തൃശ്ശൂര്‍: ആര്‍. ഹരിയുടെ വിയോഗം സംഘത്തിനു മാത്രമല്ല സമൂഹത്തിനാകെ വലിയ നഷ്ടമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തിരുവില്വാമല പാമ്പാടിയിലെ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ ജീവിതം ആയിരക്കണക്കിനാളുകള്‍ക്ക് പ്രചോദനവും മാതൃകയുമാണ്. സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് എന്ന ചുമതലയിലായിരിക്കുമ്പോള്‍ രാജ്യമാകെ മുക്കിലും മൂലയിലുമെത്തി, ലക്ഷക്കണക്കിനു പ്രവര്‍ത്തകരുമായി ഇടപെട്ടു. അവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ ജീവിതവും മാര്‍ഗ നിര്‍ദേശങ്ങളും പ്രേരണയായിരുന്നു.
അവസാന നാളുകള്‍ വരെ എഴുത്തിലും വായനയിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആര്‍. ഹരി അവസാന നിമിഷവും മാനസികമായി പൂര്‍ണ ആരോഗ്യവാനായിരുന്നു. സ്വയംസേവകന്‍, പ്രചാരകന്‍ എന്നീ നിലകളിലും അദ്ദേഹം മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തിയും ജീവിതവും വലിയ പാഠങ്ങളാണ്. വിഷമകരമായ സാഹചര്യങ്ങളെപ്പോലും എങ്ങനെയാണ് സമചിത്തതയോടെ മറികടക്കേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. ഭഗവദ്ഗീതയില്‍ പറയുന്നതുപോലെ നിര്‍മമതയോടെ ജീവിതത്തെ സമീപിക്കുകയും പൂര്‍ണാര്‍ഥത്തില്‍ ജീവിക്കുകയും ചെയ്ത മഹാനായിരുന്നു ആര്‍. ഹരി, മോഹന്‍ ഭാഗവത് തുടര്‍ന്നു.
ആശയ സാഗരങ്ങളെ ലളിത സുന്ദര പദങ്ങളുടെ ചിമിഴിലൊതുക്കി ലോകത്തിനു സമ്മാനിച്ച ആര്‍. ഹരി ഇനി ഓര്‍മ. ഭൗതിക ശരീരം നിളാ തീരത്തെ തിരുവില്വാമല പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. തലമുറകള്‍ക്കു പ്രേരണയായ സംഘഭരിതജീവിതത്തിന് അന്ത്യയാത്രാ മൊഴി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അന്തിമോപചാരം അര്‍പ്പിച്ചു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, കേരള ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് എന്നിവരും ആദരാഞ്ജലികളര്‍പ്പിച്ചു.
ആര്‍എസ്എസ് സംസ്ഥാന കാര്യാലയമായ എറണാകുളം എളമക്കര മാധവ നിവാസില്‍ നിന്ന് ഇന്നലെ രാവിലെ ആറോടെയാണ് ഹരിയേട്ടന്റെ ഭൗതിക ദേഹവും വഹിച്ച വാഹനം മായന്നൂര്‍ തണല്‍ ബാലാശ്രമത്തിലേക്കു പുറപ്പെട്ടത്.
എട്ടരയോടെ തണലില്‍. പതിനൊന്നു വരെ പൊതുദര്‍ശനം. പ്രിയപ്പെട്ട ഹരിയേട്ടനെ ഒരുനോക്കു കാണാനും ആദരാഞ്ജലിയര്‍പ്പിക്കാനും ആയിരങ്ങള്‍ തണലിലെത്തി. പിന്നീട് പൊതുദര്‍ശനം പൂര്‍ത്തിയാക്കി പാമ്പാടി ഐവര്‍ മഠത്തിലേക്കു കൊണ്ടുപോയി.
പഞ്ചാക്ഷരീമന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ജയകുമാര്‍, ആര്‍. ഹരിയുടെ കുടംബാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ചിതയ്‌ക്കു തീ കൊളുത്തി.
ജാതി, മത ഭേദമില്ലാത്ത പൊതുശ്മശാനത്തിലാകണം സംസ്‌കാരമെന്നും മറ്റ് ഔപചാരിക ചടങ്ങുകള്‍ പാടില്ലെന്നുമുള്ള അദ്ദേഹത്തിന്റെ താത്പര്യമനുസരിച്ചായിരുന്നു ചടങ്ങുകള്‍. ഞായറാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: