തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത് തീവ്ര ചിന്താഗതിക്കാരെ സഹായിക്കാനുള്ള ഗൂഢലക്ഷ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ് ഇക്കാര്യത്തിൽ പ്രകടമായിരിക്കുന്നതെന്നും ഇതിനെ ശക്തമായി അപലപിക്കുന്നെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറത്ത് ഹമാസ് തീവ്രവാദികളെ വിളിച്ച് റാലി നടത്തിയവർക്കെതിരെ കേസ് എടുക്കാൻ കഴിയില്ലെന്നാണ് സർക്കാർ പറയുന്നത്. അതേസമയം അതിനെതിരെ സംസാരിച്ചയാൾക്കെതിരെ കേസ് എടുക്കുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വർഗ്ഗീയ ശക്തികളെ പ്രോത്സാഹിപ്പാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം മുൻപിൽ കണ്ടുള്ള ഹീനമായ നടപടിയാണ് ഇത്.
ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പിണറായി വിജയൻ നടപ്പിലാക്കുന്ന വർഗ്ഗീയ പ്രീണനം രാജ്യത്തെ എതിർക്കുന്നവരെ സന്തോഷിപ്പിക്കാനാണ്. ഹമാസിന്റെ തലവൻ മലപ്പുറത്തെ റാലിയിൽ പറഞ്ഞത് ഹിന്ദുത്വവാദികളെ കുഴിച്ചുമൂടും എന്നാണ്. ഇതിൽ കേസ് എടുക്കാൻ പോലീസിന് കഴിയുന്നില്ല. കളമശ്ശേരിയിലേത് ഭീകരാരക്രമണം ആണെന്ന് പരസ്യമായി പറഞ്ഞ എം.വി ഗോവിന്ദനെതിരെ പോലീസ് കേസ് എടുക്കുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
കളമശേരി കൺവൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153എ എന്നീ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: