തിരുവനന്തപുരം: ഹരിയേട്ടനെ ഞാന്‍ നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും 1975 ല്‍ കോഴിക്കോട്ട് നടന്ന ആര്‍എസ്എസ് ക്യാമ്പിലാണ്. സാമൂതിരി ഹൈസ്‌കൂളില്‍ നടന്ന ഒരു മാസം നീണ്ട ക്യാമ്പിലുടനീളം എന്നെ ‘കുഞ്ഞിരാമന്‍’ എന്നാണദ്ദേഹം വിളിച്ചിരുന്നത്. അതിനുശേഷം ഞാനത് തിരുത്താന്‍ ശ്രമിച്ചെങ്കിലും പിന്നീടാശ്രമം ഉപേക്ഷിച്ചു. ക്യാമ്പ് കഴിഞ്ഞ് ഞാന്‍ കാസര്‍കോട്ടേക്കാണ് പോയത്. അവിടെ ജനസംഘത്തിന്റെ മുഴുസമയ പ്രവര്‍ത്തകനായി. കാസര്‍കോട് താലൂക്ക് ആര്‍എസ്എസ് കാര്യങ്ങള്‍ നോക്കിയിരുന്നത് കര്‍ണാടകയാണ്. ഒരുമാസത്തിനകം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഭാരതത്തില്‍ തന്നെ അടിയന്തരാവസ്ഥയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ പേര്‍ സമരരംഗത്തിറങ്ങിയത് കാസര്‍കോട് താലൂക്കിലാണ്. 1975 നവംബര്‍ 14 നാണ് സമരം തുടങ്ങിയത്. അതിനുശേഷമാണ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കാസര്‍കോട്ടേക്ക് എത്തുന്നത്. അടിയന്തരാവസ്ഥയ്‌ക്കെതിരെ അച്ചടിച്ചിരുന്ന ‘കുരുക്ഷേത്ര’ എന്ന പത്രപംക്തിക്കുള്ള അച്ചടി മാറ്ററുമായാണ് ഹരിയേട്ടന്‍ കാസര്‍കോട്ടെത്തുന്നത്. പി
ന്നീട് ആ ചുമതല മറ്റൊരാള്‍ക്കായി.
അടിയന്തരാവസ്ഥ കഴിഞ്ഞ് ഞാന്‍ കണ്ണൂരിലേക്ക് മടങ്ങി. കണ്ണൂരില്‍ ജന്മഭൂമിയുടെ ലേഖകനും പ്രസ് ക്ലബ് സെക്രട്ടറിയുമൊക്കെയായി കഴിയവെ തിരുവനന്തപുരത്ത് ജന്മഭൂമി ചുമതല വഹിക്കാന്‍ നിര്‍ബന്ധിച്ചത് കെ.ജി. മാരാര്‍ജിയാണ്. ആദ്യമൊക്കെ ഞാനത് നിരസിച്ചു. പേരാവൂരിലും കണ്ണൂരിലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചശേഷം മാരാര്‍ജി വീണ്ടും വീണ്ടും തിരുവനന്തപുരം യാത്ര സൂചിപ്പിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ 1986 ഒടുവില്‍ കണ്ണൂരില്‍ ചിറക്കലില്‍ നടന്ന ആര്‍എസ്എസ് ജില്ലാ ബൈഠക്കിലേക്ക് എനിക്കും ക്ഷണം ഉണ്ടായി. ആ ബൈഠക്കില്‍ പങ്കെടുക്കാന്‍ ഹരിയേട്ടനുമുണ്ടായിരുന്നു. ‘കുഞ്ഞിക്കണ്ണനോട് ഒരുകാര്യം പറയാനാണ് ഞാനെത്തിയതെന്ന ആമുഖത്തോടെ ഹരിയേട്ടന്‍ കാര്യം പറഞ്ഞു. ഞാന്‍ വിഷമങ്ങളൊക്കെ നിരത്തി. എല്ലാം ശരിയാക്കാം. കുഞ്ഞിക്കണ്ണന്‍ തിരുവനന്തപുരത്തേക്ക് വന്നേ പറ്റൂ’ എന്ന നിര്‍ബന്ധമായി. ഏതായാലും ഇലക്ഷന്‍ കഴിഞ്ഞ് പോകാമെന്ന് ഏറ്റു. അങ്ങിനെയാണ് 1987 ജൂലായില്‍ ഞാന്‍ തിരുവനന്തപുരത്തെത്തുന്നത്.
എറണാകുളത്തും തിരുവനന്തപുരത്തും ഞാന്‍ ജോലി ചെയ്യുമ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ആശയപരമായ അടിത്തറ വികസിപ്പിക്കുകയും ചെയ്തത് ഹരിയേട്ടനാണ്. പേരുവച്ചും വയ്‌ക്കാതെയുമുള്ള എന്റെ ലേഖനങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ ശ്രദ്ധിച്ചിരുന്ന ഹരിയേട്ടന്‍ മൂന്നു വര്‍ഷം മുമ്പാണ് എനിക്ക് തമിഴിലെ ഒരു പഴഞ്ചൊല്ല് പറഞ്ഞുതന്നത്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ആശയവിനിമയം നടത്തുകയും തെറ്റുകള്‍ സ്‌നേഹപൂര്‍വം ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന സ്‌നേഹനിധിയാണ് ഹരിയേട്ടന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: