ അശ്വിനി വൈഷ്ണവ് പറഞ്ഞു. അധികാര കേന്ദ്രങ്ങള്‍ ഫോണ്‍ ചോര്‍ത്താന്‍ ശ്രമിച്ചതിന് യഥാര്‍ത്ഥവും കൃത്യവുമായ തെളിവുകളുമായി അന്വേഷണത്തില്‍ സഹകരിക്കാന്‍ സര്‍ക്കാര്‍ ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ ഇപ്പോള്‍ ആപ്പിള്‍ നല്കിയ വിവരങ്ങള്‍ അവ്യക്തമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ അറിയിപ്പുകള് അപൂര്‍ണമായ വിവരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കാമെന്ന് ആപ്പിള്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: