പൂനെ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 7 വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 49.3 ഓവറില്‍ 241 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഫ്ഗാനിസ്ഥാന് 242 റണ്‍സെടുത്ത ലക്ഷ്യം മറികടന്നു.
ലോകകപ്പില്‍ അഫ്ഗാന്റെ മൂന്നാം വിജയമാണിത്. ഇതോടെ ആറ് കളികളില്‍ നിന്ന് 6 പോയിന്റുമായി അഫ്ഗാനിസ്ഥാന് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
ശ്രീലങ്കന്‍ നിരയില്‍ 46 റണ്‍സെടുത്ത പനതും നിസംഗയാണ് ടോപ് സ്കോറര്‍. കുശാല്‍ മെന്‍ഡിസ് (39), സദീര സമരവിക്രമ (36), മഹീഷ് തീക്ഷ്ണ (29), എയ്ഞ്ചലോ മാത്യൂസ് (23), ചരിത് അസലന്‍ക (22) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ലങ്ക ഉയര്‍ത്തിയ 242 റണ്‍സ് ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് അസ്മതുള്ള ഒമര്‍സെയ് (പുറത്താകാതെ 73), നായകന് ഹഷ്മതുള്ള ഷാഹിദി (പുറത്താകാതെ 58), റഹ്മത്ത് ഷാ (62), ഇബ്രാഹിം സദ്രാന് (39) എന്നിവരുടെ കരുത്തിലാണ് വിജയം സ്വന്തമാക്കിയത്. റഹ്മാനുള്ള ഗുര്‍ബാസ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. അക്കൗണ്ട് തുറക്കും മുന്‍പ് ആദ്യ വിക്കറ്റ് അഫ്ഗാന് നഷ്ടമായെങ്കിലും അവരെ പ്രതിരോധത്തിലാക്കാന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്കായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കലയ്ക്ക് മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാരായ പതും നിസംഗയ്ക്കും ദിമുത് കരുണരത്നെക്കും കഴിഞ്ഞില്ല. സ്കോര്‍ 22-ല്‍ നില്‍ക്കേ ആദ്യ വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. 21 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത കരുണരത്നയെ ഫസല്‍ഹഖ് ഫാറൂഖി വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ നിസംഗയും നായകന് കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. എന്നാല്‍ സ്കോര്‍ബോര്‍ഡില്‍ 84 റണ്‍സായപ്പോള്‍ 60 പന്തില്‍ നിന്ന് അഞ്ച് ഫോറുകളുടെ സഹായത്തോടെ 46 റണ്‍സെടുത്ത നിസംഗയെ അസ്മത്തുള്ളയുടെ പന്തില്‍ റഹ്മാനുള്ള ഗുര്‍ബാസ് പിടികൂടി. പിന്നീട് സമരവിക്രമയെ കൂട്ടുപിടിച്ച് കുശാല്‍ മെന്‍ഡിസ് സ്കോര്‍ 134-ല്‍ എത്തിച്ചു. ഇതേ സ്കോറില്‍ നില്‍ക്കേ 50 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത മെന്‍ഡിസിനെ മുജീബ് റഹ്മാന്റെ പന്തില്‍ പകരക്കാരനായി ഇറങ്ങിയ നജിബുള്ള സദ്രാന് പിടികൂടി. അഞ്ച് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 40 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത സമരവിക്രമയും മടങ്ങി. മുജീബ് ഉര് റഹ്മാന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നീട് മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ലങ്കന്‍ ബാറ്റിങ് നിരയ്ക്ക് കഴിഞ്ഞില്ല. സ്കോര്‍ 167-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത ധനഞ്ജയ ഡിസസില്‍വയെ റഷിദ് ഖാന് ബൗള്‍ഡാക്കി. അധികം കഴിയും മുന്നേ 28 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ചരിത് അസലങ്കയെ ഫസല്‍ഹഖ് ഫറൂഖിയുടെ പന്തില്‍ റഷിദ് ഖാന് പിടികൂടി. ഇതോടെ ലങ്ക ആറിന് 180 എന്ന നിലയിലായി. തുടര്‍ന്നെത്തിയ ദുഷ്മന്ത ചമീര (1), മഹീഷ് തീക്ഷ്ണ (31 പന്തില്‍ 29), എയ്്ഞ്ചലോ മാത്യൂസ് (26 പന്തില്‍ 23), കസുന്‍ രജിത (5) എന്നിവരും പുറത്തായതോടെ 49.3 ഓവറില്‍ 241 റണ്‍സിന് ലങ്കന്‍ ഇന്നിങ്സ് അവസാനിച്ചു.
നാല് വിക്കറ്റ് വീഴ്ത്തിയ ഫസല്‍ഹഖ് ഫറൂഖി അഫ്ഗാനായി ബൗളിങ്ങില്‍ തിളങ്ങി. മുജീബ് ഉര് റഹ്മാന് രണ്ട് വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: